PRAVASI

തല മുതിർന്നവർ തലക്കനം വിട്ടാലേ ഇനി നിവർന്നു നിൽക്കാൻ കഴിയൂ

Blog Image

കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർ അടുത്തിടെ പ്രചരിപ്പിക്കുന്ന ചില കാര്യങ്ങൾ സംഘടനയുടെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ തലമുറയെ കൈപിടിച്ചു കൊണ്ടുവരേണ്ടവർ തന്നെ അവരെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് നിലകൊള്ളുന്നത്. കാലങ്ങളായി കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പുതിയ തലമുറയെ തഴയുന്നതു തന്നെയാണ്. ഏതാണ്ട് പണ്ടുകാലത്തെ അർജന്റീനയുടെ ടീം പോലെയാണ് കോൺഗ്രസും, അതായത് പുതുതലമുറയെ പ്രോത്സാഹിപ്പിക്കാതെ തലമൂത്ത കുറെ കാരണവന്മാർ സ്ഥാനമാനങ്ങൾ കയ്യേറിക്കൊണ്ട് അത് വിട്ടുകൊടുക്കാൻ തയ്യാറാകാതെ അള്ളി പിടിച്ചിരിക്കുന്ന തരത്തിലാണ് കാണപ്പെടുന്നത്. 

യഥാർത്ഥത്തിൽ സംഘടനയോടും കോൺഗ്രസ് എന്ന പാർട്ടിയോടും ആത്മാർത്ഥതയുള്ളവരാണ് സീനിയർ നേതാക്കൾ എങ്കിൽ ഒരു അഴിച്ചുപണി അല്ലെങ്കിൽ യൂത്ത് കോൺഗ്രസിനും കെഎസ്‌യുവിനും കൃത്യമായ പ്രാതിനിഥ്യം പാർട്ടിയിൽ നൽകുക എന്ന നിലപാടുകൾ നേരത്തെ എടുക്കേണ്ടതാണ്. എന്നാൽ അനുദിനം ചില നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന കവല പ്രസംഗത്തിൽ വളർന്നുവരുന്ന കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും കുട്ടികളെ നിഷിദ്ധമായി വിമർശിക്കുന്നതിലൂടെ അവർ സമൂഹത്തിൽ ഒറ്റപ്പെടുകയും അവർ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുകയും ഉണ്ടാകുന്നു. തങ്ങളിരിക്കുന്ന കസേര നഷ്ടപ്പെടുമോ എന്ന പേടി കൊണ്ടാണോ നേതാക്കൾ ഇത്തരത്തിൽ പെരുമാറുന്നത് എന്നറിയില്ല. അങ്ങനെയാണെങ്കിൽ അതിനെ ഒരു ചീപ്പ് പൊളിറ്റിക്സ് എന്ന് അടയാളപ്പെടുത്താനേ കഴിയൂ.

പാർട്ടി എന്നാൽ തല മൂത്ത നേതാക്കന്മാർ മാത്രമല്ല അതിൽ പുതിയ തലമുറയിലെ കുട്ടികളും തീർച്ചയായും ഉണ്ട്. കാരണം ഇന്നത്തെ തലമുറയാണ് നാളത്തെ നേതാക്കളായി മാറേണ്ടത്. അപ്പോൾ അവരെ മാറ്റി നിർത്തിക്കൊണ്ട് അല്ലെങ്കിൽ അവരെ ആവശ്യമില്ലാതെ വിമർശിച്ചുകൊണ്ട് മുന്നേറുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവിയെ വരുംകാലങ്ങളിൽ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. രാഹുൽ മങ്കൂട്ടത്തിനും, വി ടി ബൽറാമിനും ഒക്കെ എതിരെ മറ്റു പാർട്ടികൾ നടത്തുന്ന വേട്ടയാടലിനേക്കാൾ ക്രൂരമാണ് സ്വന്തം പാർട്ടിയിൽ നിന്നുള്ള സീനിയറായ നേതാക്കൾ നടത്തുന്ന വേട്ട. പുതുതലമുറയെ ആദ്യം അംഗീകരിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. അവർ അതിനു മുന്നിട്ടിറങ്ങിയാൽ മാത്രമേ കേരള സമൂഹവും അവരെ ഹൃദയത്തിൽ സൂക്ഷിക്കുകയുള്ളൂ.

കാലങ്ങളായി കോൺഗ്രസിന്റെ അധികാര കസേരയിൽ ഇരുന്ന് അതിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിയ ആളുകൾ ഉയർന്നുവരുന്ന പുതിയ തലമുറയിലെ കുട്ടികളെ തഴയുന്നത് വലിയ രീതിയിൽ വിമർശിക്കേണ്ട ഒന്നുതന്നെയാണ്. ഇത്തരത്തിൽ സ്വന്തം പാർട്ടിയിലെ കുട്ടികളെ തന്നെ മോശമായി ചിത്രീകരിക്കുന്ന നേതാക്കൾ ഒന്നും തന്നെ ഒരു മനുഷ്യരെയും ഉയർത്തിക്കൊണ്ടുവരാൻ അല്ലെങ്കിൽ പാർട്ടിയിൽ പുതിയ തലമുറയെ വളർത്തിക്കൊണ്ടു വരാൻ വേണ്ടി ഒരു കാലഘട്ടത്തിലും ശ്രമിച്ചിട്ടില്ല. എന്നും തങ്ങളുടെ അധികാര കസേരയുടെ ബലം മാത്രമേ ഇവർ നിരന്തരമായി ശ്രദ്ധിച്ചിട്ടുള്ളൂ. കോൺഗ്രസ് എന്ന ജനകീയ പാർട്ടിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായ ഇത്തരക്കാർ തൽക്കാലത്തേക്ക് സംയമനം പാലിക്കണം എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ

ഡോ. മാമ്മൻ സി ജേക്കബ്  ഒ ഐ സി സി  വൈസ് ചെയർമാൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.