നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരയെ 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടി പോലീസ്. പോത്തുണ്ടി മലയിൽ നിന്നാണ് കണ്ടെത്തിയത് എന്നാണ് സൂചന. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് പോലീസ് സംഘം മടങ്ങിയെന്ന് കരുതിയ പ്രതി ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്തുകടന്നപ്പോഴാണ് പിടിയിലായത്. നാട്ടുകാർ നൽകിയ വിവരം പ്രകാരം പ്രതി ഇവിടം പോകാനിടയില്ലെന്ന് ഉറപ്പിച്ച പോലീസ്, യൂണിഫോമിലുള്ള എല്ലാവരെയും മാറ്റി ഏതാനും പേരെ സ്ഥലത്ത് നിയോഗിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് നെന്മാറ സ്വദേശി സുധാകരനെയും അയാളുടെ വൃദ്ധമാതാവിനെയും ചെന്താമര വെട്ടിവീഴ്ത്തിയത്. ഇതേ സുധാകരൻ്റെ ഭാര്യയെ 2019ൽ ഇതേ പ്രതി തന്നെ കൊലപ്പെടുത്തിയതാണ്. രക്ഷിതാക്കളെ എല്ലാവരെയും നഷ്ടപ്പെട്ട സുധാകരൻ്റെ രണ്ട് പെൺമക്കളുടെ കരച്ചിൽ മലയാളികളുടെയെല്ലാം മനസാക്ഷിയെ ഉലച്ചതാണ്. ഇതിൻ്റെ പ്രതിഫലനമാണ് ഇപ്പോൾ നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ കാണുന്നത്.
രോഷാകുലരായ നാട്ടുകാർ രാത്രി വൈകിയും സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. അൽപം മുൻപ് ഒരുകൂട്ടം ആളുകൾ സ്റ്റേഷനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശുകയും ചെയ്തു. ദീർഘനേരമായി ഭക്ഷണമൊന്നും കഴിക്കാത്ത പ്രതി അവശനാണ്. പ്രായവും പരിഗണിച്ച് അടിയന്തരമായി വൈദ്യപരിശോധനക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് പോലീസ്. ഇന്നലെ ഇയാളുടെ വീട്ടിൽ നിന്ന് വിഷക്കുപ്പി കണ്ടെത്തിയിരുന്നു. ഇതും സംശയം ഉണ്ടാക്കുന്നുണ്ട്.