LITERATURE

യഥാർത്ഥ മാനസ്സാന്തരം ഗുണകരമായ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്നു (മഞ്ജുളചിന്തകൾ )

Blog Image

ഒരുവന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ വന്ന പാകപ്പിഴകളാൽ മറ്റുള്ളവർക്ക് നേരിട്ട അപമാനത്തിൽ ദുഃഖിക്കുന്ന ഒരുവന്റെ നുറുങ്ങിയ ഹൃദയ ത്തിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ മുറിവേറ്റവന്റെ മുറിവിൽ വേദനസംഹാരിയായി തീരുന്നുവെങ്കിൽ അതാണ് അനുതാപത്തിൽ നിന്നും ഉളവാകുന്ന മാനസ്സാന്തരം.


"മെറ്റാനോയിയോ" ഈ പദം ഒരുത്തന് തന്റെ കർത്തവ്യങ്ങളെക്കുറിച്ചും, തന്റെ സ്ഥിതിയെക്കുറിച്ചും, ദൈവകൃപയെക്കുറിച്ചും തന്റെ പല സ്വഭാവത്തെ ക്കുറിച്ചും മുമ്പുണ്ടായിരുന്ന ദുരഭിപ്രായങ്ങൾ മാറി സത്യബോധമുണ്ടാകുന്നതിനെകുറിക്കുന്നു. "എഫിസ്റ്റ്റെഫോ"  ഈ പദം സൂചിപ്പിക്കുന്നതോ ഒരു ത്തൻ തിന്മയിൽനിന്നും സത്യത്തിലേക്ക് തന്നത്താൻ തിരിയുന്നതിനെയത്രെ. ആധികാരഭാക്ഷകളിലെ ഈ വാക്കുകൾക്ക് ആർക്കും മനസ്സിലാകുന്ന 

ലളിതമായ ഭാക്ഷാന്തരം "മാനസ്സാന്തരം" എന്നത്രെ. ഏതു പാമരനും മനസ്സിലാകുന്ന ലളിതമായൊരു പദം!

ഏതു മനുഷ്യനും മനസ്സിലാകുന്ന വിധം ബൈബിൾ മനസ്സാന്തരത്തിന്റെ വിശാലാർത്ഥങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിൽ പ്രധാനമായ രണ്ടെണ്ണം  (1) അനുതാപത്താലുളവാകുന്ന മാനസ്സാന്തരം. (2) അനുതാപമില്ലാത്ത മാനസ്സാന്തരം. ഇന്ന് ഏറെയും കാണുന്നത് രണ്ടാം തരത്തിലെ മനസ്സാന്തരമാണ്. ഒരുവന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ വന്ന പാകപ്പിഴകളാൽ മറ്റുള്ളവർക്ക് നേരിട്ട അപമാനത്തിൽ ദുഃഖിക്കുന്ന ഒരുവന്റെ നുറുങ്ങിയ ഹൃദയ ത്തിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ മുറിവേറ്റവന്റെ മുറിവിൽ വേദനസംഹാരിയായി തീരുന്നുവെങ്കിൽ അതാണ് അനുതാപത്തിൽ നിന്നും ഉളവാകുന്ന മാനസ്സാന്തരം.

ഇന്ന് ഏറെയും പൊള്ളയായ വാക്കുകളാൽ "തേക്കുന്ന" രീതികളും പരിഹാസ്സങ്ങളുടെ "ട്രോളുകളും"നമ്മുടെ ഇടയിൽ വ്യപകമാണല്ലോ. മറ്റുള്ളവരെ "കീറിവരഞ്ഞ്‌ മസാലപുരട്ടി" ആഹ്ളാദിക്കുന്ന അനവധി ഭോഷ്കിന്റെ സന്തതികൾ എങ്ങും പ്രത്യേകിച്ച് മതങ്ങളുടെ മറവിൽ തടിച്ച്കൊഴുത്ത് പലതി ന്റേയും ചുമതലക്കാരായി തീർന്നിരിക്കുന്നതിനാൽ മനോഭാരവും അപമാനഭാരവും അനുഭവിച്ച് ഇരുട്ട് മുറിയിലെന്നപോലെ ജീവിക്കുന്ന അനേകരുടെ യും ജീവിതം അവർക്ക്  കണ്ടും കേട്ടും രസിക്കുവാനുള്ള ഒരു കളിപ്പാട്ടം പോലെ ആയിത്തീർന്നു. സ്വാന്തനത്തിന്റെ ഒര് വാക്ക് കേട്ടിരുന്നെവെങ്കിൽ അനേകർക്കും അതൊരു രോഗാണുനാശകരമായ ഔഷധത്തെക്കാളും ഗുണകരമായേനേ! മനസ്സോടെയല്ലെങ്കിലും ചുമ്മാ "സോറി" പറയുന്ന പലരു മുണ്ട്. അത് പലരേയും ഒതുക്കുവാനുള്ള വലിയൊരു തന്ത്രമാണ്. എന്നാൽ ഹൃദയത്തിൽ നിന്നും വരുന്ന ഒരു "സോറിക്ക്" മനസ്സിന്റെ പോറലുകളെ സുഖപ്പെടുത്തുവാൻ കഴിയും.

