അഞ്ജന വർണ്ണമായ ആ പാറകളിലേക്ക് നോക്കി ഷൈലജ ഇരുന്നു.
ഏതൊരു ശില്പ്പിക്കും മനോഹരമായ ശില്പങ്ങൾ പണിയണമെങ്കിൽ അതിനനുകൂലമായ ശിലകൾ വേണമെന്ന് ആരാണ് പറഞ്ഞത്.
ഏത് ശിലയിലും മനോഹരമായ ശില്പങ്ങൾ ഉണ്ടാക്കാം എന്ന് അവർക്ക് കാണിച്ചു കൊടുക്കണം.
അത് ശില്പിയുടെ വൈഭവമാണ്.ഇന്നുവരെ അവരെല്ലാം ഉണ്ടാക്കിയ ശില്പങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാകണം.
ഇന്ദ്രനീലിമയാർന്ന ഈ ശില തന്നെ ദുർബലവും പരുപരുത്തതും ആണ് .എങ്കിലും അത് തൻറെ ഒരു നിമിത്തമായാണ് എനിക്കിപ്പോൾ തോന്നുന്നത്.
ശ്രീകോവിലിൽ ഈശ്വരൻ ആയിരിക്കുന്ന അതേ ശില തന്നെയാണ് ചവിട്ടുപടികൾ ആയി സകലരുടെയും പാദ സ്പർശനം മാത്രം സഹിച്ച് ഇരിക്കുന്നത്.തൻറെ ഒരു ഭാഗം ആരാധനകളും അഭിഷേകങ്ങളും ഏറ്റു സന്തോഷിക്കുമ്പോൾ മറ്റൊരു ഭാഗം ചവിട്ടും തുപ്പും ഏറ്റ് കിടക്കുന്നതിൽ ആ മാതൃശില വേദനിക്കുന്നുണ്ട് ഉണ്ടാകണം..
ജന്മംകൊണ്ട് ഒന്നും തന്നെ ശ്രേഷ്ഠമാകുന്നില്ലെന്ന് ഈ ശിലകൾ നമ്മളെ ഓർമിപ്പിക്കുന്നുണ്ടെന്ന് എത്രയോ ആവർത്തി അവൾ പറഞ്ഞു കൊണ്ടേയിരുന്നു.
ആരു ചെവിക്കൊള്ളാൻ.
ഈ കാണുന്ന ശിലയിലെ രൂപപ്പെട്ടു വരുന്ന ശില്പങ്ങൾക്ക് ജീവൻ തുടിക്കുന്നുണ്ടോ എന്നതാണ് ശില്പിയുടെ വൈഭവം എന്ന് ആവർത്തിക്കേണ്ടി വരുന്നതിൽ ശൈലജ നിരാശപ്പെട്ടു.
എങ്കിലും ജീവൻ തുടിക്കുന്ന ശില്പങ്ങൾ ഇനിയും ഈ കൈകളിൽ നിന്ന് സൃഷ്ടിക്കപ്പെടും എന്ന് ഉറച്ച തീരുമാനത്തിൽ അവൾ വീണ്ടും ഉളിയും ചുറ്റുകയും എടുത്തു. അവനവൻറെ വിധിയെ പ്രപഞ്ചശക്തി സ്വാധീനിക്കും.
അത് പരസ്പരം അംഗീകരിക്കാൻ കഴിഞ്ഞെങ്കിൽ ലോകം എത്ര മനോഹരമാകുമായിരുന്നു.
നാർടിപ്പുടവ ചുറ്റി നാണിച്ചിരിക്കേണ്ട നാരിമാർക്ക് എങ്ങിനെയാണ് കാരിരുമ്പു പോലെയുള്ള ശിലകളിൽ നിന്ന് ശില്പങ്ങൾ ഉണ്ടാക്കാൻ ആകുന്നത്.ശില്പങ്ങളെ വിലയിരുത്തുന്ന ശ്രേഷ്ഠൻ അങ്ങനെ ഉറക്കെ ചോദിച്ചപ്പോൾ ഒരു മൺതരി പോലുംപ്രതികരിച്ചില്ലല്ലോ എന്നവൾ വേദനയോടെ ഓർത്തു.
ഈ ശില്പങ്ങൾ സൃഷ്ടിച്ചത് ഞാൻ തന്നെയാണ്.
ഉൾക്കരുത്തുകൊണ്ട് ശക്തിയാർജിച്ച കൈകൾ ഉയർത്തി ഷൈലജ വീണ്ടും വീണ്ടും പറഞ്ഞു.
അതെ, ഈ കൈകൾ ആണ് അത് സൃഷ്ടിച്ചത്.
പരിഹാസ ചിരികൾ നിറഞ്ഞ ആ സദസ്സിൽ നിന്ന് ഇറങ്ങി പോരുമ്പോൾ ഷൈലജ ഒരു ദൃഢപ്രതിജ്ഞ എടുത്തിരുന്നു.
ഇന്ന് ഈ കാണുന്ന ,ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ സൃഷ്ടികളിൽ നിന്നും വ്യത്യസ്തമായി ഏറ്റവും ശ്രേഷ്ഠമായ ഒന്ന് സൃഷ്ടിക്കണം.അതു മാത്രമാണ് ഇതിന് മറുപടി.എത്ര കാലം നടന്നു.അറിയില്ല.
