PRAVASI

(നിരീക്ഷണം) മര്യാദയാണ് മഹത്വം

Blog Image

ഒന്ന്
2021. ജൂലൈ മാസത്തിലെ ഒരു സായാഹ്നം. സൗഹൃദ സന്ദര്‍ശനത്തിനെത്തിയ സൈമണ്‍ ആറുപറയോട് എന്‍റെ പുതിയ പുസ്തകത്തെക്കുറിച്ച് പറഞ്ഞു. "നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും." 
"നമുക്ക് ഇതിനൊരു പ്രകാശനച്ചടങ്ങ് നടത്തിയാലോ?" സൈമച്ചന്‍ ചോദിച്ചു. 
"വടവാതൂര്‍ സെമിനാരിയിലെ എന്‍റെ ക്ലാസ്സ് റൂമില്‍ വച്ച് ഒരു ചെറിയ ചടങ്ങാണ് ഞാന്‍ ഉദ്ദേശിക്കുന്നത്."
എന്‍റെ മറുപടിയില്‍ തൃപ്തനാകാതെ സൈമച്ചന്‍ പറഞ്ഞു: "പോരാ, നമുക്ക് ചൈതന്യയില്‍ വച്ച് നടത്തണം. മന്ത്രി റോഷിയെ വിളിക്കാം. എന്‍റെ കയ്യില്‍ നമ്പറുണ്ട്." ആത്മവിശ്വാസത്തോടെ സൈമച്ചന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. നടക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ ഞാന്‍ പറഞ്ഞു: "അവരൊക്കെ തിരക്കുള്ള ആള്‍ക്കാരല്ലേ. വരുമോ?"
നമ്പര്‍ എനിക്ക് നല്കിക്കൊണ്ട് സൈമച്ചന്‍ പറഞ്ഞു: "രാവിലെ ഒരു എട്ടുമണിയോടുകൂടി വിളിച്ചുനോക്ക്. ആ സമയം മന്ത്രി ഫ്രീയായിരിക്കും. സാറു വിളിച്ചാല്‍ വരാതിരിക്കില്ല." എന്നെ ഒന്നുകൂടി ധൈര്യപ്പെടുത്തിക്കൊണ്ട് സൈമച്ചന്‍ യാത്ര പറഞ്ഞിറങ്ങി. ഉറങ്ങാന്‍ കിടന്നപ്പോഴും മന്ത്രി റോഷി അഗസ്റ്റിനെ വിളിക്കുന്നതിലുള്ള തേങ്ങല്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു. 
ഞാന്‍ ഉഴവൂര്‍ കോളജില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന റോഷിയെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. എന്‍റെ വിദ്യാര്‍ത്ഥികളായിരുന്ന ബല്‍ജി ഇമ്മാനുവേല്‍, ജയിംസ് തെക്കനാടന്‍ എന്നിവര്‍ വഴിയാണ് ഞാന്‍ റോഷിയുമായി സൗഹൃദത്തിലാകുന്നത്. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ റോഷി അഗസ്റ്റിന്‍ നയിച്ച കേരളയാത്ര അന്ന് വളരെ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. പിന്നീട് ജോസ് കണിയാലി, ജയ്ബു കുളങ്ങര, അലസ്കാണ്ടര്‍ കൊച്ചുപുരക്കല്‍ തുടങ്ങിയവരോടൊപ്പമുള്ള സൗഹൃദക്കൂട്ടായ്മകളിലും ഞാനും റോഷിയും പങ്കുചേര്‍ന്നിട്ടുണ്ട്. പ്രിന്‍സ് ലൂക്കോസ്, രാജു ആലപ്പാട്ട്, ജോജി കുറത്തിയാടന്‍, ഷൈമോന്‍ തോട്ടുങ്കല്‍ തുടങ്ങിയ പ്രാദേശിക കേരളാ കോണ്‍ഗ്രസ് നേതാക്കന്മാരോടൊപ്പവും ഞങ്ങള്‍ ഒരുമിച്ചിരുന്നിട്ടുണ്ട്. അതൊക്കെ പഴയ കഥകള്‍. മന്ത്രിയായ റോഷി ഇതൊക്കെ ഓര്‍മ്മിക്കുമോ ആവോ? ഞാന്‍ എന്നോടുതന്നെ സംശയം