PRAVASI

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ രക്ഷിക്കാനിറങ്ങി വെട്ടിലായി മന്ത്രി സജി ചെറിയാന്‍

Blog Image

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ രക്ഷിക്കാനിറങ്ങി വെട്ടിലായി മന്ത്രി സജി ചെറിയാന്‍. സിപിഎമ്മിനേയും സര്‍ക്കാരിനേയും വലിയ പ്രതിസന്ധിയിലേക്കാണ് സജി ചെറിയാന്‍ എടുത്തെറിഞ്ഞത്. നമ്പര്‍ വണ്‍ ആരോഗ്യ കേരളമെന്ന് ആവര്‍ത്തിച്ച് വിളിച്ച് പറയുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും ചെയ്തു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തെ തകര്‍ത്ത് സ്വകാര്യ മേഖലയ്ക്ക് ഗുണം ലഭിക്കാനാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം എന്നും വിമര്‍ശനമുണ്ട്.

എന്നാല്‍ ഇത്തരം ആരോപണങ്ങളെ എല്ലാം വെട്ടിലാക്കുകയാണ് മന്ത്രി സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്. 2019ല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡെങ്കി പനിക്ക് ചികിത്സ തേടി മരണത്തിന്റെ വക്കില്‍ എത്തി. കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. 14 ദിവസം ബോധമില്ലാതെ കിടന്നു. അമൃതയിലെ ചികിത്സയാണ് തന്നെ രക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു. അന്ന് എംഎല്‍എ ആയിരുന്നു സജി ചെറിയാന്‍. ഒരു എംഎല്‍എക്ക് പോലും ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ ശേഷിയില്ലാത്ത ആരോഗ്യ സംവിധാനത്തെ ആണോ ഇങ്ങനെ പുകഴ്ത്തുന്നത് എന്ന ചോദ്യത്തിന് ഇതോടെ മറുപടി പറയേണ്ട അവസ്ഥയിലെത്തി സിപിഎം.

അന്നത്തെ ആരോഗ്യമന്ത്രിയായ കെകെ ശൈലജയെ ടീച്ചറമ്മയാക്കി കേരളത്തിലെ ആരോഗ്യ രംഗത്തെ കുതിപ്പിന്റെ കാരണക്കാരി എന്നെല്ലാം പ്രചരിപ്പിക്കുന്ന സിപിഎം ഇതോടെ ഇനി എന്ത് പറയും എന്നാണ് ഇനി അറിയേണ്ട്ത്. മന്ത്രിമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതില്‍ കുഴപ്പമില്ലെന്ന് ന്യായീകരിക്കാനാണ് മന്ത്രി ഇത് പറഞ്ഞത്. ഒപ്പം മന്ത്രി വീണ ജോര്‍ജിനെ ലക്ഷ്യമിട്ടുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.

ആദ്യമായല്ല മന്ത്രി സജി ചെറിയാൻ ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലാകുന്നത്. ഭരണഘടനയെ വിമര്‍ശിച്ചുള്ള കുന്തം കുടചക്രം പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്ന ആളാണ് സജി ചെറിയാന്‍. കോടതി വിധിയിലെ സാങ്കേതികത്വം പറഞ്ഞാണ് തിരികെ എത്തിയത്. കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെതിരെ കഞ്ചാവ് കേസ് വന്നപ്പോള്‍ കുട്ടികള്‍ കൂട്ടം കൂടി നിന്ന് ഒന്ന് പുകവലിച്ചാല്‍ എന്താണ് കുഴപ്പമെന്നാണ് മന്ത്രി ചോദിച്ചത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.