നനൈമോ മലയാളി അസോസിയേഷന്റെ (നന്മ) നേതൃത്വത്തിൽ ഓണം വാൻകൂവർ ഐലൻഡിൽ ആഘോഷിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11–ന് മാവേലിക്കഥയിലേക്ക് ഒരെത്തിനോട്ടം എന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ കഥാവിഷ്കാരത്തോടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്.
നനൈമോ: നനൈമോ മലയാളി അസോസിയേഷന്റെ (നന്മ) നേതൃത്വത്തിൽ ഓണം വാൻകൂവർ ഐലൻഡിൽ ആഘോഷിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11–ന് മാവേലിക്കഥയിലേക്ക് ഒരെത്തിനോട്ടം എന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ കഥാവിഷ്കാരത്തോടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് വാൻകൂവർ റോക്ക് ടെയിലിന്റെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ തിരുവാതിര നർത്തകർ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. നിലവിളക്ക് കൊളുത്തിയതിനു ശേഷം തിരുവാതിര കളിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ പ്രേക്ഷക മനം കവർന്നു. അതോടൊപ്പം നടത്തിയ കായിക പരിപാടികളായ സ്പൂൺ റേസ് , കസേരകളി, വടംവലി എന്നിവയ്ക്ക് ആവേശപൂർവ്വമായ സ്വീകരണമാണ് കാണികളിൽ നിന്നും ലഭിച്ചത്. സോക്കർ, ബാഡ്മിൻറൺ, ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങൾ മുൻകൂറായി നടത്തി അതിൻറെ വിജയികൾക്ക് സമ്മാനങ്ങൾ ഓണവേദിയിൽ വിതരണം ചെയ്തു. ഓണവേദിയേയും, കാണികളേയും, ഇളക്കിമറിച്ചു കൊണ്ടുള്ള വാൻകൂവർ റോക്ക് ടെയിലിന്റെ ഫ്യൂഷൻ വിത്ത് ശിങ്കാരിമേളത്തോടെയാണ് ഓണാഘോഷത്തിന് പരിസമാപ്തിയായത്. അരുൺ, കലേഷ്, ജിയോ, അമല, നിമിൽ, ബിൻസി, ബിന്ദ്യ, ജോസഫ്, ദീപക് പൈക്കട, വിപിൻ, ജിൽസ്, ജെയിൻഷാ, അക്ഷര, പ്രതീഷ് തോമസ്, പ്രതീഷ്, പ്രദീപ്, ബേസിൽ, ഗണേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ നടത്തിയത്. വിവിധ തരം മലയാളി വിഭവങ്ങളോടു കൂടിയ ഓണസദ്യ ഈ ഓണാഘോഷത്തിന് പൊലിപ്പേകി. മധ്യവാൻകൂവർ ഐലൻഡിൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നത്. 400 മലയാളികൾ പങ്കെടുത്തു. കേരളത്തോട് വളരെയേറെ രൂപ സാദൃശ്യമുള്ള മനോഹരമായ പ്രദേശമാണിത്. എങ്കിലും കാനഡയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മലയാളി ജനസംഖ്യ കുറവാണ്. കാനഡയിലെ രണ്ടാമത്തെ വലിയ നഗരമായ വാൻകൂവറിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഫെറി കടന്നു വേണം തെക്കേ അറ്റത്തായി പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഐലൻഡിൽ എത്തിച്ചേരുവാൻ, വിമാനത്തിലും വരാം. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിന്റെ തലസ്ഥാനമായ വിക്ടോറിയ ഈ ഐലൻഡിലാണ്.
മഹാബലി ചക്രവർത്തി തൻറെ പ്രജകളെ സന്ദർശിക്കുന്ന സവിശേഷസന്ദർഭത്തിൻറെ പ്രതീകമാണല്ലോ ഓണം. തിരുവോണനാളിൽ തങ്ങളുടെ മഹാരാജാവിനെ വരവേൽക്കുന്ന മലയാളികൾക്കു മുഴുവനും പത്തു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം ആഹ്ളാദഭരിതമായ കാലമാണ്.
വിളവെടുപ്പിൻറെ ഒരുത്സവമായും ഓണം അറിയപ്പെടുന്നുണ്ട്. വീട്ടുമുറ്റങ്ങളിൽ വർണ്ണാഭമായ വിവിധതരം പുഷ്പങ്ങൾ നിരത്തിയൊരുക്കുന്ന മനോഹരമായ പൂക്കളങ്ങൾ സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും ബോധമുണർത്തുന്നു - അതിനെയാണ് ഓണം പ്രതിനിധീകരിക്കുന്നത്. പുതുപുത്തൻ പട്ടുടവകളും സ്വർണ്ണാഭരണങ്ങളുമണിഞ്ഞൊരുങ്ങി ആഘോഷത്തിനു മാറ്റുകൂട്ടുന്ന സ്ത്രീജനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓണാഘോഷത്തിൻറെ ഓരോ ഭാഗവും കഴിഞ്ഞുപോയ ആ പൂർവ്വകാലമഹിമയെക്കുറിച്ചുള്ള ഒരു സുഖസ്മരണയാണ്. വിഭവസമൃദ്ധമായ സദ്യയ്ക്കു പിന്നാലെ കൈകൊട്ടിക്കളിയും തുമ്പിതുള്ളലും കുമ്മാട്ടിക്കളി, പുലികളി തുടങ്ങിയ നാടൻ പ്രകടനങ്ങളുമെല്ലാം അരങ്ങേറുന്നു.
