PRAVASI

കൈപ്പുഴ ജോസ് വലിയപുത്തൻപുരയിൽ അന്തരിച്ചു

Blog Image

ചേർന്നു നിന്ന ആളെ മരണം അടർത്തി മാറ്റുമ്പോൾ മനസ് വല്ലാതെ നൊമ്പരപ്പെടും. മരണം ഒരു സത്യമാണന്നും അത് നമ്മളെ ഒരു നാൾ കീഴ്പ്പെടുത്തുമെന്നും അറിയാം. പക് ഷേ അത് കാലം തെറ്റിയെത്തുമ്പോൾ താങ്ങാൻ മനസിനെ പരുവപ്പെടുത്തുക അത്ര എളുപ്പുള്ള കാര്യമല്ല.ഒപ്പമുണ്ടായിരുന്ന പലരും ഭൂമി വിട്ടൊഴിയുകയാണ്. ദാ ഇപ്പോൾ ആ വഴിയിൽ ഞങ്ങളുടെ പ്രിയപ്പെട്ട ജോസും (കൈപ്പുഴ ജോസ്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി കോട്ടയം)

മരണം ന്യൂമോണിയായുടെ കടുംനിറമുള്ള കുപ്പായമിട്ട് വന്നാണ് കൈപ്പുഴ ജോസിനെ സ്വർഗകവാടം കടത്തിയത്. കുറച്ചു ദിവസങ്ങളായിട്ട് പനി ഉണ്ടായിരുന്നു. വകവെച്ചില്ല. പാരസെറ്റമോളിൽ പിടിച്ചുകെട്ടാമെന്ന് കരുതി. ഒടുവിൽ വിളിച്ചത് 22 ന് എന്നാണന്നാണ് ഓർമ. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിൻ്റെ ചിത്രം പത്രത്തിൽ കൊടുക്കുന്നതിനു വേണ്ടിയായിരുന്നു. പടം വന്നു. 24 ന് കണ്ടപ്പോൾ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

29 ന് രാവിലെ മരണവാർത്തയും എത്തുന്നു.ദീർഘകാലം കൈപ്പുഴ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ ഞൂഞ്ഞ് ചേട്ടൻ്റെ (ജോസഫ്) മകനാണ് ജോസ്.കോട്ടയം കൈപ്പുഴ ശാസ്താവ് ജംഗ്ഷന് സമീപം കൈപ്പുഴ സഹകരണ ബാങ്കിനോട് ചേർന്നാണ് വീട്.J Clയുടെ കൈപ്പുഴ യൂണിറ്റിന്‌ ചുമതല വഹിച്ചിരുന്നു.Rcm പ്രവർത്തനങ്ങളുടെ സജീവ പങ്കാളിയുമായിരുന്നു.എൻ്റെ മാധ്യമ, എഴുത്ത് ജീവിതത്തിൽ ഏറെ പ്രചോദനമായ നാട്ടിലെ അപൂർവം ചിലരിൽ പ്രധാനിയായിരുന്നു കൈപ്പുഴ ജോസ്.ഒടുവിൽ കണ്ടപ്പോഴും ചോദിച്ചത് എൻ്റെ എഴുത്തിനെ കുറിച്ച് തന്നെ .'നീ എന്താ ഇപ്പോൾ നോവൽ എഴുതാത്തത് ? പെൻഷൻ പറ്റിയത് ജോലിയിൽ നിന്ന് അല്ലേ? എഴുത്തിൽ നിന്ന് അല്ലല്ലൊ. ?മാധ്യമ പ്രവർത്തനത്തിൽ പലപ്പോഴും ജോസിൻ്റെ സഹായമുണ്ടായിട്ടുണ്ട്.പ്രത്യേകിച്ച് ഞാൻ ദീപിക, രാഷട്രദീപികയിൽ പണിയെടുക്കുന്ന കാലത്ത്.(1994-97)

അന്ന് മൊബൈൽ ഫോണില്ല. ലാൻഡ് ഫോൺ തന്നെ അപൂർവം. എനിക്കാണേൽ അന്ന് ടു വീലറുമില്ല .ഓട്ടോ പിടിക്കാൻ പോക്കറ്റിന് കനവും പോര. നടപ്പ് തന്നെ ശരണം. പലനടപ്പ് വഴികളിലും ജോസ് എന്നോടൊപ്പം ഉണ്ടായിരുന്നു.മാധ്യമ പ്രവർത്തനം സ്ഥിരം തൊഴിലാളികുന്നതിന് മുമ്പ് ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിച്ചു.അന്ന് ഏറെയും എഴുതിയിരുന്നത് കൊല്ലം കുങ്കുമം ഗ്രൂപ്പിലെ കുമാരി, നാന, കേരള ശബ്ദം, മഹിളാരത്നത്തിനു വേണ്ടിയായിരുന്നു.മുൻ മന്ത്രി പി.ജെ.ജോസഫിൻ്റെ നേതൃത്തിൽ തൊടുപുഴയിൽ നടന്നിരുന്ന കാർഷികമേള കേരള ശബ്ദം വാരികയ്ക്ക് വേണ്ടി കവർ ചെയ്യാൻ തൊടുപുഴയ്ക്ക് ഞാൻ പോയത് ജോസിന് ഒപ്പമാണ്.

