കേരളത്തിലെ പുതിയ ഗവർണാറാകാൻ പോകുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെപ്പറ്റിയുള്ള ചർച്ച കൊഴുക്കുകയാണ്. ബീഹാറിന്റെ ഗവർണർ പദവിയിൽ നിന്നാണ് എഴുപതുകാരനായ ആർലെകർ കേരള ഗവർണറായി എത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞ പരാമർശം രാജ്യവ്യാപകമായി ചർച്ചയായിരുന്നു. അതിൻ്റെ അലയൊലികൾക്ക് ഇടയിലാണ് അർലെകർ കേരളത്തിലേക്ക് വരുന്ന വാർത്തയും എത്തുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് കാരണമായത് മഹാത്മാ ഗാന്ധിയുടെയും കോൺഗ്രസിൻ്റെയും അംഹിസയായിരുന്നില്ല എന്നായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആർലെകറിൻ്റെ പ്രസ്താവന.
സായുധ വിപ്ലവത്തിലൂടെയാണ് രാജ്യം സ്വതന്ത്രമായതെന്നായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. “സത്യാഗ്രഹം നടത്തിയത് കൊണ്ടോ അഹിംസാ സമരം കൊണ്ടോ അല്ല ബ്രിട്ടീഷുകാർ രാജ്യം വിട്ടത്. സാധരാണക്കാരായ ജനങ്ങളുടെ കൈകളിൽ തോക്കും ആയുധങ്ങളും കണ്ടോപ്പാഴാണ്….” – എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പ്രസ്താവന. കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR) സ്വാതന്ത്ര്യത്തിന് പിന്നിൽ അഹിംസയാണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

ബാല്യകാലം മുതൽ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. രൂപംകൊണ്ട 1980 മുതൽ അദ്ദേഹം ബിജെപിയിൽ അംഗമാണ്. ഗോവയിലെ ബിജെപിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ നിർണായക ചുമതലകൾ ആർലെകർ വഹിച്ചിട്ടുണ്ട്. ഗോവ വ്യാവസായിക വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവ സംസ്ഥാമ പട്ടിക ജാതി – മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, സൗത്ത് ഗോവയിലെ ബിജെപി അധ്യക്ഷൻ എന്നിവയാണ് ആർലെകർ വഹിച്ച മറ്റ് പ്രധാന പദവികൾ.
ആർലെകർ സ്പീക്കറായിരുന്ന സമയത്താണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്. 2015ലെ മന്ത്രിസഭാ പുനസംഘടാ വേളയിൽ അദ്ദേഹം പരിസ്ഥിതി – വനം മന്ത്രിയായി. ബന്ദാരി ദത്താത്രേയയെ ഹരിയാന ഗവർണറായി നിയമിച്ചപ്പോൾ 2021 ൽ അദ്ദേഹം ഹിമാചൽ പ്രദേശ് ഗവർണറായി. 2023ലാണ് അദ്ദേഹം ബീഹാറിൻ്റെ ഇരുപത്തിയൊമ്പതാം ഗവർണറായി ചുമതലയേൽക്കുന്നത്.
അതേസമയം കേരളത്തിൻ്റെ മുപ്പതാം ഗവർണറായിട്ടാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ ചുമതലയേൽക്കുന്നത്. കേരള ഗവർണറായി അഞ്ച് വർഷം തികച്ച ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറായി പോകുന്നത്. കേരളത്തിലെ ഇടത് സർക്കാരുമായി പല വിഷയങ്ങളിലും നേരിട്ട് കൊമ്പുകോർത്ത ശേഷമാണ് ആരിഫ് ഖാൻ്റെ മടക്കം. പഴയ സോഷ്യലിസ്റ്റായിരുന്ന ഖാൻ സർക്കാരിനെ വെള്ളം കുടിപ്പിച്ചത് നിരവധി തവണയായിരുന്നു. തെരുവിൽവരെ സർക്കാരിനെതിരെ അദ്ദേഹം ആക്രമണം അഴിച്ചുവിട്ടിരുന്നു. കടുത്ത ആർഎസ്എസ് അനുഭാവിയായ ആർലെകറിൻ്റെ വരവോടെ കേരളത്തിൽ ഗവർണർ -സർക്കാർ പോര് കൂടുതൽ ശക്തമാക്കാനാണ് സാധ്യത.

