'തുടരും' കണ്ടു.സ്റ്റീഫനും ലൂസിഫറും,അബ്രാമും എമ്പുരാനും,
ഷണ്മുഖവും തുടരും,ഇതാണ് റിവ്യൂ!
സത്യത്തിൽ 'തുടരും' എന്ന പടത്തിന് ഇപ്പോൾ കിട്ടുന്ന ഈ വൻ കൈയ്യടിക്ക് അവർ നന്ദി പറയേണ്ടത് സത്യത്തിൽ എമ്പുരാനോടാണ്...
ലൂസിഫർ തന്ന ആ അടിപൊളി "സിനിമ അനുഭവം" എമ്പുരാൻ തന്നില്ല എന്ന് തുറന്നു പറഞ്ഞപ്പോൾ ഞാൻ സ്വാഭാവികമായും സംഘിയും രാജ്യദ്രോഹിയും ഒക്കെയായിരുന്നു. എന്തായാലും ഇപ്പോൾ അതെ അഭിപ്രായം ആയിരക്കണക്കിന് ആളുകൾ തുറന്നു പറയുന്നതാണ് കാണുന്നത്.
എമ്പുരാൻ ഇഷ്ടമായില്ല എന്ന് പറഞ്ഞപ്പോൾ പലരും ആ സിനിമ പറഞ്ഞ വിഷയത്തെ തള്ളി പറഞ്ഞു എന്ന രീതിയിൽ ആണ് അതെടുത്തത്. അത് കൊണ്ട് തന്നെ ഞാൻ സംഘിയും ആയി.
കൂട്ടരേ, ഞാൻ ഒരു സിനിമ ഇഷ്ടമായി എന്ന് പറയുന്നത് ആ സിനിമ നമുക്ക് തന്ന ഒരു ടോട്ടൽ അനുഭവം വെച്ചാണ്.ആ അനുഭവത്തിൽ ആ സിനിമ കൈകാര്യം ചെയ്ത വിഷയം എന്നത് ഒന്ന് മാത്രം ആണ്. ആ വിഷയത്തെ മനസ്സിൽ തൊടുന്ന രീതിയിൽ ആസ്വാദകന്റെ അടുത്തേക്ക് അവർ കാണാനും കേൾക്കാനും ഓർത്തു വെക്കാനും പാകത്തിൽ എത്തിക്കുമ്പോഴാണ് ഒരു സിനിമ ശെരിക്കും നല്ല സിനിമ ആകുന്നത്.
ഇത്രയേ ഉള്ളു എന്റെ സിനിമ ആസ്വദനത്തിന്റെ മാനദണ്ഡം...
അതിൻറെ ഇതിവൃത്തം മാത്രം നോക്കി സിനിമ അടിപൊളി ആണ് എന്ന് പറയാൻ തത്കാലം നിർവാഹമില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും... അതിപ്പോ എന്ത് പേര് ചാർത്തി തന്നാലും ശെരി... പറയും! അത് എന്റെ സ്വകാര്യ സ്വാതന്ത്ര്യം ആണ്.
സിനിമ പ്രതീക്ഷിച്ച സംതൃപ്തി തന്നാൽ എണീറ്റു നിന്ന് മതിയാകുന്ന വരെ കൈ അടിക്കുന്ന ഒരാൾ ആണ് ഞാൻ. അങ്ങിനെ അവസാനം കൈയടിച്ച സിനിമ ആയിരുന്നു കണ്ണൂർ സ്‌ക്വാഡ്.
വളരെ ചെറിയ ഒരു കേസ്. അതിനേക്കാൾ സാധാരണക്കാരായ കുറച്ചു പോലീസുകാർ. അവർ നടത്തിയ ഒരു അന്വേഷണം. ഒന്നും അവിടെ അസാധാരണമായി ഉണ്ടായിരുന്നില്ല. ഒരു ഹൈപ്പും ഉണ്ടായില്ല. പക്ഷെ അവിടെ അസാധാരണമായത് ആ സംവിധായകനും തിരക്കഥകൃത്തും അത് നമ്മളിലേക്ക് എത്തിച്ച രീതി ആയിരുന്നു. ഒട്ടും ഒന്നും ചോർന്നു പോകാതെ നമ്മളും ആ സാധാ പോലീസുകാർക്കൊപ്പം സഞ്ചരിച്ചു. അവരുടെ വേദനകളിൽ വേദനിച്ചു. അവരുടെ വിജയത്തിൽ സന്തോഷിച്ചു . അഭിമാനിച്ചു. ഒരു പോലീസുകാരനായ എന്റെ അച്ഛൻ ആ സിനിമ കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു കയ്യടിക്കുന്നത് ഞാൻ കണ്ടതാണ്.
അതാണ് സിനിമ!
പിന്നെ അത് മാത്രമല്ല സിനിമ എന്നും ബോധ്യമുണ്ട്. ഇതേ ഞാൻ തന്നെ ബാഹുബലിയും KGF ഉം ആസ്വദിച്ചിട്ടുണ്ട്. കാരണം അത് നമുക്ക് തന്ന ഒരു അഡ്രെനലിൻ റഷ് വേറെയാണ്. എമ്പുരനിൽ നിന്ന് പ്രതീക്ഷിച്ചതും അതാണ്. പക്ഷെ കിട്ടിയില്ല.
ഇനി 'തുടരും' എന്നതിനെ പറ്റി രണ്ടു വാക്ക് കൂടി.
ജോർജ് സാറും ബെന്നി സാറും കസറി.
മോഹൻലാൽ നിരാശപ്പെടുത്തിയില്ല.
ശോഭന, എന്തോ എനിക്ക് സെറ്റ് ആയി തോന്നിയില്ല.
എന്തായാലും ലാലേട്ടൻ തിരിച്ചു ട്രാക്കിൽ കയറുമെന്ന വിശ്വാസം...
ഒരു ലാലേട്ടൻ ഫാനിന് അതാണ് "തുടരും" എന്ന സിനിമ...
തുടരുമായിരിക്കും!

ഡോ.സൗമ്യ സരിൻ

