PRAVASI

മോദി ശരിയായ തീരുമാനം എടുക്കുന്ന നേതാവെന്ന് ട്രംപ്; പ്രധാനമന്ത്രി വൈറ്റ് ഹൗസിലേക്ക്‌

Blog Image

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് – പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച അടുത്ത മാസം. യുസ് പ്രസിഡൻ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് ഹൗസിൽ വച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്. ഇന്നലെയും താൻ മോദിയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം അടുത്ത മാസം അമേരിക്കയിലെത്തുമെന്ന് അറിയിച്ചതായി ഫ്ലോറിഡ സന്ദർശനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് ട്രംപ് പറഞ്ഞു.

ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ തീരുമാനമെടുക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. താന്‍ ഈ വിഷയം മോദിയുമായി സംസാരിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അനധികൃതമായി യുഎസിലെത്തിയ ഇന്ത്യക്കാരെ തിരിച്ച് സ്വീകരിക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കുമെന്നും അമേരിക്കൻ പ്രസിഡൻ്റ് പറഞ്ഞു.

ഇന്ത്യയുമായി വിശേഷിച്ച് പ്രധാനമന്ത്രി മോദിയുമായി വളരെയധികം ആത്മബന്ധമുള്ള നേതാവാണ് ഡോണാൾഡ് ട്രംപ്. ആദ്യ തവണ അധികാരത്തിൽ ഇരുന്നപ്പോൾ ട്രംപിൻ്റെ അവസാന ഔദ്യോഗിക യാത്ര ഇന്ത്യയിലേക്കായിരുന്നു. 2019 സെപ്റ്റംബറിൽ യുഎസിലെ ഹൂസ്റ്റണിലും 2020 ഫെബ്രുവരിയിൽ ഗുജറാത്തിലെ അഹമ്മദാബാദിലും നടന്ന രണ്ട് റാലികളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡൊണാൾഡ് ട്രംപിനെ കഴിഞ്ഞ ദിവസം നരേന്ദ്ര മോദി വീണ്ടും അഭിനന്ദനമറിയിച്ചിരുന്നു.

“എന്റെ പ്രിയസുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. അധികാരത്തിലെത്തിയ ചരിത്രപരമായ രണ്ടാമൂഴത്തിന് അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു. ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിനായി ഇരുരാജ്യങ്ങളും സന്നദ്ധമാണ്. ഞങ്ങളുടെ ജനതയുടെ ക്ഷേമത്തിനായും ലോകസമാധാനം, ആഗോള അഭിവൃദ്ധി, ആഗോളസുരക്ഷ തുടങ്ങിയവയ്ക്കായും ഞങ്ങൾ സഹവർത്തിത്വത്തോടെ പ്രവർത്തിക്കും”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.