തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജനറൽ വിഭാഗത്തിൽ 36ൽ നിന്ന് 40 ആയാണ് ഉയർത്തിയത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 39ൽ നിന്ന് 45 വയസാക്കി. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നിർണായക നീക്കം.
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.1947-നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻ തലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