മഹാനായ അസുരസാമ്രാട്ടായിരുന്ന മഹാബലി പാതാളലോകത്തിൽനിന്ന് തൻറെ രാജ്യത്തിലേക്കു തിരിച്ചുവരുന്നതിൻറെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്നതാണ് ഓണം. പ്രഹളാദൻ്റെ പൗത്രനായ മഹാബലി ജ്ഞാനത്തെ ആദരിച്ചിരുന്ന അതിശക്തനും പണ്ഡിതനുമായ മഹാരാജാവായിരുന്നു. ഒരിക്കൽ മഹാബലി ഒരു യജ്ഞം ആചരിച്ചുകൊണ്ടിരിക്കെ, ഹ്രസ്വകായനും തേജസ്വിയുമായൊരു ബാലൻ യജ്ഞശാലയിൽ പ്രവേശിച്ചു. ആചാരപ്രകാരം മഹാബലി ഈ തേജസ്വിയായ ചെറുപ്പക്കാരനെ സ്വാഗതം ചെയ്ത് അവനെന്താണു വേണ്ടതെന്നു ചോദിച്ചു. തൻറെ കാൽച്ചുവടുകൊണ്ട് അളക്കാവുന്ന മൂന്നടി സ്ഥലം തരണമെന്നാണ് ആ ബാലൻ അപേക്ഷിച്ചത്.
ഈ അതിഥി സാക്ഷാൽ മഹാവിഷ്ണുവല്ലാതെ മറ്റാരുമല്ലെന്ന് തൻറെ ഗുരുവായ ശുക്രാചാര്യർ അപായസൂചന നൽകിയിട്ടുപോലും ഗുരുവിനെ നിരാശപ്പെടുത്തിക്കൊണ്ട് മഹാബലി ഉടൻതന്നെ ബാലൻറെ അപേക്ഷ സ്വീകരിച്ചു.
ഓണത്തിൻറെ കഥ
ഐതിഹ്യപ്രകാരം, മൂന്നടി സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ട ഉടൻ വാമനൻ എന്നു പേരായ ആ കൊച്ചുബാലൻ ത്രിവിക്രമൻ എന്നറിയപ്പെടുന്ന ഭീമാകാരമായ രൂപമെടുത്തുകൊണ്ട് തൻറെ ആദ്യചുവടിൽ ഭൂമിയെ മുഴുവനായും അളന്നു. അതിനുശേഷം രണ്ടാം ചുവടിൽ ആകാശത്തെയും മുഴുവനായി അളന്നു. ഈ രണ്ടു ചുവടുകൊണ്ടുതന്നെ മഹാബലിയുടെ സാമ്രാജ്യം മുഴുവനായും - ഭൂമിയും ആകാശവും - അളക്കപ്പെട്ടുകഴിഞ്ഞു. മൂന്നാം ചുവട് എവിടെയാണു വെക്കേണ്ടതെന്ന് വാമനൻ മഹാബലിയോടു ചോദിച്ചു.
വിഷ്ണുഭക്തരിൽവെച്ചേറ്റവും ശ്രേഷ്ഠനായ പ്രഹ്ലാദൻറെ പൗത്രനായ മഹാബലി ചക്രവർത്തി, മൂന്നാം ചുവടു വെക്കുവാനായി തികഞ്ഞ ഭക്തിയോടെയും സമർപ്പണഭാവത്തോടെയും തൻറെ ശിരസ്സ് ആനന്ദപൂർവ്വം വാഗ്ദാനം ചെയ്തു.
അദ്ദേഹത്തിൻറെ സമർപ്പണഭാവത്തിൻറെ അംഗീകാരമെന്ന നിലയിൽ മഹാവിഷ്ണു അദ്ദേഹത്തെ അടുത്ത മന്വന്തരത്തിൽ ഇന്ദ്രനായി വാഴിക്കാമെന്നനുഗ്രഹിച്ചുകൊണ്ട് പാതാളത്തിലേക്കു പറഞ്ഞയച്ചതോടൊപ്പം പാതാളത്തിൻറെ കവാടത്തിന് താൻ സ്വയം കാവൽ നിൽക്കുമെന്നും വാഗ്ദാനം ചെയ്തു. കൂടാതെ പ്രജകളുടെ അപേക്ഷ മാനിച്ചുകൊണ്ട് മഹാവിഷ്ണു മഹാബലിക്ക് വർഷത്തിലൊരിക്കൽ പ്രജകളോടൊത്തുചേരുന്നതിനായി പാതാളത്തിൽനിന്നും തൻറെ രാജ്യത്തിലേക്കു തിരിച്ചുവരുവാനുള്ള അനുവാദം നൽകി. ആ ദിവസമാണ് ഓണമായി ആഘോഷിക്കപ്പെടുന്നത്.