PRAVASI

പുതിയ സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു

Blog Image
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഏറ്റവും പുതിയ പഞ്ചാരി മേളം ടീം 2024 ഓഗസ്റ്റ് 31 ശനിയാഴ്ച ലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.മേള കലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ്, ശ്രീ കലാക്ഷേത്ര രാജേഷ് നായർ എന്നിവരുടെ ശിക്ഷണത്തിലാണ് ഈ ടീം കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പഞ്ചാരി മേളം പരിശീലനം നടത്തിയത്

ലിവർമോർ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഏറ്റവും പുതിയ പഞ്ചാരി മേളം ടീം 2024 ഓഗസ്റ്റ് 31 ശനിയാഴ്ച ലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.മേള കലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ്, ശ്രീ കലാക്ഷേത്ര രാജേഷ് നായർ എന്നിവരുടെ ശിക്ഷണത്തിലാണ് ഈ ടീം കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പഞ്ചാരി മേളം പരിശീലനം നടത്തിയത്.കേരളത്തിലെ മേള പ്രമാണിമാരിൽ പ്രമുഖനാണ് ശ്രീ കലാമണ്ഡലം ശിവദാസ്. കേരളത്തിന്റെ തനത് കലകളായ പഞ്ചാരി മേളത്തിലും, പാണ്ടിമേളത്തിലും കഥകളി ചെണ്ടയിലും വിശിഷ്ടമായ സ്ഥാനം അദ്ദേഹത്തിനുണ്ട്.  പ്രശസ്തമായ  ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രധാന അധ്യാപകനും  കേരള കലാമണ്ഡലം യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് വിദഗ്ദ്ധ സമിതി അംഗവുമാണ് ശ്രീ കലാമണ്ഡലം ശിവദാസ്.


 
ശ്രീ കലാമണ്ഡലം ശിവദാസനിൽ നിന്നും തായമ്പക അഭ്യസിച്ചു, സ്വാമീ ചിന്മയാനന്ദ സരസ്വതിയുടെ തിരുമുമ്പിൽ 11 വയസ്സിൽ അരങ്ങേറ്റം കുറിച്ച കലാകാരനാണ് ശ്രീ കലാക്ഷേത്ര രാജേഷ് നായർ. മിഷിഗൺ കലാക്ഷേത്ര എന്ന സ്ഥാപനത്തിലൂടെ നിരവധി പുതിയ കലാകാരന്മാരെ വാർത്തെടുക്കകയും , വിവിധ ഭാഗങ്ങളിൽ വാദ്യകലാപരിപാടികൾ ഏറ്റെടുത്ത്  നടത്തുകയും ചെയ്യുന്നു. ഭാരതീയ കലകൾ ജനകീയമാക്കാൻ ഈ സ്ഥാപനത്തിലുടെ ശ്രീ രാജേഷ് അതുല്യമായ സംഭാവനകൾ നൽകിവരുന്നു.

ഈ അധ്യാപകരുടെ നേതൃത്വത്തിൽ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ മൂന്നാമത്തെ പഞ്ചാരി മേളം സംഘമാണ് അരങ്ങേറ്റം നടത്തുന്നത്.അരങ്ങേറ്റത്തിൽ 9 ബേ ഏരിയ കലാകാരന്മാർ, ബിനോജ് എം എൻ, ജാസ്മിൻ പരോൾ, ജോൺ ജേക്കബ്, മനോജ് നാരായണൻ, പത്മപ്രിയ പാലോട്ട്, പ്രദീപ് പിള്ള, രേവതി നാരായണൻ, റോഷ് രാംദാസ്, ശ്രീജിത്ത് കറുത്തോടി എന്നിവരും, സിയാറ്റിലിൽ നിന്നെത്തിയ അജിത് കെ, പ്രകാശ് മേനോൻ എന്നിവരും പങ്കെടുത്തു. ശ്രീ കലാമണ്ഡലം ശിവദാസ് ആയിരുന്നു മേളപ്രമാണി, ശ്രീ രാജേഷ് നായർ പിന്തുണച്ചു.

ഡിട്രോയിറ്റ് ആസ്ഥാനമായുള്ള കലാക്ഷേത്ര ടീം വലംതല, ഇലത്താളം അകമ്പടി നൽകി. കൃഷ്ണകുമാർ നായർ, സജീവ് നായർ, രാജേഷ് കുട്ടി, നീലകണ്ഠൻ പരമേശ്വരൻ, ശ്രീകുമാർ നായർ, ഷിബു ദേവപാലൻ എന്നിവർ വലംതലയും ചന്ദ്രൻ പത്മനാഭൻ, സൂരജ് ചന്ദ്രലാൽ, ജയമുരളി നായർ, നാരായണൻ എന്നിവർ ഇലത്താളം കൈകാര്യം ചെയ്തു. പൂർവ വിദ്യാർഥി ബിജു ചെറുപ്പൊയില്ലം അരങ്ങേറ്റസംഘത്തിനൊപ്പം ചേർന്നു.

ശ്രീമതി രേഷ്മ നാരായണസ്വാമി, രക്ഷിത എന്നിവർ MC ചെയ്ത് ലിവർമോർ ലാസ് പോസിറ്റാസ് കോളേജ് ഓഡിറ്റോറിയത്തിൽ വർണഗംഭീരമായി നടന്ന പരിപാടിയിൽ ശ്രീ കലാമണ്ഡലം ശിവദാസിന്റെ നിലവിലെ വിദ്യാർത്ഥികളും മുൻ വിദ്യാർത്ഥികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 350-ലധികം ആളുകൾ പങ്കെടുത്തു. ബേ ഏരിയ ആർട്ടിസ്റ്റ് ശ്രീമതി. റോഷ്‌നി പിള്ള, മൗണ്ടൻ ഹൗസ് സ്‌പോർട്‌സ് ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ സ്ഥാപകൻ ശ്രീ. സുരേഷ് വുയ്യൂരു, ലിവർമോർ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്‌സ് പള്ളി വികാരി ഫാദർ തോമസ് കോര എന്നിവർ ആശംസകൾ നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.