PRAVASI

KHNA സൂപ്പർ സിംഗേഴ്സ് സീസൺ 2: കെ.എസ്. ചിത്ര ഉത്ഘാടനം ചെയ്തു

Blog Image

ഫ്ലോറിഡ :ടാമ്പാ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super Singers – Season 2 സംഗീത മത്സരത്തിന്റെ ഉത്ഘാടന ചടങ്ങ് ഏപ്രിൽ 26-ന് ഞായറാഴ്ച Zoom വേദിയിൽ അതിഗംഭീരമായി നടന്നു. സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റിന്റെ സ്പോൺസർഷിപ്പിലാണ് പരിപാടി അരങ്ങേറുന്നത്.

അഞ്ജന പ്രയാഗയും സുനിത മേനോനും അവതാരകരായ ചടങ്ങിന് ഹരികൃഷ്ണ കോയിപ്പള്ളിൽ ആലപിച്ച ഭക്തിനിർഭരമായ പ്രാർത്ഥനാഗാനത്തോടെ തിരശ്ശീല ഉയർന്നു. സൂപ്പർ സിംഗേഴ്സ് ചെയർ സതീഷ് അമ്പാടി സ്വാഗതം ആശംസിച്ചു. അഞ്ച് വർഷം മുമ്പ് നടന്ന സീസൺ 1-ന്റെ വിജയഗാഥയും സീസൺ 2-യെ അതിലും മികച്ചതാക്കാനുള്ള പദ്ധതികളും അദ്ദേഹം പങ്കുവെച്ചു.
 
അതിനു ശേഷം,  KHNA യുടെ പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ ഏവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു. വിശിഷ്ടാതിഥികൾ ഉൾപ്പെട്ട ഏവരെയും ഒരിക്കൽക്കൂടി സ്വാഗതം ചെയ്ത അദ്ദേഹം, അമേരിക്കയിൽ വളരുന്ന കുട്ടികൾക്ക് ഭാരതീയ സംസ്കാരത്തിലേക്കും സംഗീതത്തിലേക്കുമുള്ള പാലമായിരിക്കും KHNA ഒരുക്കുന്ന ഈ സംഗീത പരിപാടി എന്ന് അഭിപ്രായപ്പെട്ടു.KHNAയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സംരംഭങ്ങൾ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്നും, പുതുതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന്, മുഖ്യാതിഥിയായെത്തിയ ഇന്ത്യയുടെ വാനമ്പാടി ശ്രീമതി K S ചിത്ര KHNA Super Singers – Season 2 ഔപചാരികമായി ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഇന്ത്യയെ അപേക്ഷിച്ച് സംഗീത മത്സരങ്ങൾക്ക് അധികം അവസരങ്ങളില്ലാത്ത അമേരിക്കയിൽ, ഇതു പോലത്തെ പരിപാടികൾക്കുള്ള പ്രാധാന്യം ഏറെ കൂടുതൽ ആണെന്ന് അഭിപ്രായപ്പെട്ട ശ്രീമതി. ചിത്ര, ഇതിന്റെ സംഘാടകരായ KHNA യ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. ഈ സംഗീത മത്സര പരിപാടിയിൽ പങ്കെടുക്കുന്ന ഏവർക്കും അല്ല ഭാവുകങ്ങളും നേർന്നു കൊണ്ട്, അവർക്കുള്ള ഒരു സമ്മാനം എന്ന നിലയിൽ താൻ പാടിയ"കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ..." എന്ന ഗാനത്തിന്റെ ഈരടികൾ അതിമനോഹരമായി ആലപിച്ചത് ചടങ്ങിന്റെ ഹൈലൈറ്റായി.

പ്രശസ്ത പിന്നണിഗായകൻ ശ്രീ. ബിജു നാരായണൻ ആണ് അടുത്തതായി സംസാരിച്ചത്. KHNA എന്ന സംഘടനയുമായി തനിക്കുള്ള ദീർഘകാലത്തെ ബന്ധത്തെക്കുറിച്ച് അദ്ദേഹം വാചാലനായി, KHNA Super Singers Season 2 ൽ വിധികർത്താവായിരുന്നതിന്റെ സന്തോഷവും നല്ല അനുഭവങ്ങളും പങ്കുവെച്ചു. തന്റെ അനുഭവത്തിൽ, അമേരിക്കയിലെ ഉയർന്നു വരുന്ന യുവഗായകർ ഇന്ത്യയിലുള്ളവരുടെ അത്രതന്നെ കഴിവുറ്റവരാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. KHNA Super Singers Season 2 ന്  എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്, ഈ മഹത് സംരംഭത്തിന്  തന്റെ എല്ലാ വിധ സഹായവും ഉണ്ടാവും എന്ന് അദ്ദേഹം അറിയിച്ചു.

പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവത്സൻ ജെ. മേനോൻ, ഈ സംരംഭത്തെ കൂടുതൽ വിശാലമായ കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതായി പറഞ്ഞു. നവനീത് ഉണ്ണികൃഷ്ണനെപ്പോലുള്ള പുതിയ പ്രതിഭകളെ വളർത്തിയെടുക്കാനും നൂതന സംഗീതശാഖകൾക്ക് ജന്മം നൽകാനും ഈ വേദിക്ക് കഴിയുമെന്ന് അദ്ദേഹം ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. "കൃഷ്ണാ നീ ബേഗനെ ബാറോ..." എന്ന കീർത്തനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ നേർന്നത്.


അമേരിക്കയിൽ ജനിച്ചു വളർന്ന്, സംഗീതരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച യുവസംഗീതപ്രതിഭ ശ്രീ. നവനീത് ഉണ്ണികൃഷ്ണൻ KHNA Super Singers Season 2 ന് ആശംസകൾ അർപ്പിച്ചു. ജനിച്ചതു മുതൽ താൻ കേട്ട് വളർന്ന പാട്ടുകൾ പാടിയ  ശ്രീമതി. ചിത്ര, ശ്രീ. ശ്രീവത്സൻ മേനോൻ, ശ്രീ. ബിജു നാരായണൻ എന്നിവർക്കൊപ്പം വേദി പങ്കിടാൻ സാധിച്ചത് തന്റെ ഭാഗ്യമായി കരുതുന്നു എന്ന് നവനീത് പറഞ്ഞു. തുടർന്ന്, ശ്രീ. മോഹൻലാൽ നായകനായ "ഹൃദയപൂർവം" എന്ന സിനിമയിൽ താൻ പാടിയ "വിട പറയാം .." എന്ന ഗാനത്തിന്റെ ഏതാനും വരികൾ ആലപിച്ചു കൊണ്ട് KHNA Super Singers Season 2 ന്, നവനീത് സർവ്വമംഗളങ്ങളും നേർന്നു.

സുന്ദരനാരായണ ഗാനാഞ്ജലി ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ജയകുമാർ മേനോൻ സംസാരിച്ചു. സുന്ദരനാരായണ കൃതികളുടെ ഉപജ്ഞാതാവായ തന്റെ പിതാവ് നാരായണൻ കുട്ടി മേനോന്റെയും മാതാവ് ശ്രീദേവി മേനോന്റെയും സംഗീത-സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിൽ ഇത്തരം പരിപാടികൾ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

അതിനു ശേഷം, സംഘടകസമിതിയെ പ്രതിനിധീകരിച്ചു കൊണ്ട്, ശ്രീ. സതീഷ്അമ്പാടി (Chair), സതീഷ് മാടമ്പത്ത് (Technical Coordinator) , സതീഷ് കാളത്ത് (Outreach Coordinator),  Program Coordinators ആയ അഞ്ജന  പ്രയാഗ, സുനിത മേനോൻ, രഞ്ജിത്ത് പിള്ള, ഹരികൃഷ്ണ കോയിപ്പള്ളിൽ, ശ്രീജിത്ത് ശ്രീനിവാസൻ (Media Partner & Trustee Board Member) എന്നിവർ സംസാരിച്ചു.

തുടർന്ന്, KHNA Super Singers Season 2 ൽ വിധികർത്താക്കളായി എത്തുന്ന ലേഖാ മേനോൻ (Judging Panel Mentor), ബിനി പണിക്കർ, ജ്യോതി സതീഷ്, ചന്ദ്രമോഹൻ, കാർത്തിക ഷാജി, പ്രൊഫ: ജയകൃഷ്ണൻ, ശബരിനാഥ് നായർ, ലക്ഷ്മി നായർ, അനുശ്രീ ജയേഷ്, ശുഭശ്രീ നാരായണൻ, ജ്യോത്സ്ന നാണു, ദീപക് വർമ്മ എന്നിവരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.

സതീഷ് അമ്പാടി KHNA Super Singers Season 2 ന്റെ അവതരണ ഗാനവും, ലോഗോയും അവതരിപ്പിച്ചു. അതിനു ശേഷം, KHNA ഭാരവാഹികൾ സിനു നായർ, അശോക് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

അവതാരകരായ അഞ്ജന പ്രയാഗ, സുനിത മേനോൻ എന്നിവർ ജൂണിൽ ആരംഭിക്കുന്ന KHNA Super Singers Season 2 ന്റെ വിശദവിവരങ്ങൾ പങ്കുവെച്ചു. ഏതു പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഒരു സംഗീതപരിപാടിയാണ് ഇതെന്ന് അവർ എടുത്തു പറഞ്ഞു. തുടന്ന്, സതീഷ് മാടമ്പത്ത് സമാപന സന്ദേശവും നന്ദിപ്രകാശനവും നടത്തിയതോടു കൂടി, സംഭവബഹുലമായ ഉത്ഘാടന ചടങ്ങ് സമാപിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.