"..... ഇഷ്ടം കൂടുതൽ ആയതോണ്ടാവും അമ്മൂ.. " "ആരോടാ.. " "മക്കളോട്... പിന്നെ എല്ലാരോടും..." ആവും.... അത്രമേൽ സ്നേഹിക്കയാലാവും എല്ലാ പെറ്റതള്ളമാരും പ്രാന്തികളായത്.. സ്നേഹം മതിഭ്രമമായി കൊണ്ടാടുന്ന അമ്മമാരേ.... നിങ്ങൾക്കായി..
കദീജക്ക് എന്നേക്കാൾ രണ്ട് വയസ്സ് കൂടുതലുണ്ട്. ഒന്നിലും രണ്ടിലും മൂന്നിലും എന്റെ സഹപാഠിയായിരുന്ന അവൾ പക്ഷേ, കാഴ്ചക്ക് ഒരു കുഞ്ഞുകുട്ടിയായിരുന്നു. "കൂരടക്ക"എന്ന എരട്ടപ്പേരിൽ അവൾ അറിയപ്പെട്ടു. മൂലക്ക് ചട്ട വിട്ടുപോയതും മറ്റൊരു മൂല ചന്ദ്രക്കലയുടെ ആകൃതിയിൽ പൊട്ടിയിട്ടുള്ളതുമായ ഒരു സ്ലേറ്റ്, അവളുടെ തന്നെ ആകൃതിയെ അനുസ്മരിപ്പിക്കുന്ന ഒരു കല്ലുപെൻസിൽ എന്നിവയല്ലാതെ പഠനോപകരണങ്ങളായി മറ്റൊന്നും അവൾടെ കയ്യിൽ ഞാൻ കണ്ടിട്ടില്ല..കുഞ്ഞിത്തട്ടത്തിന്റെ തുമ്പത്ത് കെട്ടിക്കൊണ്ട് വരുന്ന ചോപ്പ് നിറത്തിലുള്ള മഷിത്തണ്ടുകളാണ് എന്നെ അവളോട് അടുപ്പിച്ചത്.. പിന്നെ... ഒന്നാംക്‌ളാസ് മുതൽ എന്നിൽ ജീവിതവിരക്തി മെനഞ്ഞ 'മാത്തമാറ്റിക്‌സും'....കുറിയ ശരീരമുള്ള ശ്രീധരൻമാഷ് മൂപ്പരെക്കാൾ വലിയൊരു ചൂരലും കൊണ്ട് വരുന്നത് കാണുമ്പോഴേ... എനിക്ക് മൂത്രോഴിക്കാൻ മുട്ടും... മാഷ് ആദ്യം ചെയ്യുക, ആ ഘടാഘടിയൻ ചൂരലോണ്ട് മേശപ്പുറത്തു രണ്ടടിയാണ്.. അതോടെ നിശബ്ദം......
"എല്ലാരും അങ്ങട്ടും ഇങ്ങട്ടും തിരിഞ്ഞ് നിക്ക്വ "(എന്നച്ചാൽ ഫേസ് റ്റു ഫേസ് )അപ്പോൾ ഞാനും കദീജായും മുഖാമുഖം ആവുന്നു...
"കൂട്ടിക്കോ.... -----അധികം ----"
എന്റെ നിസ്സഹായക്കണ്ണുകൾ ശബ്ദം ഇല്ല്യാതെ "കൈശാ "എന്ന് നിലവിളിക്കും... ഒരു നിമിഷം വേണ്ട, കദീജാടെ കൂട്ടൽ തീരാൻ.. എഴുതിക്കഴിഞ്ഞാൽ ഉടനെ അവൾടെ സ്ലേറ്റ് താഴെ വീഴും... എന്തത്ഭുതം !!എഴുതിയഭാഗം മലർന്നേ വീഴൂ !!ഉടനെ എന്റെ കണക്കുകൂട്ടലും തീരും.. ഒരൂസം "അന്റെ കയ്യിനെന്താടി എല്ലില്ല്യേ "എന്ന് ചോദിച്ചു കൊണ്ട് ശ്രീധരൻ മാഷ് അവൾക്കൊരടി കൊടുത്തത്, വിദ്യാഭ്യാസ വ്യവസ്ഥിതിയെ മുഴുവൻ വെറുക്കാൻ എന്നെ പ്രേരിപ്പിച്ചു. "കൈശാ... അണക്ക് വേദനിച്ചോ"ല്ല... ന്റ സ്ലേറ്റ് പൊട്ട്യാ ജ്ജ് ബാങ്ങിതെരണ "അയ്യോ...
അതെങ്ങന്യാ.. ആ... പൊട്ടുമ്പഴല്ലേ...
