PRAVASI

എന്റെ വാവേ നിനക്കായി ഞാൻ കാത്തിരിക്കുന്നു... ലൗലി വർഗീസ്!

Blog Image

12 വർഷങ്ങൾ..... ലൗലിവർഗീസിന്റെ കണ്ണീരിന്റെ കറപുരണ്ട 12 വർഷങ്ങളാണ് കടന്നു പോയത്. മകന്റെ വിയോഗത്തിൽ നീറി നീറി കഴിയുന്ന ലൗലി വർഗീസ് എന്ന നിസ്സഹായയായ  അമ്മയെ അമേരിക്കൻ മലയാളികൾ ആരും മറക്കാൻ ഇടയില്ല. ചേതനയേറ്റ സ്വന്തം മകന്റെ ശരീരത്തിന് മുന്നിൽ വാവിട്ടു കരഞ്ഞ ആ അമ്മയുടെ നിലവിളി ഇന്നും ഇലിനോയിസിലെ വനാന്തരങ്ങളിൽ മുഴങ്ങിക്കേൾക്കാം. 12 വർഷങ്ങൾക്കിപ്പുറം കാലം മായ്ക്കാത്ത മുറിവിന്റെ വേദനയുമായി അമ്മ - മകൻ ബന്ധത്തിന്റെ അറ്റ്  പോകാത്ത സ്നേഹസ്മരണകൾ  അയവറക്കുകയാണ് ലൗലി വർഗീസ്. ഇടറിയ ശബ്ദത്തോടെ "വാവേ" എന്ന് വിളിക്കുമ്പോൾ, ഇന്നവൻ തനിക്ക് എത്താൻ കഴിയാത്തത്രയും ദൂരദൂരങ്ങളിൽ മാഞ്ഞു പോയിരിക്കുന്നു എന്ന് വിശ്വസിക്കാൻ ലൗലി വർഗീസ് തയ്യാറല്ല. എങ്കിലും യേശുവിന്റെ കരങ്ങളിൽ അവൻ സുരക്ഷിതനാണെന്ന ധൈര്യം മുന്നോട്ടുള്ള ജീവിതത്തെ നയിക്കാൻ അവരെ പ്രാപ്തമാക്കുന്നു.

"എന്റെ വാവേ…  നീ കോളേജിലേക്ക് പോകുമ്പോൾ ഞാൻ നിന്നെ മിസ്സ് ചെയ്യുമോ എന്ന് നീ ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നു. ഇനി ചോദിക്കേണ്ടതില്ല…ഇതാണെന്റെ ഉത്തരം :നീ ഒരിക്കലും കരുതാത്തത്രയും ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു. ഞങ്ങളെ തുടർന്നും വഴികാട്ടിക്കൊണ്ടിരിക്കുക… ശലഭം പോലെ നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കും… എല്ലാവരും വീണ്ടും കൂടിച്ചേരുന്നതുവരെ… സമാധാനത്തോടെ വിശ്രമിക്കൂ എന്റെ കണ്ണാ… " ദൂരദൂരങ്ങളിൽ അമ്മയുടെ വരികൾ പ്രതീക്ഷിച്ചിരിക്കുന്ന മകനുവേണ്ടിയാണ് ലൗലി ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചിരിക്കുന്നത് : മകൻ ഒരിക്കലും തിരിച്ചു വരില്ല എന്ന സത്യം ഇപ്പോഴും അംഗീകരിക്കാൻ ആകാതെ. ഒരമ്മയുടെ അഗാധമായ സ്നേഹത്തിന്റെ വരികളാണ് ഇവ. ആ സ്നേഹം കണ്ടും കേട്ടും അറിഞ്ഞവർ പരസ്പരം ഇത്രത്തോളം സ്നേഹിക്കുന്ന ഒരമ്മ മകൻ ബന്ധത്തെ വിച്ഛേദിച്ച പ്രവീണിന്റെ ഘാതകനെതിരെ മൂർച്ചയേറിയ വാക്കുകളും പ്രവർത്തനങ്ങളുമായി  ലൗലിയോടൊപ്പം കൂടിയിട്ടും  ഇന്ന് 12 വർഷങ്ങൾ.


അങ്ങനെ മകന്റെ ഓർമ്മകളും അവനു വേണ്ടിയുള്ള പോരാട്ടങ്ങളും  മാത്രമുള്ള 12 വർഷങ്ങൾ കടന്നു പോയി. ഇന്നും കണ്ണുനീർ തോരാതെ ഒരു ദിവസം മകനോടൊപ്പം ഒന്നാകാൻ കഴിയുമെന്ന പ്രതീക്ഷയിൽ നാളുകൾ എണ്ണി കഴിയുന്ന ഈ അമ്മയോട് പറയാൻ ആശ്വാസവാക്കുകൾ ഒന്നും തന്നെ നമുക്ക് തികഞ്ഞെന്നു വരില്ല. മകന്റെ വേർപാടിലെ ഈ പന്ത്രണ്ടാം വർഷവും അവർ ഫേസ്ബുക്കിൽ എഴുതിയ ഓരോ വരിയിലും ഉണ്ട് മകന്റെ മൃതശരീരം അന്നുകണ്ട ആ അമ്മയുടെ കണ്ണീരിന്റെ അതേ കാഠിന്യവും കൈപ്പും.

അമേരിക്ക പോലുള്ള നിയമവ്യവസ്ഥയുടെ പരമോന്നതിയിൽ നിൽക്കുന്ന ഒരു രാജ്യത്ത്, 12 വർഷങ്ങൾക്കിപ്പുറവും പ്രവീണിന് അർഹമായ നീതി ലഭിച്ചോ എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അലയുകയാണ്.  ഒരമ്മ കടലോളം കണ്ണുനീർ ഒഴുക്കിയിട്ടും തെളിവുകളും സാക്ഷികളും നിരത്തിയിട്ടും മനസ്സാക്ഷിയുടെ കോടതിയിലെങ്കിലും പ്രവീണിന് നീതി ലഭിച്ചോ? ഉത്തരം കിട്ടാത്ത ചോദ്യവുമായി ഒരു കുടുംബം അലയുമ്പോൾ മരണമില്ലാതെ പ്രവീൺ ജനമനസുകളിൽ ഇന്നും ..... 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.