PRAVASI

ഐറിസ് തട്ടിയുണർത്തിയ കിളിസ്മരണകൾ

Blog Image

 എറണാകുളത്തുള്ള എന്റെ മകൾ തുഷാരയുടെ വീട്ടിലേക്ക്‌ ഇന്നലെ വൈകുന്നേരം കടന്നു വന്നപ്പോൾ എന്നെ സ്വാഗതം ചെയ്തത് ബാൽക്കണിയിൽ നിന്നുയർന്ന ഒരു കിളിനാദമായിരുന്നു.  'മൊബൈൽ ' തോട് പൊട്ടിച്ചു പുറത്തുവന്ന   മിന്നുക്കുഞ്ഞ് ഓടിവന്ന്‌, എന്നെ  കെട്ടിപ്പിടിച്ച്, ഒരുമ്മയും തന്ന്, നേരെ ബാൽക്കണിയിലേക്ക് വലിച്ചുകൊണ്ടു പോയി. അവളുടെ ' പെറ്റ് '( pet) ഐറിസിന്റെ സ്വാഗതഗാനത്തിന്   ഞാൻ 'ഇൻസ്റ്റന്റ് ' പ്രതികരണം നൽകിയില്ലെങ്കിൽ അവൾക്കു സങ്കടമാകും പോലും! മറ്റുള്ളവരുടെ ശ്രദ്ധക്കുവേണ്ടിയുള്ള ദാഹം  മനുഷ്യക്കു ഞ്ഞുങ്ങൾക്കുള്ളതിനേക്കാൾ  കലശലാണത്രേ  ' ഐറിസ് ' എന്ന് അവൾ പേരിട്ടിരിക്കുന്ന ഈ സൺകൊ ണ്യൂറിന്. ( sunconure ). 'കണ്മണി '  (Iris  എന്ന വാക്കിന് അവൾ കല്പിച്ചിട്ടുള്ള അർത്ഥം )യോട് അപ്പച്ചൻ വന്നതിന്റെ സന്തോഷം പങ്കുവച്ച് കുറെ നേരം കൊഞ്ചിയതിനു ശേഷമേ  എന്റെ പേരക്കിടാവ് എന്നെ സ്വീക രണമുറിയിലേക്കു  കൊണ്ടുപോയുള്ളൂ.

                 തിരുവനന്തപുരത്തു നിന്നു വന്ന എന്നോട്   യാത്രയെക്കുറിച്ചു ചോദിക്കുകയോ, വീട്ടു വിശേഷങ്ങൾ പറഞ്ഞു തുടങ്ങുകയോ  ചെയ്യുന്നതി ലേക്ക്   ഒരു ഐറിസിന്റെ  അകലമുണ്ടായിരുന്നു. ആലിംഗനം ചെയ്ത്   സ്വീകരിക്കുമ്പോൾ  എന്റെ ജാമാതാവ് സംസാരിച്ചതും ഐറിസിനെക്കുറിച്ചു തന്നെ.

              അഞ്ചാറ് മാസം മുൻപ്  8000 രൂപ യ്ക്കു വാങ്ങി 'ഫാദർ സ്റ്റെപ് '( തന്തപ്പടി )  ജെൻസീ ( Gen Z)  പുത്രിക്കു സമ്മാനിച്ചതാണ് ഈ ഓമനക്കിളിയെ. പെറ്റ് ഷോപ്പിൽ   ഗോൾഡൻ കൊണ്യൂർ, പൈനാപ്പിൾ  കൊണ്യൂർ, പറ്റഗോണിയൻ  കൊണ്യൂർ  എന്നിങ്ങനെ പലയിനം കൊ ണ്യൂർ  കിളികൾ  ഉണ്ടായിരുന്നെങ്കിലും, സൺകൊണ്യൂറിന്റെ  വർണ്ണപ്പൊലിമ യാണ്   മോൾക്കിഷ്ടപ്പെട്ടത്. 25-- 30  വർഷം വരെയൊക്കെ ഇതു ജീവിക്കുമെന്നാണ് കടയുടമ  പറഞ്ഞതത്രേ.