യരീഹോവിൽ ഒരു ധനികനായൊരു ഗവൺമെൻറ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. തനിക്കു അധികാരമുണ്ടായിരുന്നെങ്കിലും ഒട്ടുമേ എങ്ങും ഒരംഗീകാര വും ഇല്ലായിരുന്നു. പെട്ടെന്നാണ് തന്നിൽ ചില ചിന്തകൾ ഉരുത്തിരിഞ്ഞത്. അതിൽ പ്രധാന ചിന്ത തന്റെ സമീപത്തുകൂടെ കടന്നു പോകുന്ന യേശു വിനെ ഒന്ന് കാണണം എന്നതായിരുന്നു. അതിനുള്ള ശ്രമം നടത്തിയെങ്കിലും ആഗ്രഹം നിഷ്ഫലമായിപ്പോയി. കാരണങ്ങൾ പ്രധാനമായും രണ്ടാണ്. (1) താൻ വളർച്ചയിൽ കുറുകിയവനായിപ്പോയി. (2) യേശുവിന് ചുറ്റും നിൽക്കുന്നവരെല്ലാം വളർച്ചയിൽ നീളം കൂടിയും പോയി. അപ്പോഴാണ് നീളം കൂടിയവരെക്കാളും നീളമുള്ള ഒരു കാട്ടത്തി അടുത്തുള്ളത് തന്റെ ഓർമ്മയിൽ വന്നത്. ഒട്ടും വൈകിയില്ല താൻ ഓട്ടം തുടങ്ങി. ബദ്ധപ്പെട്ടാണെങ്കിലും ആ ധനവാൻ മരത്തിനു മുകളിലെത്തി. ആശ്വാസമായി, എന്നെ ആരും കാണുകയില്ല, എനിക്ക് എല്ലാവരെയും കാണാമല്ലോ എന്ന് ചിന്തിച്ചിരിക്കുന്ന സഖായിയെ അമ്പരിപ്പിച്ചുകൊണ്ടു മരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന യേശു തന്റെ പെരുവിളിച്ചുകൊണ്ട് പറയുകയാണ് "സഖായിയെ വേഗം ഇറങ്ങി വാ, ഞാൻ ഇന്ന് നിന്നോടുകൂടെ നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു".

ബദ്ധപ്പെട്ടു മരത്തിൽനിന്നും ഇറങ്ങിയ സഖായി യേശുവിനോടോപ്പോം തന്റെ വീട്ടിലെത്തി. ഇതിനിടയിൽത്തന്നെ സഖായിയിൽ കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ആന്തരീക പ്രവർത്തനം തുടങ്ങിയിരുന്നു. സഖായി ആദ്യമായി യേശുക്രിസ്തുവിന്റെ മുന്നിൽ കുമ്പസരിച്ചു എന്ന് പറഞ്ഞാലും തെറ്റില്ല. മാനസാന്തരത്തിന്റെ ഫലങ്ങൾ പെട്ടന്നുതന്നെ തന്നിൽ ഉളവായി. അനുതാപത്തോടുകൂടിയ മാനസാന്തരത്തിന്റെ വാക്കുകളാണ് നമുക്കു കേൾക്കുവാൻ കഴിയുന്നത്. ഇതുവരെ ദരിദ്രരെ വെറുത്തിരുന്നു സഖായി മനസ്സാന്തരപ്പെട്ടുകഴിഞ്ഞപ്പോൾ പറയുന്നത് 1.എന്റെ വസ്തുവകയിൽ പകുതി വിറ്റു ഞാൻ ദരിദ്രർക്ക് കൊടുക്കും.  2.ചതിവായി വാങ്ങിയതെല്ലാം നാല് ഇരട്ടി തിരിച്ചു കൊടുക്കും.

യഥാർത്ഥമായ മാനസ്സാന്തരം ഗുണകരമായ ഫലങ്ങളെ ഉളവാക്കുന്നതാണ്. നമ്മുടെ ഇടയിൽ ചിലരിൽ ഈ മാനസ്സാന്തരം വന്നിരുന്നെങ്കിൽ എത്ര യോ ദരിദ്രന്മാർ രക്ഷപെട്ടേനെ! ചതിവിൽ അകപ്പെട്ട അനേകർക്കും ഒരു ഉയർത്തെഴുന്നേൽപ്പ്‌ ഉണ്ടാകുകയില്ലേ? ചിലരെങ്കിലും ചതിവിൽ കൂടി വാങ്ങി കൂട്ടിയതിന്റെ ഒരംശമെങ്കിലും തിരികെകിട്ടിയിരുന്നെങ്കിൽ നമുക്ക് ഈ സമൂഹത്തിന് ഗുണകരമായ എന്തെല്ലാം നല്ലകര്യങ്ങൾ ചെയ്യാമായിരുന്നു? ഒരുമിച്ചു കൊടുക്കുവാൻ കഴിയുന്നില്ലെങ്കിൽ "മാസ്സപ്പടി" ആയിട്ട് കൊടുത്താലും മതിയായിരുന്നു. മാനസ്സാന്തരത്തെകുറിച്ചു പ്രബന്ധം എഴുതി ബിരു ദങ്ങൾ നേടിയവർപോലും മനസ്സാന്തരപ്പെടുവാൻ താമസ്സിക്കുന്നു എന്നതും ഖേദകരംതന്നെ. 

മാനസ്സാന്തരം എന്ന വിത്ത് നമ്മിൽ വീണു കിളിർക്കട്ടെ. അതൊരു വലിയ ഫലവൃക്ഷമായും വളരട്ടെ. അതല്ലാതെ വളരെ മണിക്കൂറുകൾ വാചാലമായി ആരെയൊക്കെ പഠിപ്പിക്കുവാൻ കണ്ഠക്ഷോപം നടത്തിയിട്ട് കൂലിയും വാങ്ങി പഴയ പണിതുടർന്നാൽ എല്ലാവരും പറയും "സോറി, റിയലി സോറി" നമ്മിൽ ഉളവാകട്ടെ മാനസാന്തരത്തിന്റെ ഫലങ്ങൾ! 

പാസ്റ്റർ ജോൺസൺ സഖറിയ,ഡാളസ് 

Related Posts