PRAVASI

അനന്തപുരിയുടെ ഓണവിശേഷങ്ങൾ

Blog Image

അനന്തപുരിയുടെ ഔദ്യോധിക ഓണാഘോഷങ്ങളുടെ ആരംഭം 1980കളിലാണ്. അനന്തപുരിയെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണെനിക്കെങ്കിൽ അനന്തപുരിയുടെ ഓണവിശേഷങ്ങൾ പറയാൻ ഈ നാവ് തികയാതെ വരും. മലായാളിയുടെ കാർഷികോത്സവമായ ഓണം അനന്തപുരിക്കാർക്ക് അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാണ്. ആ മൂഡ് കേട്ടറിഞ്ഞാൽ പ്പോരാ, കണ്ടു തന്നെ അറിയണം. തിരുവനന്തപുരത്തെ ഓണമെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് വർണ്ണവിസ്മയത്താൽ ഒരേ സമയം അദ്ഭുതവും ആഹ്ലാദവും തീർക്കുന്ന നഗരവീഥികളിലെ ദീപാലങ്കാരക്കാഴ്ച്ചകളും അത് കാണുവാനായി ഒഴുകി എത്തുന്ന ജനക്കൂട്ടവും തന്നെയാണ്. അനന്തപുരിയുടെ ഓണാഘോഷ കേന്ദ്രം കനകക്കുന്ന് കൊട്ടാരമാണ്. നിശാഗന്ധി മുതൽ പുത്തരിക്കണ്ടവും പൂജപ്പുരയിലുമൊക്കെയായി 33 ഓളം സ്റ്റേജുകളിലാണ് ഓണത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുകിലുണരുന്നത്. ചലച്ചിത്ര ത്താരങ്ങളും സിനിമാ പിന്നണി ഗായകരും പ്രശസ്ത നർത്തകരുടെ നടന ന്യത്യങ്ങളും ആയോധന കലകളും സാംസ്കാരിക കലകളായ കഥകളിയും കൂടിയാട്ടവും, മുടിയാട്ടവും കരകാട്ടവും ചെണ്ടമേളവുമൊക്കെയായി ഓണത്തിൻ്റെ അരങ്ങ് ഒരുങ്ങുന്നതോടെ അനന്തപുരി ഓണലഹരിയുടെ ആഹ്ലാദത്തിമിർപ്പിലമരുന്നു. വിദേശത്തായാലും ഏത് പ്രദേശത്തായലും ഓണത്തിന് സ്വന്തം വീട്ടിലെത്തി 3 കൂട്ടം പായസവും പരിപ്പ്, സമ്പാർ, മോരും രസവും പുളിശ്ശേരിയും ഒക്കെ കൂട്ടി മൃഷ്ടാനം സദ്യയുണ്ട് നീട്ടിയൊരു ഏമ്പക്കവും വിട്ട് വൈകുന്നേരമാകുമ്പോഴേക്കും കൂട്ടുകാരുമൊത്തും കുടുംബവുമൊക്കെയായി അനന്തപുരിയുടെ രാജവീഥികളിലൂടെ "ലൈറ്റ്" ഒക്കെക്കണ്ട് കനക്കുന്നിനു ചുറ്റും സുന്ദരിമാരെയും സുന്ദരന്മാരെയുമൊക്കെയും കണ്ട് നടക്കുന്നത് അനന്തപുരിയുടെ മലയാളിയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത ആഹ്ലാദനിമിഷങ്ങൾ തന്നെയാണ്.. ഞാനും അങ്ങനെ നടന്നിട്ടുള്ളതും ആ സന്തോഷം നേരിട്ടനുഭച്ചറിഞ്ഞിട്ടുള്ളതുമായ ഒരാളാണ്, മുമ്പ് കിഴക്കേ കോട്ട മുതൽ ദീപാലാങ്കാര 'മുണ്ടാകുമായിരുന്നെങ്കിൽ ഇന്നത് സ്റ്റാച്ചു മുതൽ കവടിയാർ വരെയായി ചുരുങ്ങിയിരിക്കുന്നു. എങ്കിലും വിവിധ രൂപങ്ങളിൽ ചലിക്കുന്ന ഈ ദീപാലങ്കാര സംവിധാനങ്ങൾ ഏതൊരാളിൻ്റെയും മനം നിറയ്ക്കുമെന്നതിൽ സംശയം വേണ്ട,
പണ്ട് അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് നാളും വിവിധ കൂട്ടായ്മകളുടെയും ക്ലബ്ബുകളുടെയും ഭാഗമായി നഗരവീഥികളിൽ
അത്തപ്പൂക്കള മുണ്ടായിരുന്നുവെങ്കിൽ ഇന്നത് തിരുവോണ നാളിൽ മാത്രമായി ചുരുങ്ങുവാൻ തുടങ്ങിയിരിക്കുന്നു, പക്ഷെ സ്കൂളുകളിലും കോളേജുകളും സർക്കാർ സ്ഥാപനങ്ങളും പ്രൈവറ്റ് സ്ഥാപനങ്ങളും എല്ലാം അത്തപ്പൂക്കള മത്സരങ്ങളൊരുക്കി ഓണം കളർഫുൾ ആക്കുന്നു, പണ്ട് തോവാള പ്പാടത്തു നിന്നും ചാലയിൽ നിന്നും ആണ് പൂക്കളമൊരുക്കാൻ ആളുകൾ പൂക്കൾക്ക് ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ന് കഥമാറി, നഗരത്തിലെ ഒഴിഞ്ഞപ്പറമ്പുകളും ഗ്രാമപ്രദേശങ്ങളുമൊക്കെ വിവിധ ക്ലബ്ബുകളുടെയും കുടുംബശ്രീകളുടെയും ഒക്കെ നേതൃത്വത്തിൽ പൂ കൃഷി തുടങ്ങിയിരിക്കുന്നു. വിരിഞ്ഞു നില്ക്കുന്ന ഈ പൂപ്പാടങ്ങളിലൂടെ വിലക്കുറവിൽ പൂക്കൾ ലഭിക്കുന്നതിനോടൊപ്പം ഈ പൂപ്പാടങ്ങൾ മനസ്സിന് പൂക്കളുടെ മനോഹരമായ കാഴ്ച്ച വിസ്മയവും തീർക്കുന്നു. പട്ടുപാവാടയും സെറ്റ് സാരിയുമുടുത്ത് പെൺകുട്ടികൾ തിരുവാതിരയും പൂക്കളവുമൊരുക്കുമ്പോൾ അവർക്കൊപ്പം ആൺ കുട്ടികൾ പുലികളിയും നാടൻ പന്തുകളിയും കമുകിൻ കയറ്റമത്സരങ്ങളും ഉറിയടിയും വടംവലിയും സുന്ദരിയ്ക്ക് പൊട്ടുതൊടൽ, നാരങ്ങക്കടിച്ചോട്ടവുമൊക്കെയായി ഓണം ജോറാക്കുന്നു. കുട്ടികൾ പുതുവസ്ത്രങ്ങൾക്കൊപ്പം മഞ്ഞക്കോടിയുടുക്കുന്നു,

