പിറ്റേന്ന് ഒരു പ്രധാന പത്രത്തിന്റെ ആമുഖപേജിൽ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ എടുത്തു വളർത്തിയ ആദിവാസി സ്ത്രീയുടെ കഥ ലോകം നെഞ്ചിലേറ്റുമ്പോൾ അങ്ങ് ദൂരെ ആ ആദിവാസി ഊരിൽ തന്നെകുറിച്ചുള്ള ചൂടുള്ള ചർച്ചകളും പത്ര വാർത്തകളും ഒന്നുമറിയാതെ മായമ്മ മുരുകനെ പാടിയുറക്കുകയായിരുന്നു…. ഒരമ്മയുടെ മനസ്സോടെ
പടിഞ്ഞാറ് അന്തിചുവപ്പ് കനത്തപ്പോൾ മായമ്മ നടത്തത്തിന് വേഗം കൂട്ടി… കുടിയിൽ മുരുകൻ തനിച്ചാണ്…. പോയിട്ട് വേണം ഇത്തിരി കഞ്ഞി വെച്ച് കൊടുക്കാൻ…പോകുന്ന വഴിക്ക് തേവിയുടെ മീൻ കടയിൽ കയറി. “അഞ്ചാറ് ചാളയെടുക്ക് തേവിയണ്ണാ.. . വെക്കം വേണം ചെക്കൻ കുടിയില് ഒറ്റക്കാണ് “
“മായമ്മോ..നീയ്യ് ആ ചെക്കനേം കൊണ്ട് പൊറുതി മുട്ടണ്ട വല്ല കാര്യണ്ടോ.. വല്ലവടേം ഏൽപ്പിക്കാണ്ട്.”
മീൻ പൊതിഞ്ഞു കെട്ടുന്നതിനിടയിൽ തേവി ആരൊക്കെയോ കേൾക്കാൻ കുറച്ചു ഉച്ചത്തിൽ പറഞ്ഞു.
മായമ്മ ഒന്നും മിണ്ടാതെ മീൻപൊതി വാങ്ങി ഇറങ്ങി നടന്നു.
“ആ പ്രാന്തൻ ചെക്കനെ ഊട്ടിയൊറക്കാനാ ഈ പെടച്ചില്.. “
തേവി പിന്നെയും ആരോടോ പറയുന്നത് മായമ്മ കേട്ടു.
വർഷങ്ങളായി അവൾ കേൾക്കുന്ന പേ
രുകളാണ്. പ്രാന്തൻ ചെക്കൻ, പൊട്ടൻ,നെറികെട്ടവൻ.മായമ്മ അതൊന്നും കേട്ടതായി ഭാവിക്കാറില്ല. ആളുകൾ എന്തെങ്കിലും പറയട്ടെ….മുരുകൻ മായമ്മയുടെ മകനാണ്… അവനെ പ്രസവിച്ചിട്ടില്ലന്നെയുള്ളൂ..
ഒരിക്കലും മായമ്മയുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല ആ ദിവസം.. പതിനാറു വർഷങ്ങൾക്കു മുൻപാണ്...അന്ന് മുക്കാളി കാവിലെ ആദിവാസികളുടെ പൂരമായിരുന്നു…തേവരുടെ എഴുന്നെള്ളത്തും വെടിക്കെട്ടും കഴിഞ്ഞ്
മടങ്ങുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.. കൂടെ വന്ന പെണ്ണുങ്ങൾ പല വഴിക്ക് പിരിഞ്ഞപ്പോൾ മായമ്മ തനിച്ചായി.