പ്രകടിപ്പിച്ചു. എന്തായാലും പിറ്റേന്ന് രാവിലെ ഞാന്‍ റോഷിയെ ഫോണില്‍ വിളിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സന്തോഷനിര്‍ഭരമായ ഒരു മറുപടിയാണ് എനിക്ക് ലഭിച്ചത്. "അടുത്ത വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി. കാര്യങ്ങള്‍ നീക്കിക്കോ. ഞാന്‍ തിരുവനന്തപുരത്തുനിന്ന് ഇടുക്കിക്ക് പോകുമ്പോള്‍ ചൈതന്യയില്‍ ഇറങ്ങി പ്രകാശനം നടത്തിക്കൊള്ളാം." ക്ഷേമാന്വേഷണം നടത്തി സൗഹാര്‍ദപൂര്‍വ്വം അദ്ദേഹം ആ സംഭാഷണം അവസാനിപ്പിച്ചു. ചൈതന്യയിലെ പ്രകാശനച്ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിദ്ധ്യംകൊണ്ട് ഊര്‍ജസ്വലമായിരുന്നു. യശഃശരീരനായ മാണിസാറിനെപ്പോലെ എല്ലാവരെയും തൊട്ടുതലോടി സ്നേഹം പകര്‍ന്ന് ആ യുവ നേതാവ് ഇടുക്കിയിലേക്കുള്ള യാത്ര തുടര്‍ന്നു. "എല്ലാവര്‍ക്കും മനസുകൊണ്ട് മന്ത്രി റോഷിയെ അനുഗ്രഹിക്കാന്‍ തോന്നും അല്ലേ?" വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരി വത്സ എന്നോടു പറഞ്ഞു.
രണ്ട്
2025 സെപ്റ്റംബര്‍ എട്ട്. അയല്‍വാസിയും സ്നേഹിതനും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രിന്‍സ് ലൂക്കോസിന്‍റെ ആകസ്മിക നിര്യാണം ഞങ്ങളെയും സങ്കടത്തിലാക്കി. ഞങ്ങളുടെ കണ്‍മുന്‍പിലൂടെ വളര്‍ന്ന് പ്രശസ്തനായ ഒരു യുവ നേതാവ്. പ്രിന്‍സിനെക്കുറിച്ചുള്ള ഒട്ടേറെ നല്ല ഓര്‍മ്മകള്‍ ഞങ്ങളുടെ മനസ്സിലുണ്ട്. സെപ്റ്റംബര്‍ ഒന്‍പതാം തീയതി രാത്രി പത്തുമണി കഴിയുമ്പോള്‍ തിരക്ക് ഒഴിയുമെന്ന് കരുതി ഞങ്ങള്‍ പ്രിന്‍സിന്‍റെ ഭവനത്തിലെത്തി. റോഡിലും വീട്ടുമുറ്റത്തും നിറയെ ജനം. വീടിനുള്ളില്‍ കയറി മരണത്തിലും നഷ്ടപ്പെടാത്ത പ്രഭയോടെ ഉറങ്ങുന്ന പ്രിന്‍സിനെ നോക്കി അന്തിമാഭിവാദ്യം നേര്‍ന്ന് മുറ്റത്തേക്കിറങ്ങുമ്പോള്‍ യു.കെ.യില്‍ നിന്ന് പ്രിന്‍സിനെ കാണാന്‍ വേണ്ടിമാത്രം അന്ന് രാവിലെ എത്തിയ ഷൈമോന്‍ തോട്ടുങ്കല്‍ പറഞ്ഞു: "റോഷി അപ്പുറത്തുണ്ട്." ഞങ്ങളെയും കൂട്ടി വീടിന്‍റെ പാര്‍ശ്വത്തിലുള്ള പന്തലിലേക്ക് ചെന്നപ്പോള്‍ ആളുകളുടെ നടുവിലിരുന്ന് വര്‍ത്തമാനം പറയുന്ന റോഷിയെ കണ്ടു. ഉപചാരപൂര്‍വം എഴുന്നേറ്റ് ഞങ്ങളുടെ അടുത്തേക്ക് വന്ന റോഷി, പ്രിന്‍സിനെക്കുറിച്ച് സങ്കടത്തോടെയാണ് സംസാരിച്ചത്. പ്രിയ സഹപ്രവര്‍ത്തകന്‍റെ വേര്‍പാടിലുള്ള ദുഃഖം ആ മുഖത്ത് കാണാമായിരുന്നു. കുറേക്കഴിഞ്ഞ് വീടിന്‍റെ മുന്‍ഭാഗത്തുള്ള പന്തലില്‍ സാബു മുക്കുടി, രാജു ആലപ്പാട്ട്, ജോസി