മരിച്ച ശേഷം കിട്ടുന്ന പ്രശസ്തിയോർത്ത് ഞാൻ തീരെയും സന്തോഷിക്കാറില്ല. മരിച്ച ശേഷം എന്ത് കിട്ടിയാലെന്ത് എനിക്കൊരു പ്രയോജനവും ഇല്ലല്ലോ.
മരിച്ച ശേഷം കിട്ടുന്ന
പ്രശസ്തിയോർത്ത് ഞാൻ തീരെയും
സന്തോഷിക്കാറില്ല.
മരിച്ച ശേഷം എന്ത് കിട്ടിയാലെന്ത്
എനിക്കൊരു പ്രയോജനവും ഇല്ലല്ലോ.
ജീവിച്ചിരിക്കെ പ്രശസ്തരാകുന്ന
എഴുത്തുകാരോട് എനിക്ക് അസൂയയുണ്ട്.
അവർക്ക് വേണ്ടി കൂടി അച്ചടിക്കപ്പെടുന്ന
വാരികകൾ, അവരുടെ എഴുത്തുകൾ
താല്പര്യപൂർവ്വം പ്രസിദ്ധീകരിക്കുന്ന
എഡിറ്റർമാർ , വായനക്കാർ .....
മറ്റുള്ളവരാൽ സ്നേഹിക്കപ്പെടുന്ന
കവികളോളം ഭാഗ്യം ഉള്ളവർ ആരുണ്ട്?
ഇല്ലാത്തതിനെയും കിട്ടാത്തതിനെയും
അല്ലേ എനിക്ക് എഴുതാൻ ആവൂ? അതാണിങ്ങനെ.
നിങ്ങൾ പറയുമായിരിക്കും അതൊന്നും
ആഗ്രഹിക്കരുത് എന്ന് . കിട്ടാത്തവ അഥവാ
വേണ്ടാത്തവ ആഗ്രഹിക്കാൻ മനുഷ്യമനസ്സിന്
ഒരു പ്രത്യേക കഴിവുണ്ട്.
നാളെയാണ് ജക്കരാന്ത പൂവിടുക
അതിലൊരു പൂവ് അജ്ഞാതനായ
വായനക്കാരനുള്ളതാണ് .
എന്നാൽ അയാൾ അത് അറിയുന്നില്ല.
അയാൾക്ക് മുന്നിൽ എത്തുന്ന അനേകം
കവിതകളിൽ ഞാനോ ജക്കരാന്തയോ
ഞങ്ങളുടെ ലോകമോ ഇല്ല .
അയാൾക്കായി പൂവിട്ട ജക്കരാന്തയെ
ഞാൻ കടലാസിൽ എഴുതിയത് അയാൾ കാണുന്നില്ല .
എനിക്ക് മരണത്തെ പേടിയില്ല .
എന്നാൽ ജീവിച്ചിരിക്കെ വിരൽ തുമ്പിലെ
ക്രിസാന്തി മങ്ങൾ കൊഴിഞ്ഞു പോകുന്നതിൽ
വേദനയുണ്ട് .
എൻറെ കണ്ണിലെ നക്ഷത്രമുല്ലകളുടെ
വെളിച്ചം മറ്റൊരു ഭാഷയിൽ എഴുതുന്ന
കവിക്കുള്ളതാണ്.
അവൾക്കും എനിക്കും ഇടയിൽ ഇരുട്ടാണ്.
ഞാനിരിക്കുന്ന മുറികളിൽ എല്ലാം
ഇരുട്ട് നിറച്ചിട്ട് സൂര്യനിതാ നിനക്കാണെന്ന്
പറയുന്നവരോട് എനിക്ക് ഇരുട്ടാണ്.
കരയരുതെന്ന് നിങ്ങൾ പറയുന്നത് ഞാൻ
ചിരിക്കാൻ തുടങ്ങുമ്പോഴാണ് .
പൂക്കണമെന്ന് നിങ്ങൾ പറയുന്നത്
ഞാൻ വിടർന്ന ശേഷമാണ്.
നമ്മൾ എത്ര അകലത്തിലാണ് !
അടുത്തിരിക്കാൻ കഴിയുംവിധം അകലത്തിൽ .