ചന്ത കഴിഞ്ഞ് കുടിയിലേക്ക് തിരിയുന്ന വഴിയിൽ അന്ന് വഴിവിളക്കുകൾ എത്തിയിട്ടില്ല.. തോട്ടിനടുത്തുള്ള പൊന്തക്കാട്ടിൽ എന്തോ ഒരാളനക്കം പോലെ.. അല്പം പേടിച്ചിട്ടാണെങ്കിലും രണ്ടും കല്പിച്ചു ചെന്ന് നോക്കി.. മുന്നിലെ കാഴ്ച കണ്ടപ്പോ ഉള്ളൊന്ന് പിടഞ്ഞു. സാരിയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞു കിടന്നു കാലിട്ടടിക്കുന്നു ..ആൺകുഞ്ഞാണ്. അടുത്തെങ്ങും ആരെയും കാണാനുമില്ല.. കുറെ കൂവിയും വിളിച്ചും നോക്കി… കുഞ്ഞാണെങ്കിൽ അലറിക്കരച്ചിലും… പിന്നെയൊന്നുമാലോചിച്ചില്ല.. അതിനെയും എടുത്തു കുടിയിലേക്ക് നടന്നു.. കെട്ടിയവൻ വേലാണ്ടി മരിച്ചിട്ട് രണ്ടു കൊല്ലമായി.. മായമ്മ തനിച്ചാണ് കുടിയിൽ. ഉണ്ടായിരുന്ന പാലും വെള്ളവും കൊടുത്തു കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ അന്ന് രാത്രി കുറെ പാടുപെട്ടു മായമ്മ.
ഒന്ന് നേരം വെളുത്തു കിട്ടിയപ്പോൾ കുഞ്ഞിനേയും കൊണ്ട് നേരേ പോയത് സേവിയർ മാഷിന്റെ അടുത്തേക്കാണ്.. ആ ഊരിലുള്ള ഒരേയൊരു സ്കൂളിലെ മാഷാണ് സേവിയർ.. മാഷ് തലപുകഞ്ഞു.. പരിഷ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ ആദിവാസി ഊരിൽ ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. ആദിവാസി പെണ്ണുങ്ങൾ ആരെങ്കിലും തന്നെ ആയിരിക്കും. തൊട്ടടുത്ത പോലീസ് സ്റ്റേഷൻ അഗളിയിലാണ്. മലയിറങ്ങണം.. ദൂരമുണ്ട്.. കുഞ്ഞിനെ അവിടെ ഏൽപ്പിക്കണം.. പക്ഷെ മായമ്മ സമ്മതിച്ചില്ല.. ആരെങ്കിലും അന്വേഷിച്ചു വരുമ്പോൾ കൊടുക്കാം… അതുവരെ അവൾ നോക്കിക്കോളാം.. എന്തോ ആ കുഞ്ഞിന്റെ മുഖത്തു നോക്കുന്തോറും മായമ്മയുടെ നെഞ്ച് കനംവെച്ചു… വേലാണ്ടി നല്ല സ്നേഹമുള്ളവനായിരുന്നു..അയാൾക്കൊരു കുഞ്ഞിനെ നൽകാൻ മായമ്മക്ക് കഴിഞ്ഞില്ല.. ഇവനെ തേവരായിട്ട് തന്നതാണ്.
ബീഡി തെറക്കുന്ന കമ്പനിയിലായിരുന്നു വേലാണ്ടിക്ക് ജോലി. അയാൾ മരിച്ച ശേഷം മായമ്മയും അവിടെ പണിക്ക് പോയിത്തുടങ്ങി..
കുഞ്ഞിനെ അന്വേഷിച്ചു ആരും വന്നില്ല.. മായമ്മ അവന് പേരിട്ടു. മുരുകൻ . പക്ഷെ അവൻ വളരുന്തോറും മായമ്മയുടെ ഉള്ളിൽ ആതി കൂടിക്കൂടി വന്നു.. ചെക്കൻ മിണ്ടണ്ട സമയത്തു മിണ്ടുന്നില്ല. നടക്കണ്ട സമയത്തു നടക്കുന്നില്ല.. വാക്കുകളൊന്നും വ്യക്തമായി പറയുന്നില്ല… പറയുന്നതൊന്നും തലയിൽ കയറുന്നില്ല…മുരുകൻ ബുദ്ധിവളർച്ചയില്ലാത്ത കുട്ടിയാണെന്ന സത്യം ഒരു മുള്ളു പോലെ മായമ്മയുടെ ഉള്ളിൽ തുളച്ചു കയറി. എന്നിട്ടും മായമ്മ അവനെ പൊന്നുപോലെ നോക്കി..
