ന്യൂ യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാവേദി യു എസ് എ യുടെ ഈ വർഷത്തെ കരോക്കെ നൈറ്റ് ന്യൂ യോർക്കിൽ അരങ്ങേറി. രണ്ടായിരത്തി നാല് മുതൽ അമേരിക്കയിലും കേരളത്തിലും പ്രവർത്തിക്കുന്ന ഒരു കലാസംഘടനയാണ് കലാവേദി യു എസ് എ.
ബീയോണ്ട് ബാരിയേഴ്സ് എന്നതാണ് കലാവേദിയുടെ ആപ്തവാക്യം. മത രാഷ്ട്രീയ സങ്കുചിത ചിന്തകൾക്കതീതമായി കലയിലൂടെ മാനവികത എന്നതാണ് ഇതിന്റെ ഉദ്ദേശം. പ്രേത്യകിച്ച് ഭാരതീയ സംഗീത നൃത്ത രൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും അത്തരം കലാ മാധ്യമങ്ങളിലൂടെ മനുഷ്യരെ ഏകോപിപ്പിക്കുകയും ചെയ്യുകയാണ് കലാവേദി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഇരുപത്തിയൊന്ന് വർഷങ്ങളായി അമേരിക്കയിലും കേരളത്തിലുമായി നിരവധി സ്റ്റേജ് ഷോകൾ കലാവേദി നടത്തിയിട്ടുണ്ട്. അമേരിക്കയിൽ ജനിച്ചുവളരുന്ന കുട്ടികൾക്ക് ഭാരതീയകലാരൂപങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനായി നിരവധി കലാമേളകൾ അമേരിക്കയിൽ കലാവേദി നടത്തിയിട്ടുണ്ട്.
മുഖ്യമായും അമേരിക്കൻ നിവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന കലാവേദി ഇതിനോടപ്പം കേരളത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ സാമ്പത്തികസഹായവും മറ്റും നൽകുന്നതിനും ശ്രദ്ധിക്കുന്നു. രണ്ടായിരത്തി ആറിൽ സ്ഥാപിച്ച ആര്ട്ട് ഫോർ ലൈഫ് എന്ന സോഷ്യൽ സർവീസ് പദ്ധതിയിലൂടെ കേരളത്തിൽ ധാരാളം കുട്ടികൾക്ക് ധനസഹായം നല്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച ന്യൂ യോർക്കിലെ ടൈസൺ സെന്ററിൽ അരങ്ങേറിയ കരോക്കെ നൈറ്റിൽ അഞ്ച് ഗായകർ അവതരിപ്പിച്ച ഗാനങ്ങളും പ്രശസ്ത നർത്തകി ബിന്ധ്യ ശബരി അവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്ത രൂപവും പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി. അലക്സ് ഫ്രാൻസിസ്, സൂസൻ വർഗീസ്, പ്രേം കൃഷ്ണൻ, ലിയാ ഐസെൻ, ഡെന്നി എന്നിവരാണ് വേദിയിൽ ഗാനങ്ങൾ ആലപിച്ചത്. ഇവർ അഞ്ച് പേരും തങ്ങളുടെ മികവ് തെളിയിച്ചവരാണ്. കലാവേദി ഇവരെ ഒന്നിപ്പിച്ച് ഒരേ വേദിയിൽ അവതരിപ്പിച്ചത് ഈ പ്രസ്ഥാനം കഴിഞ്ഞ ഇരുപത്തിയൊന്ന് വർഷങ്ങളായി ചെയ്തു വരുന്ന സാമൂഹ്യ പ്രതിബന്ധതയുടെ അടയാളമാണ്.
നിരവധി വർഷങ്ങളായി അമേരിക്കയിൽത്തന്നെ താമസിക്കുന്ന ഗായകരുടെ ഗാനാലാപനം മെലഡികൾ ഇഷ്ടപ്പെടുന്ന സംഗീതപ്രേമികൾ നന്നായി ആസ്വദിച്ചു. മുഖ്യമായും എൺപതുകളിലെ മെലഡികൾ ആണ് അവതരിപ്പിച്ചതു്. എക്കോ എന്ന സീനിയർ സെന്റർ അംഗങ്ങൾക്കായി പ്രേത്യകം അർപ്പിച്ച ഒരു പരിപാടിയായിരുന്നു ഇത്. ഓഡിറ്റോറിയം തിങ്ങി നിറഞ്ഞ സംഗീതാസ്വാദകർ പരിപാടികൾ ആദ്യാവസാനം നന്നായി ആസ്വദിച്ചു. മുൻ സെക്രട്ടറിയും ചിത്രകാരനുമായ ശ്രീ ഷാജി ജേക്കബിന്റെ നേതൃത്വത്തിൽ ഷാജു സാമും, സുരേഷ് പണിക്കരും, മാമ്മൻ ഏബ്രഹാമും ഷാജി വർഗീസും ചേർന്ന് ഒരുക്കിയ കലാമണ്ഡപം ഏവരുടെയും പ്രശംസ നേടി.
ശ്രീ റെജി മാത്യു എംസി ആയി പ്രവർത്തിച്ചു. സെക്രട്ടറി ബിജു ചാക്കോ ഏവരെയും സ്വാഗതം ചെയ്തു. കലാവേദിയുടെ സ്ഥാപകനും പ്രസിഡന്റും ആയ ശ്രീ സിബി ഡേവിഡ് അധ്യക്ഷപ്രസംഗം നടത്തി. എക്കോ എന്ന സ്ഥാപനത്തിന്റെ ചെയർമാൻ ശ്രീ സാബു ലൂക്കോസ്, പ്രശസ്ത സിനിമ ഗായകൻ ശ്രീ നിലംബൂർ കാർത്തികേയൻ എന്നിവർ ആശംസകളർപ്പിച്ചു. ട്രഷറർ മാത്യു മാമ്മൻ, ജോയന്റ് ട്രഷറർ ഷാജി വർഗീസ്, മുൻ പ്രസിഡന്റ്മാരായ സജി മാത്യു, ക്രിസ് തോപ്പിൽ വിമൻസ് ഫോറം ലീഡർ ബിന്ദു ഡേവിഡ് കലാവേദി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ, മാമ്മൻ എബ്രഹാം, ലാലു മാത്യു, ബിജു കാവുങ്കൽ, വിമൻസ് ഫോറം അംഗങ്ങളായ ജെസ്സി മാത്യു, വത്സല ഉണ്ണികൃഷ്ണൻ, വത്സ തോപ്പിൽ, മഞ്ജു സുരേഷ്, വിനി സാം തുടങ്ങിയവർ പരിപാടികൾക്ക് നടത്തിപ്പിനായി പ്രവർത്തിച്ചു. ഫിനാൻഷ്യൽ അഡ്വൈസർ ശ്രീ ഷാജു സാം എല്ലാവർക്കും നന്ദി അർപ്പിച്ചു. കലാവേദി ഒരുക്കിയ അത്താഴവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.



