                 ഗ്രീക്ക് പുരാണങ്ങളിൽ മഴവിൽ ദേവതയായ ഐറിസ്  എന്റെ ഉൾനാടൻ  മാനസവിഹായസിൽ ബാല്യകാല സ്മരണകളുടെ മഴവിൽ വിരിയിച്ചപ്പോൾ   ഞാൻ സുനിലിനോട് ചോദിച്ചു : " വിലയല്പം   കൂടിപ്പോയില്ലേ? "

                  ഉടൻ വന്നു മരുമോന്റെ മറുപടി : "അഞ്ചാറു ലക്ഷം വിലയുള്ള കിളികളും അവിടെയുണ്ടായിരുന്നു. "  പപ്പാ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നത്  എന്ന്   അവൻ പുശ്ചത്തോടെ  ചോദിക്കുന്നതു പോലെ എനിക്കു തോന്നി..മോൻ തുടർന്നു :" കൊണ്യൂർ   സെൻട്രൽ അമേരിക്കനാണ്. നല്ല ബുദ്ധിയുള്ള കിളി. ഹയസിന്ത്  മക്കാവ് (Hyacinth Macaw ) എന്ന സൗത്ത് അമേരിക്കൻ കിളിക്കു  30-- 34 ലക്ഷം രൂപ വരെ വില വരും. തത്തവർഗത്തിലെ  ഭീമ സേനനാണ് അവൻ. വലിപ്പം  കൂടുമെങ്കിലും  ആൾ ശാന്ത ശീലനാണ് എന്നു  പറയുന്നു. "

                     ഞാൻ ഐറിസിലേക്കു  മടങ്ങിവന്നു. " ഇവൾ സംസാരിക്കുമോ? ", ഞാൻ ചോദിച്ചു. സംശയമാണെന്ന് മിന്നു : " പഠിപ്പിക്കാൻ ആർക്കാ സമയം? "

                    തുഷാരക്ക് ചിരിക്കാതിരിക്കാൻ  കഴിഞ്ഞില്ല. അവൾ പറഞ്ഞു :" സമയമുണ്ടായിട്ടും കാര്യമില്ല. എന്റെ ശബ്ദത്തേക്കാൾ  കഷ്ടമാണ്  അവളുടേത്. " നിറച്ചാർത്തുള്ള  കിളിയാണെങ്കിലും  സ്വരമാധുരിയില്ല എന്നതാണ് തുഷാരയുടെ വ്യസനം.

                      " ഇതിനെ പോറ്റാൻ എന്തു ചെലവ് വരും? ", ഞാൻ   ചോദിച്ചു. " ആഴ്ചയിലൊരു   300 രൂപയേ വരൂ " എന്ന് സുനിലിന്റെ മറുപടി.

                    പതിനാറാം നിലയിലെ വിശാലമായ ഫ്ലാറ്റിൽ, നഗരത്തിന്റെ ' പനോരമിക് വ്യൂ ' നല്കുന്ന ബാൽക്കണിയിൽ, ' കണ്ണായ ' സ്ഥാനത്ത്, ഐറിസിനു പാർക്കാൻ നിർമ്മിച്ച ഭവനത്തിനു ചെലവാക്കിയ തുകയും,  നഷ്ടപ്പെടുത്തിയ ഇടവും  കൂടി ചേർത്തു ചിന്തിച്ചപ്പോൾ , ഒരു നേരിയ ഞെട്ടലോടെ, ഞാൻ സോഫയിലേക്കു ചെരിഞ്ഞു.

                    കൈപ്പുഴ എന്ന  കോട്ടയം ഗ്രാമത്തിൽ, കാർഷിക സംസ്കൃതിയിൽ വിരിഞ്ഞ എന്റെ ബാല്യത്തിന്റെ   തിരനോ ട്ടമായി, പിന്നെ. വിശാലമായ പറ മ്പുകൾക്ക്  അതിരിട്ട്,    തലയുയർത്തി നിന്നിരുന്ന  മാവുകളുടെയും, പ്ലാവുകളുടെയും, ആഞ്ഞിലികളുടെയും, തെങ്ങുകളുടെയുമൊക്കെ തലപ്പുകളിൽ കൂടു  കൂട്ടിയിരുന്ന   കിളികൾ രാവിലെ ഇര തേടി പറന്നകലുന്നതും,  ത്രി സന്ധ്യക്കു  കൂടണയുന്നതുമൊക്കെ കൗതുകപൂർവം കണ്ടു വളർന്ന ബാല്യം.

                     പപ്പ  വാങ്ങിത്തന്ന തത്തക്കൂട്  ഇളം തിണ്ണയുടെ  തെക്കേ അറ്റത്ത് കഴുക്കോലിൽ നിന്നു തൂക്കിയിട്ട്, അതിൽ  വളർത്തിയിരുന്ന  സുന്ദരി തത്ത. ലൂക്കാച്ചേട്ടൻ തെങ്ങിൻ മണ്ടയിലെ കിളിക്കൂട്ടിൽ നിന്നു പിടിച്ചുകൊണ്ടുവന്ന, ' കവളം  കാളി ' എന്ന് നാട്ടിൽ വിളിച്ചിരുന്ന മൈനക്കു ഞ്ഞുങ്ങൾ. ഫിലിപ്പ് ചേട്ടായി മാവിൻ കവരയിൽ നിന്നു കവർന്നു തന്ന കുഞ്ഞു കുയിൽ. ഒരിക്കൽ പപ്പ കൊണ്ടുവന്ന മയിലിനെ വീട്ടിൽ   ഇണക്കി   വളർത്താൻ കുറേകാലം  നടത്തിയ വിഫല ശ്രമം. 