എല്ലാവരും പറഞ്ഞു..വേണ്ടാത്ത പണിക്ക് നിൽക്കണ്ട. പൊട്ടനാണ്.. എവിടെയെങ്കിലും കൊണ്ടാക്കണം… അല്ലെങ്കിൽ മായമ്മക്ക് അവനൊരു ബാധ്യതയാവും.. മായമ്മ പക്ഷെ ഒന്നും ചെവികൊണ്ടില്ല… മുക്കാളിയിലെ തേവര് കൊടുത്തതാണ് അവനെ… തേവര് തന്നെ തിരിച്ചെടുക്കട്ടെ…ഇപ്പോൾ വലുതായ ശേഷം പണിക്കു പോവുമ്പോൾ മായമ്മ അവനെ കുടിയിൽ പൂട്ടിയിടും. അല്ലെങ്കിൽ മുരുകൻ പുറത്തിറങ്ങും.. മറ്റ് കുട്ടികൾ അവനെ കളിയാക്കും, ഉപദ്രവിക്കും..
മായമ്മ വരുന്നത് വരെ അവൻ കുടിയിൽ കഴിയും. കിടന്നുറങ്ങും.. മായമ്മയെ കണ്ടാൽ അവൻ തുള്ളിച്ചാടും… ഉറക്കെ ചിരിക്കും.. മായമ്മ അവനെ സ്നേഹത്തോടെ ഊട്ടും ഉറക്കും. താരാട്ട് പാടും. ആ ഊരിലുള്ളവരെല്ലാം രാത്രി ആ പാട്ട് കേൾക്കും……ആ മായമ്മക്ക് വട്ടാണ്..അവർ പിറുപിറുക്കും
******
“എങ്ങിനെയുണ്ട് അപർണ .കൊള്ളാമോ.. “
എഡിറ്റിംഗ് റൂമിലിരുന്ന് മായമ്മയെ കുറിച്ച് രോഹിത് എഴുതിയ ആർട്ടിക്കിൾ വായിക്കുകയായിരുന്നു അപർണ.
“കൊള്ളാം സമ്മതിച്ചിരിക്കുന്നു. എങ്ങിനെ ഇവരെയൊക്കെ തേടി പിടിക്കുന്നു… അട്ടപ്പാടി യാത്ര ഇതിനായിരുന്നു അല്ലെ “
“മായമ്മയെ കുറിച്ച് മുൻപ് ഒരു മാഗസിനിൽ
വന്നിരുന്നു..അവരെ കാണാൻ വേണ്ടി കൂടിയായിരുന്നു ഈ യാത്ര. ഒരു ഇന്റർവ്യൂ ആയിരുന്നു ലക്ഷ്യം. ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി അവർ പറഞ്ഞില്ല.. ആകെ പരിഭ്രമിച്ച മട്ടായിരുന്നു. കുറെ ഫോട്ടോസ് എടുത്തു. “
“ഉം.. നാളെ മാതൃദിനത്തിനു പറ്റിയ ആർട്ടിക്കിൾ. മായമ്മ ഒരു സെൻസേഷൻ ആവും. “
ഒന്ന് നിർത്തി അപർണ രോഹിത്തിന്റ മുഖത്തേക്ക് നോക്കി.
“പക്ഷെ ഞാൻ ആലോചിച്ചത് മറ്റേ സ്ത്രീയെ കുറിച്ചാണ്. .. കുഞ്ഞിന്റെ അമ്മ.. അവർ ആരാണ്...എന്തിനായിരിക്കും അവർ അങ്ങിനെ ചെയ്‍തത്.?”