ഏലൂര്‍ തുടങ്ങിയ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പോകാന്‍ ഇറങ്ങിയ റോഷി വീണ്ടും ഞങ്ങളുടെ അടുക്കലെത്തി "ഇറങ്ങട്ടെ നാളെ സംസ്കാരത്തിന് വരാം" എന്നു പറഞ്ഞ് റോഡിലേക്ക് ഇറങ്ങി കാറില്‍ കയറി പോകുന്ന റോഷിയെ ഞങ്ങള്‍ നോക്കിനിന്നു. പരിവാരങ്ങളും ബഹളങ്ങളും ഒന്നുമില്ലാതെ തെളിമയാര്‍ന്ന ഭാവങ്ങളോടെ വിനീതനായി ജനങ്ങളുടെ ഇടയിലൂടെ ഒരു സാധാരണക്കാരനെപ്പോലെ നടന്നുപോകുന്ന ആ മന്ത്രിയുടെ പോക്ക് എല്ലാവരും ബഹുമാനത്തോടെ നോക്കിനിന്നു.
മൂന്ന്
സെപ്റ്റംബര്‍ പതിനൊന്ന്. രാവിലെ പത്തുമണി. തെള്ളകത്തുള്ള ഫിറ്റ്നസ് സെന്‍ററില്‍ രാവിലത്തെ വര്‍ക്ക് ഔട്ട് കഴിഞ്ഞ് ചൈതന്യയോടു ചേര്‍ന്നുള്ള അന്നപൂര്‍ണ വെജിറ്റേറിയന്‍ ഹോട്ടലില്‍ ഞങ്ങള്‍ കാപ്പി കുടിക്കാന്‍ കയറി. റെസ്റ്റോറന്‍റിന്‍റെ ആദ്യനിരയിലെ കസേരകളിലൊന്നില്‍ ഒരു പോലീസുകാരന്‍ ഇരുന്ന് കാപ്പി കുടിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. പിന്നെയും മുന്നോട്ടു നടന്നപ്പോള്‍ ഫോണില്‍ നോക്കി കാപ്പി കുടിച്ചുകൊണ്ടിരിക്കുന്ന ശുഭ്രവസ്ത്രധാരിയായ മന്ത്രി റോഷി. ജനങ്ങളുടെ ഇടയിലിരുന്ന് ഒരു സാധാരണക്കാരനെപ്പോലെ കാപ്പി കുടിക്കുന്ന കേരളത്തിലെ ബഹുമാനപ്പെട്ട ഒരു മന്ത്രി. ഞങ്ങള്‍ അടുത്തുചെന്നപ്പോള്‍ എഴുന്നേറ്റുനിന്ന് ആ മന്ത്രി സംസാരിച്ചത് ഞങ്ങള്‍ക്ക് അത്ഭുതമായി. റിട്ടയര്‍ ചെയ്ത് വൃദ്ധരായ അധ്യാപക ദമ്പതികളായ ഞങ്ങള്‍ റോഷിയുടെ വോട്ടര്‍മാര്‍പോലുമല്ല. എങ്കിലും, ആ വിനയത്തിന്‍റെ മര്യാദ മണല്‍ത്തരിയോളം ചെറുതായ ഞങ്ങളെ ആശ്ചര്യപ്പെടുത്തി. പോകാന്‍ നേരത്ത് വീണ്ടും ഞങ്ങളുടെ അടുത്തുവന്ന് യാത്രപറഞ്ഞു മടങ്ങുന്ന മന്ത്രിയെ നോക്കി വത്സ പറഞ്ഞു: "എനിക്ക് മനസുകൊണ്ട് അനുഗ്രഹിക്കാന്‍ തോന്നി."
ജനാധിപത്യത്തില്‍ മന്ത്രിയും എം.എല്‍.എ.യും എം.പി.യും എല്ലാം ജനങ്ങളുടെ പ്രതിനിധിയാണ്. ജനങ്ങളില്‍ ഒരുവനാണ്. അവരാരും യജമാനന്‍മാരല്ല. അവര്‍ ജനങ്ങളുടെ സുഹൃത്തുക്കളാണ്. ജനങ്ങള്‍ ഏല്പ്പിച്ച ജോലി സത്യസന്ധതയോടെ നിര്‍വഹിക്കുക മാത്രമാണ് അവരുടെ കടമ. ഒരു പൊതുഭോജനശാലയില്‍ ഭക്ഷണം കഴിച്ച് തന്നെ നോക്കുന്ന ആളുകളെ നോക്കി പുഞ്ചിരിച്ച് വിളമ്പുകാരേയും പരിചാരകരേയും മാനിച്ച് നടന്നുപോകുന്ന മന്ത്രി റോഷി അഗസ്റ്റിന്‍ ഞങ്ങളെ പഠിപ്പിച്ച പാഠം ഇതാണ്. മര്യാദയാണ് മഹത്വത്തിന്‍റെ അടിസ്ഥാനം.

ROSHY AUGUSTINE 

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.