ലോകമൊട്ടാകെ ആരാധകരും ആസ്വാദകരുമുള്ള ലാലേട്ടന് ഏറ്റവും പ്രിയം ന്യൂജേഴ്സിക്കാരോടാണ്. ഇത് വെറുതെ പറയുന്നതല്ല. അമേരിക്കയില്‍ എപ്പോള്‍ വന്നാലും ന്യൂജേഴ്സിയിലുള്ള പ്രിയപ്പെട്ടവരെ-മറ്റ് സ്ഥലങ്ങളില്‍ ഇല്ലെന്നല്ല-കാണാന്‍ അദ്ദേഹം എത്തും. 'എമ്പുരാന്‍' സിനിമ ഇറങ്ങിയപ്പോഴും ഇതുതന്നെ ആയിരുന്നു സ്ഥിതി.
ന്യൂജേഴ്സി മോറിസ് പ്ലെയിന്‍സിലുള്ള റോഷിന്‍ ജോര്‍ജ് അത്തരത്തിലുള്ള ആരാധകവൃന്ദത്തില്‍പ്പെട്ട ആളാണ്. നോര്‍ത്ത് അമേരിക്കന്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആണ് അദ്ദേഹം. ലാലേട്ടന്‍റെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍. ലാലേട്ടനോടുള്ള സ്നേഹവായ്പുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരില്‍ പ്രധാനി. സുചേത്തി (സുചിത്ര മോഹന്‍ലാല്‍) എന്ന് പറയുമ്പോള്‍ നൂറ് നാവ്! കലാപരമായ മികവിന്‍റെ മുന്‍പില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ന്യൂജേഴ്സിയിലെ ഒരാസ്വാദകസുഹൃത്ത്.
'പേട്രിയറ്റ്' ന്യൂജേഴ്സിയിലെ 'ബോക്സ് ഓഫീസ് സിനിമ'യില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആദ്യ പ്രദര്‍ശനത്തിന് ലാലേട്ടന്‍ കുടുംബസമേതം എത്തി. സ്പാര്‍ട്ടയിലെ തിയേറ്റര്‍ സമുച്ചയത്തില്‍ എത്തുമ്പോള്‍ ഉടമ ജെയിംസ് മാത്യു സ്വീകരിക്കാന്‍ റോഷിനോടൊപ്പം മുന്‍നിരയില്‍.
'പേട്രിയറ്റി'ന്‍റെ നോര്‍ത്ത് അമേരിക്കന്‍ ഡിസ്ട്രിബ്യൂഷനിലെ ബിജൂ പുളിക്കന്‍, കാലിഫോര്‍ണിയയില്‍ നിന്ന് ഡ്രൈവ് ചെയ്ത് എത്തിയ കാര്‍ത്തിക് നാഥ്, സാജു എന്നിവരും ഒപ്പം. നാട്ടില്‍ 'പേട്രിയറ്റ്' ഉദ്ഘാടനം ചെയ്യുന്ന ദിവസമായ അന്ന് 11.45-ന് ഡിജിറ്റല്‍ കീ പ്രവര്‍ത്തനമാരംഭിച്ചു. ആശീര്‍വാദ്/ഹോളിവുഡ് ഡയറക്ടര്‍ നീല്‍ വിന്‍സന്‍റ്, വീഡിയോയും ഫോട്ടോകളും ചിത്രീകരിച്ച ജോണ്‍ മാര്‍ട്ടിനും കൂട്ടരും, ന്യൂജേഴ്സിയിലെ സംഘാടകരായ ഷിജോ പൗലൂസ്, ബൈജു വര്‍ഗീസ്, ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡണ്ട് സുനില്‍ ട്രൈസ്റ്റാര്‍, മൗണ്ട് ഒലീവ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നിന്ന് സുനില്‍ പൂവനാല്‍ എന്നിവരും റോഷനോടൊപ്പം എത്തിയിരുന്നു. കേക്കുകളും മറ്റും റോഷന്‍ ക്രമീകരിച്ചിരുന്നു.
കുട്ടികളുടെ ഗ്രാജുവേഷന്‍ പോലും മാറ്റിവെച്ചാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലാലേട്ടനെ കാണുവാന്‍ ആളുകള്‍ എത്തിയത്. 'ഇത് ഒരു അനുഭവമായി' എന്ന് ലാലേട്ടന്‍ പറയുകയും ചെയ്തു.
കലാപരമായ ചരിത്ര ഇടവേളകളില്‍ ഇത്തരം സിനിമാ പ്രദര്‍ശനങ്ങള്‍ മനസ്സിനെ കുളിരണിയിക്കുന്നു എന്നു ലാലേട്ടന്‍ പറഞ്ഞതായി ആസ്വാദകര്‍ പറഞ്ഞു. 'പേട്രിയറ്റി'ലെ മമ്മൂട്ടിയുടെ-ലാലേട്ടന്‍റെ ഭാഷയില്‍ ഇച്ചാക്കാ-പ്രകടനം അത്യുജ്വലമായി. 50 സിനിമകളിലെങ്കിലും ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 40 വര്‍ഷത്തിലധികമായി ഇച്ചാക്കയുമായി ബന്ധമുണ്ട്. "അഭിനയ മികവിന്‍റെ വഴിവിളക്കായി 'പേട്രിയറ്റി'നെ കാണുന്നു": ലാലേട്ടന്‍ പറയുന്നു.
ജോര്‍ജ് വാഷിങ്ടണ്‍ ബ്രിഡ്ജില്‍ നിന്ന് റൂട്ട് 80-യിലൂടെ 50 മിനിട്ട് മാത്രമുള്ള സ്പാര്‍ട്ടയിലെ തിയേറ്റര്‍ കോംപ്ലക്സില്‍ 'പേട്രിയറ്റ്' ഒന്നാം ദിവസം ലാലേട്ടന്‍ എത്തുമ്പോള്‍ രണ്ട് തിയേറ്ററുകളിലും ആഹ്ളാദാരവം. ഇന്‍റര്‍വെല്ലിന് ഒരു തിയേറ്ററില്‍ നിന്ന് തൊട്ടടുത്തുള്ള തിയേറ്ററിലേക്ക് ലാലേട്ടന്‍ എത്തുമ്പോള്‍ ഓഡിയന്‍സ് ആകപ്പാടെ ഇളകി. സ്നേഹവായ്പുകള്‍ക്ക് അറുതിയില്ലല്ലോ.


![]()
![]()
![]()

