കുവൈറ്റ് സിറ്റി: വിഷമദ്യ ദുരന്തത്തിൽ നടുങ്ങി കുവൈറ്റ്. മദ്യ നിരോധനം നിലനിൽക്കുന്ന രാജ്യത്ത് വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ 23 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്. 160 പേരാണ് ഇതുവരെ ചികിത്സ തേടിയത്. ഇവരിൽ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 51 പേരുടെ വൃക്ക തകരാറിലായെന്നും ഇവർക്ക് ഡയാലിസിസ് നടത്തുകയാണ് എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിലേറെയും ഇന്ത്യക്കാരാണ്. കണ്ണൂർ സ്വദേശി ഉൾപ്പെടെ ആറ് മലയാളികൾ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇതിൽ കൂടുതൽ മലയാളികൾ മരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. മദ്യനിരോധനമുള്ളതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിടുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നു മാത്രം പറയുന്ന എംബസി ദുരന്തകാരണം പോലും വെളിപ്പെടുത്തുന്നില്ല.
അതേസമയം, വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. 21 പേർക്കു കാഴ്ച പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ട്. വിഷമദ്യ ദുരന്തത്തെ തുടർന്നു കുവൈറ്റിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. അനധികൃത മദ്യ നിർമാണശാലകൾ കണ്ടെത്താനായി വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