“അറിയില്ല. ആരും ഇത് വരെ അന്വേഷിച്ചു വന്നിട്ടില്ല .. പക്ഷെ ആദിവാസി ഊരുകളിൽ ഇതൊക്കെ സാധാരണമാണ്.. . ചെറുപ്രായത്തിൽ അമ്മയാവുന്നർ… പലരും വിവാഹിതരല്ല… പല കുഞ്ഞുങ്ങളും അച്ഛൻ ആരെന്നറിയാതെ വളരുന്നു….ചിലർ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നു”
“എപ്പോഴെങ്കിലും ആ അമ്മ വന്നു ചോദിച്ചാൽ മായമ്മ കുഞ്ഞിനെ തിരികെ നൽകുമോ..? “
ചോദ്യം കേട്ട് രോഹിത് അപർണയുടെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി.
“മായമ്മയുടെ സ്ഥാനത്തു താനായിരുന്നെങ്കിൽ എന്ത് ചെയ്യും? “
ആ ചോദ്യം അപർണക്കത്ര രസിച്ചില്ല...”ഇതിനൊക്കെ ഇവിടെ നിയമങ്ങൾ ഇല്ലെ രോഹിത്. ഞാനാണെങ്കിൽ കുഞ്ഞിനെ പോലീസിൽ ഏൽപ്പിച്ചേനെ. “
“അതെ നമ്മുടെ മുന്നിൽ നിയമങ്ങളും തടസ്സങ്ങളും ഉണ്ട് .. ഇത് പോലെ എത്രെയോ വാർത്തകൾ ദിവസവും പത്രങ്ങളിൽ കാണുന്നു...വായിക്കുന്നവർക്കും നമ്മൾ പത്രപ്രവർത്തവർക്കും അതൊക്കെ വെറും വാർത്തകൾ മാത്രമാണ്. ഒരു സെൻസേഷണൽ ന്യൂസ്. ജീവിതത്തിൽ സ്കൂൾ പോലും കണ്ടിട്ടില്ലാത്ത മായമ്മക്ക് നിയമങ്ങൾ അറിയില്ല.. അവരുടെ മനസ്സ് പറയുന്നത് അവർ ചെയുന്നു.
അന്ന് അവരോട് സംസാരിക്കുമ്പോൾ അവർ പറഞ്ഞത് ഇത് മാത്രമായിരുന്നു.
“ചെക്കന്റെ പെറ്റ തള്ള വരട്ടെ സാറെ .. ഞാ കൊടുക്കാം അവനെ.. വന്നില്ലെങ്കി. . മുക്കാളി തേവരോട് ഞാ ഒന്നേ കേക്കാറുള്ളു . എന്റെ കണ്ണടയണ മുൻപ് ചെക്കനെ കൊണ്ടോണംന്ന് “
“ഈ ജോലിക്കിടയിൽ ഉള്ള് മരവിപ്പിച്ച എത്രെയോ കാഴ്ചകൾ, മുഖങ്ങൾ. പലതും മനഃപൂർവം മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞിട്ടുണ്ട്.. അല്ലെങ്കിൽ മായ്ക്കാൻ ശ്രമിച്ചുട്ടുണ്ട്. എന്നിട്ടും ചില മുഖങ്ങൾ എന്നെ പിന്തുടർന്ന് എന്റെ ഉറക്കം കെടുത്തുന്നു അപർണ …മായമ്മയെ പോലെ…”
***
പിറ്റേന്ന് ഒരു പ്രധാന പത്രത്തിന്റെ ആമുഖപേജിൽ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ എടുത്തു വളർത്തിയ ആദിവാസി സ്ത്രീയുടെ കഥ ലോകം നെഞ്ചിലേറ്റുമ്പോൾ
അങ്ങ് ദൂരെ ആ ആദിവാസി ഊരിൽ തന്നെകുറിച്ചുള്ള ചൂടുള്ള ചർച്ചകളും പത്ര വാർത്തകളും ഒന്നുമറിയാതെ മായമ്മ മുരുകനെ പാടിയുറക്കുകയായിരുന്നു…. ഒരമ്മയുടെ മനസ്സോടെ
ശ്രീകല മേനോൻ