നാലാക്കി മടക്കിയൊരു പൊടുണ്ണിയില (പൊടി അയനി )കദീജ എന്നും കൊണ്ടരും.. പതിനൊന്നരക്ക് ബെല്ലടിച്ചാൽ സ്‌കൂളിലെ വെപ്പുപുരയുടെ മുന്നിലേക്ക് അവൾ ഓടിച്ചെല്ലും.. വരിയിൽ ആദ്യം നിക്കാനാണ്.. ഇലയിൽ കൊട്ടിക്കൊടുക്കുന്ന ഉപ്പുമാവും കൊണ്ട് അവൾ പായും, പഞ്ചായത്ത് റോട്ടിൽക്കൂടി ഒരു വല്യ അടക്ക ഉരുണ്ടു പോണ പോലെ....ബെല്ലടിക്കുമ്പോഴേക്കും കിതച്ചുകിതച്ചു തിരിച്ചെത്തും.."യ്യ് എങ്ങട്ടാ എന്നും ങ്ങനെ ഓടണത് "
"ന്റോട്ക്ക് "
"അവടെന്താ "
"ജ്ജ് ആരോടും പറയരത് "
"ല്യ "
"പടച്ചോൻ സത്യം "
"...... ങ്ങാ... സ്വാമി സത്യം "
ഇത്തിരി നേരം അവൾ മിണ്ടാണ്ടിരുന്നു....
"ജ്ജ് നാളെ ന്റൊപ്പം പോരെ.. "
"അയ്യോ.. ന്റമ്മ ന്നെ തല്ലും കൈശാ.. "
"ജ്ജ് ഓലോടോന്നും മുണ്ടണ്ട. ഞമ്മക്ക് ബേം പോയിപ്പോരാം "
പിറ്റേ ദിവസം ഏറിയ നെഞ്ചിടിപ്പോടെ ആണെങ്കിലും ഞാനും അവളോടൊപ്പം ഓടി... ചൂടേറിയ ഉപ്പുമാവിൻപൊതിഅവൾ പലതവണ കൈമാറ്റിപ്പിടിച്ചു, ഓട്ടം നിർത്താതെ.... തോട്ടിന്കരയിലൂടെ ഓടിക്കിതച്ചു കൊണ്ട് ഒരു കൂരക്ക് മുൻപിലെത്തി.. പുല്ലുമേഞ്ഞ ഒരു കൂര.. മെടഞ്ഞ പട്ടകൊണ്ടാണ് വാതിൽ. അതൊരു ചാക്കുചരടുകൊണ്ട് കെട്ടിയിട്ടിരിക്കുന്നു. അത് തുറന്ന് അവൾ ഉള്ളിൽ കേറി.
"ബാ.. "ശങ്കിച്ചു ശങ്കിച്ച് ഞാനും വെളിച്ചത്തിന്റെ ഒരു നുറുങ്ങും...
"ഉമ്മാ... ദ് ബെയ്‌ച്ചോളി.. "
നിലത്തെന്തോ ഇഴയുന്നു..
"ന്റുമ്മേണ്... ഉമ്മാക്ക് പ്രാന്താ.. ജ്ജ് പേടിക്കണ്ട.. കെട്ടി ട്ട് ണ്ട്.. "
എനിക്കുറപ്പാണ്.. ജനിച്ചതിൽപ്പിന്നെ ആദ്യമായിഞാൻ ഞെട്ടിയത് അന്നാണ്...
തിരിച്ചോട്ടത്തിൽ മുറിഞ്ഞു മുറിഞ്ഞ വാക്കുകളിൽ അവൾ ചോദിച്ചു...
"അനക്ക് അറപ്പായാ ?"
"ന്തിനാ "
"ന്റുമ്മ നെലത്തൊക്കെ പാത്തി ബെച്ച നാറ്റം കൊണ്ട്... ??"
കരച്ചിൽ വന്നിട്ട് വയ്യ..
"കൈശാ.. യ്യ് മാത്രേ ള്ളൂ.. അന്റെ വീട്ടില് ?ബാപ്പല്ല്യേ "
"ഓല്ക്ക് ബേറെ പെണ്ണും കുടീം ണ്ട്.. ഓല് ബേറെ കെട്ടിയപ്പളാ ഉമ്മാക്ക് പ്രാന്തായെ.. "
"ന്തിനാ കെട്ടി ഇട്ടണ്ണത് ??"
"ല്ലച്ചാ തുണി കയ്ച്ചളഞ്ഞ് എറങ്ങി ഓടും.. "
അന്നു രാത്രി അച്ഛമ്മടെ ചുളിഞ്ഞ നെഞ്ഞത്ത് തല ചേർത്തുകിടന്ന് വെള്ളത്തണ്ട് പോലെ നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ ചോദിച്ചു..
"അച്ചമ്മേ... ന്തിനാ അമ്മമാർക്ക് പ്രാന്ത് പിടിക്കണത് "
"..... ഇഷ്ടം കൂടുതൽ ആയതോണ്ടാവും അമ്മൂ.. "
"ആരോടാ.. "
"മക്കളോട്... പിന്നെ എല്ലാരോടും..."
ആവും.... അത്രമേൽ സ്നേഹിക്കയാലാവും എല്ലാ പെറ്റതള്ളമാരും പ്രാന്തികളായത്.. സ്നേഹം മതിഭ്രമമായി കൊണ്ടാടുന്ന അമ്മമാരേ.... നിങ്ങൾക്കായി..
മായാ കൃഷ്ണൻ