ചെക്കിങ് കഴിഞ്ഞ് ഫ്ലൈറ്റിൽ കയറി.
ഫിഫ്റ്റീൻ എ വിൻഡോ സൈഡിൽ സീറ്റു കണ്ടുപിടിച്ചു.
അടുത്തിരുന്ന പർദ്ദയിട്ട സുന്ദരിയായ സ്ത്രീയുടെ ശരീരത്തിൽ മുട്ടാതിരിക്കാൻ ശ്രമിച്ചു.
കൈ മടിയിൽ തന്നെ വച്ചു.
" നാടെവിടാ"?
പുഞ്ചിരിയോടുള്ള ചോദ്യം.
" തിരുവല്ല".
ജാള്യതയുള്ള മറുപടി കേട്ട് അവൾ പിന്നീടൊന്നും ചോദിച്ചില്ല.
വിമാനത്തിന്റെ ശബ്ദം വേണുവിനെ ഏശിയില്ല.
അതിലും വലിയ ഇരമ്പൽ അയാളുടെ ഉള്ളിൽ നടന്നു.
രണ്ടാഴ്ചത്തെ അവധി മാത്രമാണ് കിട്ടിയത്.
ലീവ് ചോദിച്ചപ്പോൾ ആൻസാൻ പെട്ടെന്ന് അനുവദിച്ചു തന്നു.
" വിവരങ്ങൾ അറിയിക്കണം. നീ ചെല്ലുമ്പോൾ സുമിക്ക് ആശ്വാസമാകും..
ദൈവം എല്ലാം നന്മയ്ക്കായി വരുത്തും. "
ആൻസാന്റെ കണ്ണിലെ അനുകമ്പ അയാൾ തിരിച്ചറിഞ്ഞു.
" എഴുന്നേൽക്കൂ നാടെത്തി"
സുന്ദരിയുടെ സുന്ദരമായ ശബ്ദം വേണുവിനെ ഉണർത്തി.
പെട്ടിയെടുത്ത് ടാക്സിയിൽ കയറി.
എറണാകുളത്തുനിന്ന് മൂന്നര മണിക്കൂർ വേണം വീട്ടിലെത്താൻ.
കാറിൽ കേട്ട സംഗീതം ആസ്വദിക്കാൻ കഴിഞ്ഞില്ല.
വീട്ടിലെത്തി.
മകനും മകളും ഓടിവന്നു.
മകന്റെ വിരലിൽ ചായങ്ങൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്.
അവന്റെ കവിളിൽ തലോടി.
" കളറെല്ലാം തീർന്നോ?ഞാൻ കുറെ ചായങ്ങൾ
വാങ്ങിയിട്ടുണ്ട്. "
അവന്റെ നിഷ്കളങ്കമായ ചിരി കണ്ടു അയാൾ
നിശ്വസിച്ചു.
മകളുടെ കരിപുരണ്ട വിരലിൽ നോക്കി അയാൾ ചിന്തിച്ചു.
പതിനേഴു വയസ്സേ ഉള്ളൂ കുടുംബഭാരമെല്ലാം തലയിലാണ്.
ചിരി വരുത്താൻ ശ്രമിച്ച് കട്ടിലിന്നരികിലെ കസേരയിൽ ഇരുന്നു.
സുമിയുടെ ശബ്ദം നേർത്തുവന്നു .
പ്രതീക്ഷയുടെ തിളക്കം കണ്ണിൽ കണ്ടു.
തളർന്ന കയ്യിൽ പിടിച്ച് മൗനമായി വേണുവിരുന്നു.
" അമ്മയെ ഉണർത്തേണ്ട വേദന കണ്ടുനിൽക്കാൻ പറ്റില്ല".
മകൾ കരയുന്ന പോലെ പറഞ്ഞു.
"ഭക്ഷണം കഴിക്കാം. ഞാൻ എന്തൊക്കെയാ ഉണ്ടാക്കിയതെന്ന് നോക്കൂ ".
ചിരി വരുത്താൻ അവൾ ശ്രമിച്ചു.
അയാൾ ചിരി ഏറ്റുവാങ്ങി.
"ആഹാ നീ എന്തൊക്കെയാ സ്പെഷ്യൽ ഉണ്ടാക്കിയത്?"
അവരുടെ ചിരി ഊണു മുറിയിലെ ചുവരിൽ മാത്രം കേട്ടു.
കഴിച്ചു എന്നു വരുത്തി വേണു കൈ കഴുകി.
കോട്ട് വാ വന്നെങ്കിലും വായമർത്തി.
സുമിയുടെ വേദനയുതിരുന്ന കയ്യിൽ രാവുടനീളം തിരുമ്മി.
അവളുടെ കവിളിൽ ഒഴുകിയ മിഴിനീർ കണ്ടില്ലെന്നു നടിച്ചു.
രണ്ടാഴ്ചക്കാലം സുമിയുടെ ശ്വാസത്തിന്റെ ഗതി കൂടി വരുന്നതായി വേണു മനസ്സിലാക്കി.
തളരുന്ന ശരീരം നോക്കി അയാൾ മകളോട് മന്ത്രിച്ചു.
' ശരിയാകും എല്ലാം ഭേദമാകും'.
മകളുടെ കണ്ണിലെ തെളിച്ചം അയാൾ കണ്ടു.
മകൻ ചായങ്ങൾ പൂശുന്നു.
അയാൾ കൊണ്ടുവന്ന പലനിറത്തിലുള്ള ചായങ്ങൾ അവൻ പരീക്ഷിച്ചു.
" അച്ഛാ ഏതു നിറമാ ഇനി ചേർക്കേണ്ടേ? "
അയാൾ കറുപ്പ് തെരഞ്ഞെടുത്തു.
" വേണ്ട അച്ഛാ അമ്മയ്ക്ക് ഇത് ചേരില്ല".
അവൻ വരച്ച ചിത്രത്തിൽ അയാളുടെ കണ്ണുടക്കി.
നാലുപേരുടെയും ചിത്രം ഭംഗിയായി അവൻ വരച്ചിട്ടുണ്ട്.
പക്ഷേ 'ഇനി...
അവധി കഴിഞ്ഞ് പോകാൻ തയ്യാറെടുത്തു.
മകൻ വരച്ച ചിത്രങ്ങൾ മുറിയിലാകെ നിറഞ്ഞു.
ബോർഡിങ് പാസ്സ് കൗണ്ടറിലെ തിരക്ക് അയാൾ ശ്രെദ്ധിച്ചില്ല.
തേർട്ടി ബി സീറ്റാണ് കിട്ടിയത്.
രണ്ടു സൈഡിലും ഇരുന്നവർ ഫോണിൽ വിരലുകൾ ചലിപ്പിച്ചു.
നാലു മണിക്കൂർ ശ്വാസം പിടിച്ചിരുന്നു.
എയർഹോസ്റ്റസ് കൊണ്ടുവന്ന ഭക്ഷണം അയാൾ അവഗണിച്ചു.
വിശക്കാനായി പലപ്രാവശ്യം അയാൾ ആഞ്ഞു വെമ്പി.
മുറിയിലെത്തി.
മുഖം കഴുകി വന്നു.
ഫോൺ നിർത്താതെ ശബ്ദിക്കുന്നു .
മകളുടെ വാവിട്ടുള്ള കരച്ചിൽ കേട്ടു .
അങ്ങകലെ കീറിപ്പോയ അമ്മയുടെ ചിത്രം തേടി മകൻ നടന്നു .
മഞ്ജു റോസ്