സെപ്റ്റംബർ 21-നു Scarborough FC സംഘടിപ്പിച്ച ആവേശകരമായ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി നോവ സ്കോഷ്യൻ ടീമായ നോർത്തേൺ വോൾവ്‌സ്
സെപ്റ്റംബർ 21-നു Scarborough FC സംഘടിപ്പിച്ച ആവേശകരമായ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്
ജേതാക്കളായി നോവ സ്കോഷ്യൻ ടീമായ നോർത്തേൺ വോൾവ്‌സ്. അറ്റ്ലാന്റിക് പ്രവിശ്യകളിൽ നിന്നും ആദ്യമായാണ് ഒരു ടീം ഈ നേട്ടം കൈവരിക്കുന്നത്.
കാനഡയും യുഎസ്എയും ഉൾപ്പെടെ 21 ശക്തരായ ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരച്ചത്. ഒന്റാറിയോയിലെ സ്കാർബറോയിൽ നടന്ന വാശിയേറിയ ഈ ടൂർണമെന്റ് നിലവാരം കൊണ്ടും കളിയുടെ മേന്മ കൊണ്ടും ഫുട്ബാൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളിക്ക് അഭിമാനമായി ഈ ടൂർണമെന്റ്.
ഹാലിഫാക്സിലെ (നോവ സ്‌കോഷ്യ) മലയാളി ഫുട്ബോൾ പ്രേമികളാൽ 2023-ൽ സ്ഥാപിതമായ ഫുട്ബാൾ ക്ലബാണ് നോർത്തേൺ വോൾവ്‌സ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാനഡയുടെ ഫുട്ബാൾ ഭൂപടത്തിൽ സ്വന്തമായി ഒരിടം നേടാൻ നോർത്തേൺ വോൾവ്‌സിനു കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. യുവ പ്രതിഭകളെ തിരിച്ചറിയുകയും അവർക്കു വളരാനുള്ള ഇടം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലൂടെയാണ് ഈ ടീം ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. ഈ അടുത്ത കാലത്തു നടത്തപ്പെട്ട കുട്ടികൾക്കായുള്ള ഫുട്ബാൾ ടൂർണമെന്റ് ഇത്തരത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു.
ഒരു തോൽവിയും വഴങ്ങാതെയാണ് ടൂർണമെന്റിൽ നോർത്തേൺ വോൾവ്‌സ് തങ്ങളുടെ പ്രകടനം കാഴ്ച വച്ചത്. അറ്റ്ലാന്റിക് പ്രവിശ്യയിൽ നിന്നും ആദ്യമായാണ് ഒരു ടീം Scarborough Cup നേടുന്നത് എന്നത് അവരുടെ അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി.
ഫൈനലിൽ മുൻ ചാമ്പ്യന്മാരായ കൈരളി FC എന്ന ക്ലബ്ബിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നോർത്തേൺ വോൾവ്‌സ് അടിയറവു ചെയ്യിച്ചത്. ഈ ടൂർണമെന്റ് ക്ലബിന്റെ വിജയകരമായ യാത്രയിൽ ഒരു നിർണ്ണായക മുന്നേറ്റമായി മാറി, ഒപ്പം ദേശീയ-അന്തർദേശീയ ഫുട്ബോൾ രംഗത്ത് അവരുടെ സ്ഥാനം ഉറപ്പിച്ചു.
ഈ വിജയം നോവ സ്കോഷ്യൻ ഫുട്ബാൾ രംഗത്ത് നിർണായകമായ കാൽവെപ്പായി മാറും എന്നത് നിസ്തർക്കമാണ്. മലയാളികൾ കൂടുതൽ ഈ രംഗത്തേക്ക് ആകൃഷ്ടരാകാനും ഒപ്പം കനേഡിയൻ ഫുട്ബാൾ രംഗത്തേക്ക് കൂടുതൽ മലയാളി സാന്നിധ്യം ഉറപ്പിക്കാനും ഇത്തരം നേട്ടങ്ങൾ ഉതകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.