ഏത് രാത്രിയിലും വാർത്തയുടെ ആവശ്യത്തിനായി ജോസിനെ വിളിച്ചാൽ എവിടെ നിന്നെങ്കിലും എങ്ങനെയെങ്കിലും തപ്പി പകുതി വിവരങ്ങൾ ജോസ് തന്നിരിക്കും. അത് വെച്ച് ബാക്കി നമ്മൾ കണ്ടെത്തിയാൽ മതി. കാരണം ജോസ് വഴി തുറന്നിട്ടിരിക്കും.ജോസിൻ്റെ സഹോദരി ജോമോൾ കോളജ് ക്ലാസുകളിൽ (കോട്ടയം മാന്നാനംKE കോളജ്) എൻ്റെ ജസ്റ്റ് ജൂണിയറായിരുന്നു. ജോമോൾ ടീച്ചർ കൈപ്പുഴ പാലത്തുരുത്ത് സ്കൂളിൽ നിന്ന്Hm ആയി റിട്ടയർ ചെയ്തു .ദീർഘകാലം പ്രവാസിയും എഴുത്തുകാരനുമായ ലൂക്കോസ് ചെറിയനാണ് ടീച്ചറുടെ ഭർത്താവ്.

ലൂക്കോസ് ചെറിയാൻ്റെ നാലാമത്തെ പുസ്തകമായ ഉടലാഴി എന്ന ചെറുകഥാ സമാഹാരം മാന്നാനത്ത് പ്രകാശനം ചെയ്യുമ്പോൾ അതിൻ്റെ കോ-ഓർഡിനേറ്ററാകാനും ചടങ്ങിൻ്റെ ആങ്കറാകാനുള്ള നിയോഗം എനിക്കാണ് ലഭിച്ചത്.ഞാൻ ഒന്നു പതറി .ചെയ്യാത്ത കാര്യമാണല്ലൊ ജോ സേ.വേണോ എന്നു ഞാൻ ചോദിച്ചു.'നിന്നെ വിശ്വാസമുണ്ടായിട്ടാണല്ലൊ  ഏല്പിച്ചത്. നീ തന്നെ ചെയ്താൽ മതിയെന്ന് പറഞ്ഞ് ധൈര്യം പകർന്നു.ഡിസംബർ ഒന്നായിരുന്നെങ്കിലും  രാവിലെ മുതൽ പെരുമഴയായിരുന്നു.

അന്ന് രാത്രിയിൽ ചടങ്ങ് കഴിഞ്ഞ്എന്നെ കൈപ്പുഴയിലെ എൻ്റെ വീട്ടിൽ എത്തിച്ചത് ജോസിൻ്റെ കാറിൽ മകൻ അലൻ ജോസാണ്.ഉദ്യോഗസ്ഥയായ ബീന ജോസാ ണ് ഭാര്യ. മക്കൾ അലനും ഹെലനും.ചൊവ്വാഴ്ച (2025 ജൂലൈ ഒന്ന് ) വൈകുന്നേരം കൈപ്പുഴയിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.ബുധനാഴ്ച രാവിലെ 10 .30 ന് കൈപ്പുഴ പാലത്തുരുത്ത് പളളിയിൽ സംസ്കരിക്കും. പിന്നെ നമ്മുടെ കൈപ്പുഴ ജോസ് നക്ഷത്രങ്ങളുടെ കൂട്ടുകാരനാകും.കാലം പലതും കരുതി വയ്ക്കുന്നു.മനുഷ്യർ വെറും കരുക്കൾ മാത്രം.ആരും ആർക്കും പകരം ആകുകയുമില്ല.നമ്മൾ വാങ്ങുന്ന സാധനങ്ങൾക്ക് ഗ്യാരൻ്റി ലഭിക്കും.പക് ഷേ നമ്മുടെ ജീവന് ആരാണ് ഗ്യാരൻ്റി നൽകുക ?

കൈപ്പുഴ ജോസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.