സ്ത്രീകൾ അബലകളാണ്' എന്ന പഴഞ്ചൻ സങ്കല്പത്തിന് കാലം മാറ്റം വരുത്തിയിട്ട് ഏറെ നാളുകളായി. എന്നാൽ ഇന്ന്, പഴയ പുരുഷമേധാവിത്വത്തിന്റെ സ്ഥാനത്ത് പുരുഷന്മാർ നിസ്സഹായരാക്കപ്പെടുന്ന ഒരു അവസ്ഥ സംജാതമാകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മലയാളികളായ പുരുഷന്മാർ ഈ മാറ്റങ്ങളെ വെറുമൊരു നിശബ്ദ കാഴ്ചക്കാരനായി ആസ്വദിക്കുകയാണോ അതോ അതിന് ഇരയാകുകയാണോ?
പുരാണങ്ങളും സ്മൃതികളും: സ്ത്രീയുടെ പദവി
സ്ത്രീകൾ അബലകളാണെന്ന സങ്കല്പം ഭാരതീയ പുരാണങ്ങൾക്കോ വൈദിക തത്ത്വചിന്തയ്ക്കോ ചേർന്നതല്ല. പ്രപഞ്ചനിലനിൽപ്പിന് ഹേതുവായ ആദിപരാശക്തിയായും, രാജസദസ്സുകളിൽ അറിവുകൊണ്ട് ആധിപത്യം സ്ഥാപിച്ച പണ്ഡിതകളായും, നീതിക്കുവേണ്ടി ശബ്ദമുയർത്തിയ ഇതിഹാസ നായികമായാുമാണ് പുരാണങ്ങൾ സ്ത്രീയെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മധ്യകാലഘട്ടത്തിൽ രൂപപ്പെട്ട പുരുഷാധിപത്യ വ്യവസ്ഥകളും സ്മൃതിവചനങ്ങളുമാണ് സ്ത്രീയെ 'അബല' എന്ന ചട്ടക്കൂടിലേക്ക് ഒതുക്കിയത്.
മനുസ്മൃതിയുടെ ഒരു ഭാഗത്ത് "യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ" (എവിടെയാണോ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നത്, അവിടെ ദേവതമാർ ആനന്ദിക്കുന്നു) എന്ന് പുകഴ്ത്തുമ്പോൾ തന്നെ, മറുഭാഗത്ത് സ്ത്രീ സ്വന്തമായി സ്വാതന്ത്ര്യം അനുഭവിക്കാൻ അർഹയല്ലെന്നും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുരുഷന്റെ സംരക്ഷണയിലായിരിക്കണമെന്നും വിധിക്കുന്നു. വൈദികകാലത്തെ സ്വാതന്ത്ര്യത്തിൽ നിന്ന് സ്മൃതികാലത്തെ അധീനതയിലേക്കുള്ള ഈ മാറ്റമാണ് സ്ത്രീകളെ 'അബലകൾ' എന്ന തെറ്റായ അച്ചുതണ്ടിലേക്ക് തള്ളിവിട്ടത്.
ആധുനിക സമൂഹത്തിലെ വിരോധാഭാസങ്ങൾ
ഇന്നത്തെ മലയാളി പൊതുസമൂഹത്തിൽ സ്ത്രീകൾ വിദ്യാഭ്യാസത്തിലും ഭരണനേതൃത്വത്തിലും മുന്നേറുമ്പോഴും, ഗാർഹിക പീഡനങ്ങളും തൊഴിലിട ചൂഷണങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇതിന്റെ മറുവശത്ത്, 'അബലാ' പരിവേഷം ദുരുപയോഗം ചെയ്തുകൊണ്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളുടെ എണ്ണവും വർദ്ധിച്ചുവരുന്നു.
ഇതിനെല്ലാം ഇടയിലായി സ്വന്തം വായ് തുറക്കാനോ, സത്യം വിളിച്ചുപറയാനോ അവസരം നിഷേധിക്കപ്പെടുന്ന “പാവം മലയാളി അബലന്മാർ”!
ഒന്നും ധരിച്ചിട്ടില്ലെന്ന് തോന്നിക്കുന്ന രീതിയിൽ, “കെയർഫുളി കെയർലെസ് “ വേഷമിട്ടു നടക്കുന്നവരെ സൂക്ഷിച്ചു നോക്കിപ്പോയാൽ, അവർക്ക് പിടിച്ചില്ലെങ്കിൽ പരസ്യമായി നോക്കിയവനെ അവഹേളിക്കാനോ, ഒത്താൽ പൊലീസ്കേസിൽ കുടുക്കാനോ തത്രപ്പെടുന്ന കുറെ പരിഷ്കാരികൾ;
സത്യം പറഞ്ഞാൽ മലയാളി പുരുഷന്മാരുടെ ഗതികേട് ആരറിയുന്നു?. അവന് ജോലി കിട്ടാൻ സാധ്യത കുറവ്, ജോലി കിട്ടിയാലോ സ്ത്രീമേധാവിയെങ്കിൽ, പരസ്യമായി കുറ്റപ്പെടുത്തുന്ന സ്ത്രീകളുടെ ട്രെൻഡ്, അവനെ നിസഹായനാക്കുന്നു.
