കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന മൊഴിയാണ് മകൻ പോലീസിന് നൽകിയത്. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടത് അമ്മ അനുസരിക്കാതെ വന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിക്ക് വിറകു കഷ്ണം കൊണ്ട് മെൽവിൻ ഹിൽഡയെ തലക്കടിച്ചു വീഴ്ത്തി. മരിച്ചെന്ന് കരുതി കത്തിച്ചു കളയാൻ തീരുമാനിച്ചു.
വീട്ടിലുണ്ടായിരുന്ന തുണികളും വീട്ടുപരിസരത്തെ കരിയിലകളും ചേർത്ത് തീയിട്ട് ശരീരം കത്തിച്ചു. ഇതിന് ശേഷമാണ് അയൽവാസിയായ ലൊലീറ്റയെ അമ്മയ്ക്ക് വയറുവേദനയാണെന്ന് പറഞ്ഞ് മെൽവിൻ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. തുടർന്ന് ലൊലീറ്റയെയും മർദിച്ചു. ഓടി രക്ഷപ്പെട്ട ലൊലീറ്റ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നാണ് ജീവൻ രക്ഷിച്ചത്.
സ്വത്ത് എഴുതി നൽകുന്നതിൽ നിന്ന് അമ്മയെ പിന്തിരിപ്പിച്ചതിലുള്ള വിരോധത്തിലാണ് ലൊലീറ്റയെ മർദിച്ചതെന്നും മൊഴിയിൽ പറയുന്നു. മദ്യപിച്ച ശേഷം എന്നും അമ്മയുമായി തർക്കം ഉണ്ടായിരുന്നെന്നും പ്രതി മൊഴി നൽകി. സ്വന്തം പേരിൽ എഴുതി വാങ്ങിയ ശേഷം വീടും സ്ഥലവും ബാങ്കിൽ പണയം വയ്ക്കാൻ ആയിരുന്നു നീക്കമെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഉഡുപ്പി കുന്ദാപുരയിൽ വെച്ചാണ് പ്രതിയായ മെൽവിനെ പോലീസ് പിടികൂടിയത്. അയൽക്കാരിയായ ലൊലിറ്റ എന്ന യുവതിയേയും മെൽവിൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. ലൊലിറ്റ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


