കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി സംസ്ഥാനത്തിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തിന്റെ നിലവിലെ വിദ്യാഭ്യാസ നയത്തിൽ യാതൊരുവിധ മാറ്റങ്ങളും വരുത്തേണ്ടതില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ പദ്ധതി സ്വീകരിക്കുന്നതിലൂടെ കേന്ദ്ര നിബന്ധന പ്രകാരമുള്ള എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് ഉറപ്പാക്കാൻ സാധിക്കും. പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കിൽ ഈ വൻ തുക ലഭിക്കില്ലെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
റിപ്പോർട്ടിലെ ഏറ്റവും നിർണായകമായ നിർദേശം, കേന്ദ്ര പദ്ധതിയുടെ ഭാഗമായാലും നിലവിലെ എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ തന്നെ കുട്ടികളെ തുടർന്നും പഠിപ്പിച്ചാൽ മതി എന്നതാണ്. ഡയറക്ടറുടെ റിപ്പോർട്ടിന്മേൽ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും ഇടത് മുന്നണിയിൽ നിന്നടക്കം ശക്തമായ എതിർപ്പുകൾ ഉയർന്നു. കേന്ദ്ര പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരുമെന്ന ആശങ്കയായിരുന്നു എതിർപ്പിന് പ്രധാന കാരണം. 2025 ഒക്ടോബർ 16-ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മുൻകൈയെടുത്ത് പദ്ധതിയുടെ കരാറിൽ ഒപ്പിട്ടത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് ഫണ്ടിന്റെ ആദ്യ ഗഡു കൈപ്പറ്റുകയും ചെയ്തിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ തന്റെ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് പുതിയ സർക്കാരെങ്കിലും പി.എം. ശ്രീ വിഷയത്തിൽ പെട്ടെന്ന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. വിദഗ്ധരുമായുള്ള ചർച്ചകൾക്ക് ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പിട്ട കരാർ നിലവിലുണ്ട്. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കും. എന്നാൽ വികസന ഫണ്ടുകൾ നൽകുന്നതിന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത ഉപാധികൾ വെക്കാൻ പാടില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

