PRAVASI

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ (MARC) സില്‍വര്‍ ജൂബിലി വര്‍ഷത്തിലേക്ക്

Blog Image

ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി (25-ാം വാര്‍ഷികം) വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. 2025 ഒക്ടോബര്‍ 25 മുതല്‍ 2026 ഒക്ടോബര്‍ വരെ, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികള്‍ക്കാണ് സംഘാടകര്‍ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ 17-ന് സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ബാങ്ക്വറ്റ് ഡിന്നറും കലാപരിപാടികളും സില്‍വര്‍ ജൂബിലി ആഘോഷപരിപാടികള്‍ക്ക് തിളക്കം വര്‍ദ്ധിപ്പിക്കും.
മനുഷ്യസ്നേഹത്തിന്‍റെ അടയാളമായി കേരളത്തില്‍ നിര്‍ദ്ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്കുവാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 25 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന ഈ ഹൗസിംഗ് പ്രോജക്ട് സംഘടനയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്‍റെ മകുടോദാഹരണമാണ്.
ജൂബിലിവര്‍ഷത്തിന്‍റെ തുടക്കമായി ആദ്യവീട് 2025 ഒക്ടോബര്‍ 25-ന് വെള്ളിയാഴ്ച 'റെസ്പിറേറ്ററി ആഴ്ച'യുടെ ഭാഗമായി കൈമാറി. സംഘടനയുടെ മുതിര്‍ന്ന അംഗങ്ങളായ ഫിലിപ്പ് ജോസഫ്, ടോം കാലായില്‍, അച്ചു സ്കറിയ ,അബ്രഹാം വെട്ടിക്കാട്ട് എന്നിവര്‍ പങ്കെടുത്ത ഈ ചടങ്ങ്, മാര്‍ക്കിന്‍റെ സേവനയാത്രയില്‍ ഒരു പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ചു.അഡ്വ .പ്രമോദ് നാരായൻ എം എൽ എ ,വാർഡ് മെമ്പർ ഷൈനി മാത്യു ,പ്രോജക്ട് കോർഡിനേറ്റർ കെ.പി ജയലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .റാന്നി നെല്ലിക്കമണ്ണിലുള്ള കല്ലുപറമ്പിൽ കെ.ആർ രതീഷിനാണ് വീട് നൽകിയത് .കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയായ ഡോ.എം.എസ് സുനിൽ ടീച്ചറിന്റെ നേതൃത്വത്തിലാണ് ഈ പ്രൊജക്ട് പൂർത്തിയാക്കിയത്. 
കഴിഞ്ഞ 25 വര്‍ഷങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി സേവനപദ്ധതികള്‍ വിജയകരമായി മാര്‍ക്ക് നടപ്പിലാക്കി. കോട്ടയം മെഡിക്കല്‍ കോളജിന് അടിയന്തരമായി വെന്‍റിലേറ്റര്‍ സംഭാവന നല്കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, കമ്യൂണിറ്റി ഹെല്‍ത്ത് ഫെയറുകള്‍, അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങള്‍-ഇതെല്ലാം മാര്‍ക്കിന്‍റെ മനുഷ്യസ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും ചെറിയ ഉദാഹരണങ്ങള്‍ മാത്രം. സമൂഹത്തോടൊപ്പം, നന്മനിറഞ്ഞ മനസ്സുമായി, സേവനത്തിന്‍റെ പാതകളിലൂടെ മാര്‍ക്ക് ഇനിയും ബഹുദൂരം പിന്നിടുകതന്നെ ചെയ്യും. മാര്‍ക്കിന്‍റെ സേവനപദ്ധതികള്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായസഹകരണങ്ങള്‍ നല്കിയ എല്ലാവര്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍!


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.