മരിച്ചു പോയ ഒരുവൾക്ക്
ഇനി വേദനകളേ ഇല്ല...
അവളെ വേദനിപ്പിക്കാൻ
ഇനിയാർക്കും ആവുകയില്ല...
ആകുലതലൊതുക്കി,മുടി മാടിക്കെട്ടി
അവളീ ഭൂമി വിട്ടു
പോകുന്ന തിരക്കിലാണ്...
സങ്കടം നിറം കെടുത്തിയിരുന്ന
അവളുടെ കണ്ണുകളിൽ
ഇപ്പോൾ സമാധാനത്തിന്റെ
മെഴുകുതിരി വെട്ടങ്ങൾ...
അവൾ കൊണ്ട സങ്കടങ്ങളെല്ലാം
ഉപേക്ഷിച്ച് ഒരു വലിയ
യാത്രയിലാണവൾ...
"ഇയാൾ കൂടിയേ തീരൂ"
എന്നിനി അവൾക്കാരെക്കുറിച്ചും
വേവലാതിപ്പെടേണ്ടതില്ല...
"എത്ര സ്നേഹമായിരുന്നു
മുൻപൊക്കെ അയാൾക്കെന്നോട്"
എന്നിനി ഒരിക്കലും
അവൾക്ക് ഉറക്കമുണരേണ്ട,
"അയാൾ ചുംബിച്ചിരുന്നല്ലോ,
അയാൾ ശുഭദിനമാശംസിച്ചിരുന്നല്ലോ"
എന്ന് കണ്ണും മനസ്സും നീറ്റേണ്ട...
മരിച്ചു പോയ ഒരുവൾക്കെങ്ങനെ....???
കാലത്തിന്റെ ഏതോ വിഹ്വലമായ
വളവിൽ വെച്ച്
"'എനിക്ക് വേണ്ടി
അവൾ യാചിച്ചിരുന്നുവല്ലോ,
എനിക്ക് വേണ്ടി അവളെത്രയോ
കണ്ണീരൊഴുക്കിയിരുന്നുവല്ലോ'
എന്നയാൾ സങ്കടപ്പെടുമ്പോഴൊന്നും
അവളിൽ ഇനിയൊരിക്കലും അയാൾക്കെത്തിച്ചേരാൻ
കഴിയില്ല...
അല്ലെങ്കിലും മരിച്ചു പോയവരും
ജീവിച്ചിരിക്കുന്നവരും
തമ്മിലുള്ള ദൂരം ആരാണ്
അളന്നു തിട്ടപ്പെടുത്തിയത്???
അയാളുടെ തിരക്കുകളോ,
സ്നേഹമില്ലായ്മയോ,
കള്ളത്തരങ്ങളോ അവളെയിനി
അലട്ടുകയില്ല...
മരിച്ചു പോയ ഒരുവൾക്കെങ്ങനെ...???
"അയാൾ സ്നേഹിക്കാത്ത
ഈ ലോകത്തു നിന്നും മരിച്ചു
പോകണേ"എന്നുള്ള
അവളുടെ പ്രാർത്ഥന
ഒടുവിൽ കൈക്കൊണ്ടിരിക്കുന്നു...
അവളുടെ മരണം കേട്ട് അയാൾക്കരികെയിരുന്ന്
സന്തോഷിക്കുന്ന ആ ഒരുവളുടെ
മുഖം മരണത്തിലും
അവളെ സന്തോഷിപ്പിക്കും...
വേദനകൾ മാത്രം തന്ന ഒരാളെ
അവൾ മരണത്തോടെ
മറന്നു പോയിരിക്കുന്നു...
അയാൾക്കിനി ഒരിക്കലും
അവളുടെഹൃദയത്തിലെ
സൂര്യനെഅണച്ചു കളയാൻ
ആവില്ല...
ഇനിയൊരിക്കലുംഅയാൾ
തന്നെ നോക്കിയില്ലെന്നോ
തന്നോട് ചിരിച്ചില്ലെന്നോ
തന്നെ ഓർത്തില്ലെന്നോ
അയാൾ തന്നെ സ്നേഹിക്കുന്നില്ലല്ലോ
എന്നൊന്നും ഓർത്ത്
അവളുടെ കണ്ണു നിറയുകയില്ല...
അല്ലെങ്കിലും മരിച്ചു പോയ
ഒരുവൾ അങ്ങനെ കരഞ്ഞതായി
ആരും പറഞ്ഞു കേട്ടിട്ടില്ലല്ലോ...
അയാളുടെ കണ്ണുകളിലെ
ചിരിയിലും സ്നേഹത്തിലും
മാത്രം കൊളുത്തിയിട്ട
അവളുടെ മനസ്സ്
മരിച്ചു പോയിരിക്കുന്നു...
അയാൾ കൊടുത്ത
സങ്കടങ്ങളുടെയും വേദനയുടെയും
കൂമ്പാരത്തിനടിയിൽ
പെട്ട് ശ്വാസം മുട്ടി അവൾ എന്നേ
മരിച്ചു പോയിരിക്കുന്നു,
അവളുടെ നുണക്കുഴിച്ചിരി
നിലച്ചു പോയിരിക്കുന്നു...
മരിച്ചു പോയ ഒരുവൾ
പുനജ്ജനിക്കാറില്ല
എന്ന് ഇപ്പോൾ അവനൊപ്പമിരുന്ന്
ആശ്വാസം കൊള്ളുന്ന ആ ഒരുവളെ
ഓർക്കുമ്പോൾ മരിച്ചു പോയവൾക്കും
ആശ്വാസമാകുന്നു...
കവിത മധു