ബോധ ഉപബോധ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് താനെന്നാണ് ഇവിടെ എത്തിയത്.
ഒന്നും ഓർക്കാൻ കഴിയുന്നില്ല.
എങ്കിലും
തളർന്നിരുന്നാൽ എങ്ങിനെയാണ് ജന്മസാഫല്യം ഉണ്ടാവുക.
അവൾ പൂർവികരെ ഓർത്തു.
സകല സൃഷ്ടി സ്ഥിതി സംഹാര വൈഭവങ്ങളെയും ഓർത്തു.....
ഉളി കയ്യിൽ എടുത്തു.
പതിവിനു വിപരീതമായി അവൾ ആദ്യം തന്നെ പാദങ്ങളെയാണ് കൊത്തി തുടങ്ങിയത്.
അഴകാര്ന്ന വിരലുകളോടു കൂടിയ അലങ്കാരങ്ങൾ ഒന്നുമില്ലാത്ത നഗ്നമായ പാദങ്ങൾ അഞ്ജനശിലയിൽ രൂപപ്പെട്ടു കൊണ്ടേയിരുന്നു.കാൽപാദങ്ങൾ വിരലുകൾ നഖങ്ങൾ അങ്ങനെ ശില്പിയുടെ പൂർണ്ണത തേടി ശിലയിലൂടെയുള്ള സഞ്ചാരം .
ഉടലഴകുകളുടെ അളവുകൾ തെറ്റാതെ ശിലയിൽ വിള്ളലുകൾ ഉണ്ടാകാതെ ,ഓരോ കൊത്തിനും അതിനും എത്രയോ മീതെ തലോടി തഴുകി വേദനിക്കാതെ വേദനിക്കാതെ എന്നും ഉരവിട്ടുകൊണ്ട് ശൈലജ തന്റെ സൃഷ്ടിയിൽ മുഴുകി.
ഋതുക്കൾ വന്നതോ പോയതോ അവൾ അറിഞ്ഞില്ല.
രാവുകൾ എത്ര പകലുകൾ എത്ര ഒന്നും ഓർത്തില്ല.വിശപ്പോ ദാഹമോ അറിഞ്ഞില്ല.
അന്ന് പ്രഭാത സൂര്യൻറെ തലോടലേറ്റ് അഞ്ജന വർണ്ണ ശില്പം സർവ്വ പ്രഭയോടും മിന്നിത്തിളങ്ങുമ്പോൾ കാണികൾ അത്ഭുതസ്തംഭരായി ശില്പത്തിലേക്ക് നോക്കി നിൽക്കുമ്പോൾ ശില്പത്തിന്റെ അഴകിനെ കുറിച്ച് ഐശ്വര്യത്തെക്കുറിച്ച് പൂർണ്ണതയെ കുറിച്ച് പ്രമുഖരും പ്രഗൽഭരുമായവർ പ്രഭാഷണങ്ങൾ നടത്തുമ്പോൾ, ആ ശില്പത്തിനു താഴെ ജീവസ്സറ്റ ഒരു പ്രാണൻ, കൂടുവെടിയാൻ തയ്യാറെടുക്കുന്ന ഒരു ദേഹി ശബ്ദമില്ലാത്ത തേങ്ങുന്നത് ആരും ശ്രദ്ധിച്ചില്ല.
നഷ്ടപ്പെട്ടുപോകുന്ന ബോധമണ്ഡലത്തെ അവസാനത്തെ കണികയായി അവൾ കേട്ടു അതെ ഈ അഞ്ജനമണിശില്പം സൃഷ്ടിച്ച ശില്പി അദ്ദേഹം എല്ലാവിധ പ്രശംസകളും ആശംസകളും അർഹിക്കുന്നു.
എവിടെയാണെങ്കിലും അദ്ദേഹത്തെ തേടിപ്പിടിച്ച് നമുക്ക് കണ്ടെത്തണം.
അനുമോദനത്തിന്റെ പൂച്ചെണ്ടുകളും പ്രശംസ പത്രങ്ങളും നമുക്ക് ഈ ലോകം മുഴുവൻ സാക്ഷിയാക്കി അദ്ദേഹത്തിന് നൽകണം നിങ്ങളെല്ലാവരും ഈ ശില്പിയെ അന്വേഷിക്കുന്നതിന് കൂടെയുണ്ടാകണം എന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാൻ എൻറെ വാക്കുകൾ അവസാനിപ്പിക്കുന്നു എന്ന് പൗരൻ മുഖ്യൻ പറഞ്ഞപ്പോൾ ഇവിടെ പ്രജ്ഞയറ്റ് കിടക്കുന്ന ഈ ഞാൻ തന്നെയാണ് അത് സൃഷ്ടിച്ചത് എന്ന് പറയാൻ വറ്റി വരണ്ടുപോയ ചുണ്ടുകൾക്കോ കൂമ്പിപോയ കണ്ണുകൾക്കോ സാധിച്ചില്ല തന്റെ സൃഷ്ടിയുടെ ഉന്മത്തമായ സൗന്ദര്യത്തിന്റെ പ്രശംസയുടെ അവസാന വാക്കുകൾ ശ്രവിച്ചുകൊണ്ട് ഷൈലജ പതിയെ കണ്ണടച്ചു.


