സാന്ത്വന സ്വരങ്ങൾ വീണ്ടും അലയടിച്ചു അയാൾ ഭ്രാന്തമായി അലറിക്കരഞ്ഞ് ജനാലക്കരികിലേയ്ക്കോടി അകലെ എരിഞ്ഞടങ്ങിയ അമ്മയുടെ ചിതയിൽ നിന്ന് ഉയർന്ന പുകച്ചുരുളുകൾക്കും സാന്ത്വനത്തിന്റെ നിറമെന്ന് ആകാശിനു തോന്നി അനന്തമില്ലാത്ത സാന്ത്വനം
മോനേ സമയത്തിന് ഭക്ഷണം കഴിക്കണേ
ഉറക്കമൊഴിച്ച് പിറ്റേന്ന് വണ്ടിയെടുക്കുമ്പോൾ ശ്രദ്ധിക്കണേ
ഒഴിവുള്ള സമയം
നീ അച്ഛനെ വിളിക്കണേ
സമയം കിട്ടുമ്പോൾ അമ്മയേം
ഒരാഴ്ച മുൻപ് അമ്മ അയച്ചആ
വാട്സാപ്പ്മെസേജ് ആകാശ് വീണ്ടും വീണ്ടും വായിച്ചു
മോനേ ....
എന്ന വിളി കാതിൽ മുഴങ്ങുന്നു
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
ഫോണിന്റെ സ്ക്രീനിലെ അക്ഷരങ്ങൾ മായ്ച്ചുകളഞ്ഞു
അമ്മേ ....
മാപ്പ്
അവന്റെ ചുണ്ടും മനസ്സും വിതുമ്പി
തന്റെ തിരക്കുകൾക്കിടയിൽ മാറ്റി വയ്ക്കപ്പെട്ടവർ തന്റെ പാവം മാതാപിതാക്കൾ
സുകന്യയും മകനും താനുമുള്ള ലോകത്തിൽ അവർക്കായി മാറ്റിവയ്ക്കാൻ താൻ സമയം തീരെ കണ്ടെത്തിയിരുന്നില്ല
"ഫോൺ വിളിച്ച് ഇങ്ങനെ എന്നും സുഖ വിവരം തിരക്കേണ്ട കാര്യമുണ്ടോ അമ്മേ ...
ഞാനിപ്പൊ ഇള്ളക്കുട്ടിയൊന്നുമല്ല
കുളിച്ചോ
ഭക്ഷണം കഴിച്ചോ
ഉറങ്ങിയോ
എന്നൊക്കെ ചോദിക്കാൻ
എനിക്ക് ഒട്ടും സമയമില്ല ഞാൻ എന്റെ സമയത്തിനനുസരിച്ച് നിങ്ങളെ അങ്ങോട്ട് വിളിച്ചോളാം "
താൻ പലപ്പോഴും അമ്മയോട് കയർത്തിരുന്നത് ആകാശ് കണ്ണീരോടെ ഓർത്തു
താൻ തീരെ വിളിക്കാതെ വരുമ്പോൾ അമ്മ വിളിച്ചിരുന്നു
അച്ഛൻ?
എവിടെ ?
പൂമുഖത്ത് തൂണും ചാരിയിരിക്കുന്ന അയാൾക്കടുത്തേക്ക് ആകാശ് നടന്നു ചെന്നു
പരിസര ബോധമില്ലാതെ വിദൂരതയിൽ കണ്ണുംനട്ട് അച്ഛൻ
"അച്ഛാ " ....
ആകാശിന്റെ തൊണ്ടയിൽ നിന്ന് ഒരു കരച്ചിൽ രൂപത്തിൽ പുറത്തു വന്നു
നിർവ്വികാരനായി അയാൾ അവനെ നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു
"സമയമില്ലെങ്കിലും നിനക്ക് അമ്മയെ ഒന്ന് വിളിക്കാമായിരുന്നില്ലേ "
അമ്മ എന്നും ചോദിച്ചിരുന്നു
"നിങ്ങളെ വിളിച്ചോ മോൻ
അവന്റെ മെസ്സേജ് ഉണ്ടോ നിങ്ങൾക്ക്"?
അവനോട് ഞാൻ നിങ്ങളെ വിളിച്ചാൽ മതി എന്ന് പറഞ്ഞിരുന്നു
അതാണ് അവനെന്നെ വിളിയ്ക്കാത്തത്"
പാവം അമ്മ
നീ എന്നെയും വിളിച്ചിരുന്നില്ല എന്ന് അവൾക്കറിയില്ലല്ലോ
ഇനി പറഞ്ഞിട്ടെന്താ
അവൾ ആരുടെ വിളിയ്ക്കും കാത്തു നിൽക്കാതെ ദൈവവിളി കേട്ട് പോയില്ലേ ഭാഗ്യവതിയായി"
അയാൾ പറഞ്ഞു നിർത്തി
അച്ഛാ .... ഞാൻ ....
മുഴുവനാക്കാനായി വാക്കുകൾ തിരയുമ്പോൾ ആകാശിന്റെ ചെവിയിൽ വീണ്ടും
"സാരല്യ മോനേ ....
ഒഴിവുണ്ടാവുമ്പോൾ നീ അച്ഛനെ വിളിയ്ക്കണേ . "...
സാന്ത്വന സ്വരങ്ങൾ വീണ്ടും അലയടിച്ചു അയാൾ ഭ്രാന്തമായി അലറിക്കരഞ്ഞ് ജനാലക്കരികിലേയ്ക്കോടി
അകലെ എരിഞ്ഞടങ്ങിയ അമ്മയുടെ ചിതയിൽ നിന്ന് ഉയർന്ന പുകച്ചുരുളുകൾക്കും സാന്ത്വനത്തിന്റെ നിറമെന്ന് ആകാശിനു തോന്നി
അനന്തമില്ലാത്ത സാന്ത്വനം
ജിഷ യു.സി