തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തിയ യു ഡി എഫിനെ ആര് നയിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ തുടരുമ്പോൾ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതിൽ റിപ്പോർട്ട് നൽകാനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിലാണ് ഘടകകക്ഷികൾ അഭിപ്രായം അറിയിച്ചത്. സിറ്റിംഗ് എം എൽ എ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം എ ഐ സി സി നിരീക്ഷകരെ അറിയിച്ചത്. കേരളത്തിന്‍റെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. എം എൽ എ തന്നെ മുഖ്യമന്ത്രിയാകണം. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി. ഹൈക്കമാൻഡിനുള്ള ഈ സന്ദേശം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെ സി വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്.
10 വർഷത്തിനിപ്പുറം വമ്പൻ തിരിച്ചുവരവിലൂടെ അധികാരം നേടി ദിവസങ്ങൾ പിന്നിടുമ്പോഴും കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളും നീളുന്നു. ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ പോരും കനക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എം എൽ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെ സി പക്ഷത്തിന്‍റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി - ആർ സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.

