“നടയടയ്ക്കാറായ് വേഗം വാ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് കുട്ടിയായ എനിക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്ത വേഗത്തില്‍, അമ്പലത്തിലേക്കിറങ്ങിയോടാനും അമ്മയ്ക്കൊരു നിമിഷാര്‍ദ്ധംപോലു- മിപ്പോൾ ആവശ്യമില്ല.
മരിച്ചവര്‍ തിരിച്ചുവരുന്നത്
സ്വപ്നങ്ങളിലാണ്. പിന്നെ,
മരണമില്ലാത്ത ഓര്‍മകളിലും!
മരിക്കുന്നവരെവിടേക്കാണ്
പോകുന്നത്....?
മരണമൊരവസാന-
യാത്രയാവാനിടയില്ല.
സ്വപ്നങ്ങളില്‍, അതിരുകളില്ലാത്ത
കാലങ്ങളിലൂടെ, മരിച്ചവരിങ്ങനെ
ഒഴുകിനടക്കും.
മരണത്തിലേക്കും തിരിച്ചും!
എന്‍റെ സ്വപ്നങ്ങളിലെപ്പോളും
അമ്മ പണിത്തിരക്കിലാണ്.
എന്നിട്ടും അമ്മയിടയ്ക്കൊക്കെ
മരണത്തിലേക്ക് പോകാറുണ്ട്.
പക്ഷേ, പണ്ട് “അമ്മവീട്ടില്‍”
പോയിരുന്നതുപോലെ,
പോയിട്ടു വേഗം തിരിച്ചുവരും.
കിഴക്കേപ്പറമ്പിലെ
ചവറടിച്ചു തീയിടാനും
വെള്ളിവരകള്‍നിറഞ്ഞ
മുടിയുമായി, തെക്കെച്ചുമരിലെ,
കടലാസുമാലചാര്‍ത്തിയ
ഫോട്ടോയില്‍ ഒതുങ്ങി-
ക്കൂടിയിരിക്കാനും
“നടയടയ്ക്കാറായ് വേഗം വാ”
എന്നു വിളിച്ചുപറഞ്ഞുകൊണ്ട്
കുട്ടിയായ എനിക്കൊരിക്കലും
എത്തിപ്പിടിക്കാനാവാത്ത വേഗത്തില്‍,
അമ്പലത്തിലേക്കിറങ്ങിയോടാനും
അമ്മയ്ക്കൊരു
നിമിഷാര്‍ദ്ധംപോലു-
മിപ്പോൾ ആവശ്യമില്ല.
പ്രസാദ് പഴുവില്‍