ലഹരിമരുന്ന് ശൃംഖലകളിൽ കണ്ണികളാകുന്ന അധ്യാപികമാർ, കാമുകനുമായി ചേർന്ന് ഭർത്താവിനെ വധിക്കുന്ന നവവധുക്കൾ, വ്യക്തികളെ ഹണിട്രാപ്പിൽ കുടുക്കി തട്ടിപ്പ് നടത്തുന്നവർ എന്നിവരുടെ വാർത്തകൾ ഇന്ന് നിത്യസംഭവമാണ്. ഇത്തരം സന്ദർഭങ്ങളിൽ, പലപ്പോഴും സത്യം തുറന്നുപറയാനോ സ്വയം പ്രതിരോധിക്കാനോ സാധിക്കാതെ "പാവം മലയാളി പുരുഷന്മാർ" നിസ്സഹായരായി മാറുന്നു.
തൊഴിൽ രംഗത്തെ കടുത്ത മത്സരം, ചിലപ്പോഴൊക്കെ നേരിടേണ്ടി വരുന്ന വ്യാജ ആരോപണങ്ങൾ, പൊതുസ്ഥലങ്ങളിലെ അവഹേളനങ്ങൾ എന്നിവയൊക്കെ പുരുഷന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നു.
പുരുഷന്മാർ നേരിടുന്ന നീതിനിഷേധവും മാനസിക സംഘർഷങ്ങളും സമൂഹത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്നു. കുടുംബപരവും സാമൂഹികവുമായ സമ്മർദ്ദങ്ങൾക്കിടയിൽ പുരുഷന്റെ കണ്ണീരും വേദനയും ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് വലിയൊരു സാമൂഹിക അസമത്വമാണ്.
നിയമപരമായി ലഭിക്കേണ്ട തുല്യ പരിഗണന പലപ്പോഴും ലിംഗവ്യത്യാസത്തിന്റെ പേരിൽ പുരുഷന്മാർക്ക് നിഷേധിക്കപ്പെടുന്നു.
"കരയാൻ പാടില്ലാത്തവൻ" എന്ന സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാട് പുരുഷന്റെ സ്വാഭാവിക വികാരങ്ങളെ പോലും ചോദ്യം ചെയ്യുന്നു.
സൗജന്യ പദ്ധതികളും അസന്തുലിതാവസ്ഥയും
ഉദാഹരണമായി, സമീപകാലത്ത് നടപ്പിലാക്കിയ പ്രിയദർശിനി സീറോ ഫെയർ (സൗജന്യ) ബസ് യാത്രയും പെൺകുട്ടികൾക്കുള്ള സാമ്പത്തിക സഹായങ്ങളും ഒരു വിഭാഗത്തിന് ആശ്വാസമാണെങ്കിലും, ഇതിന്റെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. സർക്കാർ നിർണ്ണയിച്ച നിബന്ധനകളില്ലാതെ ആനുകൂല്യം നൽകുമ്പോൾ, നല്ല വേതനം വാങ്ങുന്ന ഉദ്യോഗസ്ഥരായ സ്ത്രീകൾ പോലും ഈ സൗജന്യം കൈപ്പറ്റുന്നു.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സാർവത്രിക സൗജന്യങ്ങൾക്ക് പകരം, BPL കാർഡ് ഉടമകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും മാത്രം ഈ ആനുകൂല്യം പരിമിതപ്പെടുത്തിയിരുന്നെങ്കിൽ അത് കൂടുതൽ ന്യായയുക്തമാകുമായിരുന്നു. അല്ലാത്തപക്ഷം, ടിക്കറ്റ് നിരക്കും നികുതിയും കൃത്യമായി നൽകുന്ന സാധാരണക്കാരനായ പുരുഷന് ഇത് അധിക ഭാരമായി മാറുന്നു.
എന്റെ ഒരേ ഒരു ചോദ്യം?
മലയാളി പുരുഷ്കേസരികൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരുന്നത്?
അവനു മാസ്സപ്പടിയില്ല, വണ്ടിയിൽ കയറിയാൽ കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങണം, വാക് ശരങ്ങളും ഇടിയും തുപ്പും ഡിസ്ക്രിമിനേഷനും മാത്രം മിച്ചം!
ഉപസംഹാരം
സ്ത്രീയുടെ സ്വാതന്ത്ര്യവും അന്തസ്സും അംഗീകരിക്കപ്പെടണം എന്നതിൽ സംശയമില്ല. എന്നാൽ അർദ്ധനാരീശ്വര സങ്കല്പം മുന്നോട്ടുവെക്കുന്ന പരസ്പര പൂരകമായ സമത്വമാണ് സമൂഹത്തിന് ആവശ്യം. പുരുഷന്റെയും അന്തസ്സും അവകാശങ്ങളും അംഗീകരിക്കപ്പെടുകയും, തുല്യ ബഹുമാനത്തോടെ പരസ്പരം കണ്ടുകൊണ്ട് മുന്നേറുകയും ചെയ്യുമ്പോൾ മാത്രമേ യഥാർത്ഥ സാംസ്കാരിക പുരോഗതി കൈവരിക്കാനാകൂ.

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

