PRAVASI

ജോസഫിൻ്റെ "ഒലിവ് ചില്ല തളിർത്തപ്പോൾ"

Blog Image

കുട്ടിക്കാലത്ത്, ഇടവക പള്ളിയിലെ പെരുന്നാളിന്‌ കണ്ടിട്ടുള്ള ബൈബിൾ നാടകങ്ങൾ ഇപ്പോഴും തെളിച്ചമുള്ള ഓർമ്മകളാണ്. കൊല്ലം അസ്സീസിയുടെ 'ശില്പി", ആലപ്പി തീയേറ്റേഴ്സിന്റെ 'കടലിന്റെ മക്കൾ', 'മലനാടിന്റെ മക്കൾ', കൊച്ചിൻ നാടക വേദിയുടെ 'ജൊവാൻ ഓഫ് ആർക്ക്', 'അർത്ഥബാൻ' തുടങ്ങിയ നാടകങ്ങൾ ആ ഗണത്തിൽപെടുന്നവയാണ്. സത്യവേദ പുസ്തകത്തിലെ തിരുവെഴുത്തിന് സൃഷ്ടിപരമായ ആഖ്യാനങ്ങൾ നൽകി അരങ്ങിൽ അഭിനയതികവിന്റെ ആൾരൂപങ്ങളായി നിറഞ്ഞാടിയിട്ടുള്ള ചില കഥാപാത്രങ്ങൾ ഇന്നും ഒരു കെടാവിളക്കുപോലെ മനസ്സിലുണ്ട്. അതിൽ ഏറ്റവും ഹൃദയസ്പർശിയായ കഥാപാത്രം കൊച്ചിൻ നാടകവേദി അവതരിപ്പിച്ച "അർത്തബാൻ" എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'കുയിലൻ' എന്ന അനുഗ്രഹീത കലാകാരന്റെ തട്ടുപൊളിപ്പൻ പ്രകടനമായിരുന്നു. ആകാശത്തിലെ നക്ഷത്രം തെളിയിച്ച വഴികളിലൂടെ ബത്‌ലഹേം ലക്ഷ്യമാക്കി സഞ്ചരിച്ച നാലാമത്തെ രാജാവിന്റെ കഥയാണ് ആർത്തബാൻ . യാത്രമദ്ധ്യേ രോഗികൾക്കും ദുരിതം അനുഭവിക്കുന്നവർക്കും സ്വാന്തനമാകാൻ ശ്രമിച്ചതുകൊണ്ട് ലക്ഷ്യസ്ഥാനം ഒരു മരീചിക പോലെ അകന്നകന്ന് പോയ ഹതഭാഗ്യനായ മറ്റൊരു നീതിമാന്റെ കഥയാണ് ആർത്തബാൻ. ആർത്തബാനെ ക്കുറിച്ച് ബൈബിളിൽ എവിടെയും പരാമർശിച്ചതായി അറിയില്ല. എങ്കിലും ആ നാടകം ഒരു വേറിട്ട ദൃശ്യാനുഭവമായിരുന്നു.

ഇന്നലെ കാഞ്ഞിരപ്പള്ളി അമല തീയേറ്റേഴ്സ് പെർത്തിൽ അവതരിപ്പിച്ച "തച്ചൻ" എന്ന നാടകത്തിന്റെ തുടക്കത്തിലെ കഥാപരിസരവും എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരുന്നു. ചെറിയ ക്ലാസ്സുകളിലെ പാഠ്യ പുസ്തകത്തിൽ പഠിച്ചിട്ടുള്ള പുരാണ കഥകളിലെ "സ്വയംവരങ്ങൾ" നമുക്ക് ഹൃദ്യസ്ഥമാണ്. ജനകരാജാവിന്റെ മകൾ സീതയുടെ സ്വയംവരത്തിനെത്തിയ ശ്രീ രാമൻ ആർക്കും ഉയർത്താൻ സാധിക്കാത്ത വില്ലുയർത്തി സീതയെ സ്വന്തമാക്കിയ കഥ.... അതുപോലെ ദ്രുപദ രാജാവിന്റെ മകൾ ദ്രൗപദിയുടെ സ്വയംവരത്തിന് ബ്രാഹ്മണ വേഷത്തിലെത്തിയ അർജ്ജുനൻ ദ്രൗപദിയെ സ്വന്തമാക്കിയ കഥയും അറിയാം. എന്നാൽ ജറുസലേമിലെ യോവാക്കിമിന്റെയും അന്നയുടെയും മകൾ മേരിക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ ജെറുസലേം ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട "സ്വയംവരത്തിന്റെ" കഥ ആദ്യമായി കേൾക്കുന്നത് ഇന്നെലയാണ്. സുന്ദരിയും സുശീലയു കന്യകയുമായ മേരിയെ സ്വന്തമാക്കാൻ 400 പേരാണ് ഉണങ്ങിയ ഒലിവ് കമ്പിൽ അവരവരുടെ പേരെഴുതി സമർപ്പിച്ചത് . വിശ്വാസപ്രകാരം, ഉണക്ക ഒലിവുചില്ലയിൽ നിന്നും പുതിയ തളിര് നാമ്പിടുമെന്നും ആ ഒലിവ് കമ്പിന്റെ ഉടമക്ക് മേരിയെ വിവാഹം ചെയ്തു കൊടുക്കും എന്നുമായിരുന്നു പ്രധാന പുരോഹിതന്റെ പ്രഖ്യാപനം. ദൈവഹിതത്താൽ ജോസഫ് എന്ന തച്ചൻ കൊണ്ടുവന്ന ഉണക്ക ഒലിവ് കമ്പ് തളിർക്കുകയും മേരിയെ സ്വന്തമാക്കുകയും ചെയ്തു.

സോളമൻ രാജാവിന്റെ മുന്തിരിത്തോട്ടത്തിലെ മുന്തിരി വള്ളികളും മാതളനാരകവും പൂത്ത് വിടർന്നതിന്റെ കഥ പറഞ്ഞുതരാൻ പണ്ടൊരു പത്മരാജൻ വേണ്ടിവന്നു. ഇന്നിപ്പോൾ ഇതാ ജോസഫിന്റെ ഒലിവ് ചില്ല തളിർത്തതും മേരിയുടെ ഭർത്താവായതും എല്ലാം ഒരു ദൃശ്യാവിഷ്കാരത്തിലൂടെ അനുഭവേദ്യമാക്കിയ കാഞ്ഞിരപ്പള്ളി അമല തീയേറ്റേഴ്സിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...

ചാണ്ടി കറുകപ്പറമ്പിൽ

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.