കൊച്ചി: ആരും താമസിക്കാതെ നശിച്ചുപോകുമെന്ന ആശങ്കയിൽ ഉടമസ്ഥർ വാടകയ്ക്ക് നൽകിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഒരു കുടുംബത്തിലെ അഞ്ചുപേരെ. കൊച്ചി വടുതല കർഷക റോഡ് ഗ്രീൻ ഗാർഡൻ റെസിഡന്റ്സ് ഏരിയയിലാണ് സംഭവം.
തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ അശ്വതി (37), അമ്മ ശ്രീകുമാരി (60), അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആഡംബര വീടിന്റെ താഴത്തെ നിലയിലാണ് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് മകന്‍റെ ചികിത്സയ്ക്ക് എന്ന പേരില്‍ തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാരി വീട് വാടകയക്ക് എടുത്തത്.
വിദേശത്തുള്ള ഉടമസ്ഥർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ അശ്വതിക്ക് വീട് വാടകയ്ക്ക് നൽകിയത്. അശ്വതിയുടെ ഭര്‍ത്താവ് നേരത്തെ ജീവനൊടുക്കിയിരുന്നു. വീട്ടിൽ നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അശ്വതിയുടെ ഭർത്താവ് ജീവനൊടുക്കിയതിന്റെ പേരില്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് കുറിപ്പിലുള്ളത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു.