                   " തത്തമ്മേ, പൂച്ച, പൂച്ച " എന്നു പറയിക്കാൻ   തത്തയെ തലോടിയ സുപ്രഭാതങ്ങൾ. തത്തക്കൂട്ടിൽ  തത്ത പ്പാത്രത്തിൽ  ഒഴിച്ചുവച്ചു കൊടുത്തിരുന്ന ഇത്തിരി   പാലും   ചെറുപഴവും. കുഞ്ഞു കിളികളുടെ  വാ പിളർന്നു വ ച്ചുകൊടുക്കാനുള്ള  ചുളയ്ക്കു വേണ്ടി  ചക്കയും ആഞ്ഞിലിക്കാ വിളയും പറിച്ചുതരാൻ   തോമാച്ചേട്ടന്റെ പിന്നാലെ  കെഞ്ചി നടന്നിരുന്ന പാവം  പയ്യൻ. കണി കാണാൻ കിളിക്കൂട്ടിലെത്തുമ്പോൾ   കണ്ണടച്ചുകിടക്കുന്ന  ഓമനയെ  കണ്ട് എന്റെ കണ്ണു നിറഞ്ഞ പ്രഭാതങ്ങൾ.

                      ഇങ്ങനെ എത്രയോ ഓർമ്മച്ചിത്രങ്ങൾ  മനസിലൂടെ മിന്നി മറ യുമ്പോൾ   ഒരു സത്യം  തെളിഞ്ഞു നിന്നു : ഭവനത്തിന്റെയോ  ഭക്ഷണത്തിന്റെയോ പേരിൽ  വലിയ പണച്ചെ ലവുണ്ടാക്കാത്ത  പൊന്നോമന കളായിരുന്നു  എന്റെ തത്തയും, മൈനയും, കുയിലും, മയിലുമൊക്കെ.

                സുനിൽ എന്റെ മനസ് വായിച്ചെടുത്തു. എന്നെ മനോരഥത്തിൽ നിന്നു വലിച്ചു താഴെയിട്ടുകൊണ്ട്  അവൻ പറഞ്ഞു : " പപ്പാ, ഒരു നാടൻ തത്തയെ  വളർത്താനായിരുന്നു എനിക്കിഷ്ടം. കാര്യമായ ചെലവില്ല. പഠിപ്പിച്ചാൽ വല്ലതുമൊക്കെ സംസാരിക്കുകയും ചെയ്യും. എന്നാൽ, ഇന്നു പപ്പായുടെ  ചെറുപ്പത്തിലെ സ്ഥിതിയല്ലല്ലോ. ഇന്ത്യൻ കിളികളെ ഇങ്ങനെ   കൂട്ടിലിട്ടു  വളർത്താൻ പാടില്ല എന്നാണ്  ഇപ്പോൾ നിയമം.. വിദേശക്കിളികളെയേ വളർത്താനാകൂ. അവയ്ക്കാണെങ്കിൽ വലിയ വിലയാണു. താനും. ഇറക്കുമതിയല്ലേ!"

                   ജീവനെ അതിന്റെ എത്രയോ എളിയ  രൂപത്തിൽ പോലും ആദരി ക്കാനും, പകരം   എന്തു  കിട്ടും എന്നു ചിന്തിക്കാതെ പ്രണയിക്കാനും,  പ്രപഞ്ചത്തിന്റെ  വൈവിധ്യപൂർണമായ  സൗന്ദര്യത്തെ ആസ്വദിക്കാനും, അലിവിന്റെ ആർദ്രത കൊണ്ടു സമ്പന്നമായ ഒരു മനസിനെ രൂപപ്പെടു ടുത്താനുമൊക്കെ എന്റെ   ഓർമ്മ മരച്ചില്ലകളിൽ  ഇപ്പോൾ തത്തിക്കളിക്കുന്ന ഓമനക്കിളികൾ ഏറെ സഹായിച്ചിട്ടുണ്ടെന്ന  നന്ദി വാക്കോടെ, അവയ്ക്കെല്ലാം   നമോവാകം  

ജെയിംസ് ജോസഫ് കാരക്കാട്ട്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.