"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്". മുഖവുര ആവശ്യമില്ലാത്ത 'ആടുജീവിതം' എന്ന നോവലിന്റെ തലേക്കെട്ട്.
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്".
മുഖവുര ആവശ്യമില്ലാത്ത 'ആടുജീവിതം' എന്ന നോവലിന്റെ തലേക്കെട്ട്.
ആ പുസ്തകം വായിച്ചു തീരുമ്പോഴേയ്ക്കും തലേക്കെട്ടിനു പ്രസക്തി നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്. വായനക്കാരനുമായി അത്രയും നേരിട്ട് സംവദിക്കുന്ന ലളിതമായ എഴുത്തിലൂടെ ബെന്യാമിൻ നജീബിന്റെ ചോരവാർക്കുന്ന പ്രവാസജീവിതം നമ്മെ ആഴത്തിൽ അനുഭവിപ്പിക്കുക തന്നെയാണ് സത്യത്തിൽ ചെയ്തത്.
ചിത്രം ഒട്ടും വ്യത്യസ്തമല്ല.
രണ്ടും അവയുടെ രീതിയിൽ ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.
നോവൽ വായിച്ചതിനു ശേഷം ചിത്രം കണ്ട എനിയ്ക്കും, അതൊന്നുമറിയാതെ എന്റെ കൂടെ വന്ന മകനും സിനിമയെപ്പറ്റി ഒരേ അഭിപ്രായം.
(Understandably, he felt it was depressing at times)
മണലാരണ്യത്തിന്റെ വിഭ്രമിപ്പിയ്ക്കുന്ന സൗന്ദര്യം!
അതിന്റെ ദൃശ്യാവിഷ്കാരം ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിയ്ക്കുന്നതാണ്.
പാട്ടുകളിൽ, കേൾക്കുന്ന മാത്രയിൽ മനസ്സിൽ പതിയുന്നത് 'പെരിയോനേ റഹ്‌മാനേ' എന്ന മെലഡി.
നജീബിലൂടെ വളരെ മികച്ച അഭിനേതാവ് തന്നിൽ ഉണ്ടെന്ന് പൃഥിരാജ് അടയാളപ്പെടുത്തുന്നു.ഗോകുലിന്റെ ഹക്കീം ഒട്ടും പിറകിലല്ല, ഇബ്രാഹിം ഖാദരിയും വളരെ നന്നായിട്ടുണ്ട്.
ദശലക്ഷക്കണക്കിനു വായനക്കാരുടെ നെഞ്ചിൽ പ്പതിഞ്ഞ ഒരു അനുഭവകഥ സ്‌ക്രീനിൽ വിശ്വാസ്യതയോടെ അവതരിപ്പിയ്ക്കുന്നത് ബ്ലെസ്സിയ്ക്കെന്നല്ല, ഏതൊരു സംവിധായകനും വലിയ വെല്ലുവിളിയായിരുന്നു.
(ഇതിനകം പുറത്തിറങ്ങിയ അസംഖ്യം റിവ്യൂ കളിൽ പറഞ്ഞ മറ്റു പല കാര്യങ്ങൾ ആവർത്തിച്ചു ബോറടിപ്പിയ്ക്കുന്നില്ല.)
ഈയിടെയായി മലയാള സിനിമ
അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക്
ഉയരുന്നു എന്ന് മാത്രം സന്തോഷത്തോടെ പറയട്ടെ.
സൃഷ്ടികർത്താക്കൾക്കും,
മലയാളിക്കും അഭിമാനിയ്ക്കാം
രാജീവ് പഴുവിൽ ,ന്യൂജേഴ്‌സി