അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് വിടവാങ്ങിയ പ്രിയനടൻ കലാഭവൻ നവാസിന്റെ വേർപാട് അദ്ദേഹത്തിന്റെ കുടുംബത്തിനും സിനിമാ ലോകത്തിനും ഒരുപോലെ തീരാനഷ്ടമായിരുന്നു. പ്രത്യേകിച്ചും നവാസിന്റെ ജീവിതമായിരുന്ന ഭാര്യ രഹ്നയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ വന്നപ്പോഴും മക്കളെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന രഹ്നയുടെ ചിത്രം ഓരോ മലയാളിയെയും നൊമ്പരപ്പെടുത്തിയിരുന്നു.
എന്നാൽ ഇപ്പോൾ, തന്റെ പ്രിയതമന്റെ വേർപാടുണ്ടാക്കിയ ശൂന്യതയിൽ നിന്ന് പുറത്തുവരാൻ കരുത്തു നേടുകയാണ് രഹ്ന. മക്കളുടെ ഭാവിക്ക് വേണ്ടിയും തന്റെ മാനസികമായ സമാധാനത്തിന് വേണ്ടിയും പുതിയൊരു സംരംഭത്തിന് അവർ തുടക്കം കുറിച്ചിരിക്കുന്നു. ഹാന്റ് എംബ്രോയിഡറിയിൽ തനിക്കുള്ള പ്രാവീണ്യം മറ്റുള്ളവരിലേക്ക് എത്തിക്കാനായി 'രഹ്നാസ് ഡിസൈൻസ്' (Rehna's Designs) എന്ന പേരിൽ എംബ്രോയിഡറി പരിശീലന ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ് താരം.
ആലുവ ചൂണ്ടിയിലാണ് 14 വയസ്സിന് മുകളിലുള്ളവർക്കായി 10 ദിവസത്തെ ഈ പരിശീലന ക്ലാസ് നടക്കുന്നത്. വീട്ടിൽ ഒതുങ്ങിക്കൂടാതെ ഇത്തരം സർഗ്ഗാത്മകമായ കാര്യങ്ങളിലേക്ക് മനസ്സിനെ തിരിച്ചുവിടാനുള്ള രഹ്നയുടെ തീരുമാനം നവാസിനെ സ്നേഹിക്കുന്ന എല്ലാവർക്കും സന്തോഷം നൽകുന്ന ഒന്നാണ്. പഴയതുപോലെ ആ കുസൃതിച്ചിരിയോടെ രഹ്നയെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രഹ്നയുടെ ഈ പുതിയ തുടക്കത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും ആശംസകളുമാണ് ലഭിക്കുന്നത്.