നഗരത്തിന് പുറമേ വർക്കല, കാട്ടാക്കട, ശംഖുമുഖം, വേളി, നെടുമങ്ങാട്, നെയ്യാർഡാം, പൊൻമുടി തുടങ്ങി അനന്ത പുരിയുടെ ഗ്രാമപ്രദേശങ്ങളിലും ഓണവൈബ് പടർന്നൊഴുകുന്നു, കമുകിൽ കയറ്റ മത്സരവും നാടൻ പന്ത് കളിയും നാട്ടിൻ പുറത്താണ് കൂടുതലും കാണുന്നത്, ക്ഷേത്രങ്ങളിലും മറ്റും വിശേഷാൽ പൂജകളും മറ്റും നടക്കുന്നു, സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം പ്രൈവറ്റ് സ്ഥാപനങ്ങളും ലൈറ്റുകളിൽ തീർത്തിരിക്കുന്ന കാഴ്ച്ചയുടെ വിസ്മയങ്ങൾ കാണാൻ തന്നെ മണിക്കൂറുകൾ വേണം. കനകക്കുന്നിൻ്റെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഒബ്സർവേറ്ററി ഹില്ലിൽ വാട്ടർ വർക്സ് ഓണനാളുകളിൽ നുരഞ്ഞു പതഞ്ഞൊഴുക്കുന്ന വെളളത്താൽ തീർക്കുന്ന കാഴ്ച്ചുകളും മനസ്സിൽ കുളിര് കോരിയിടുമെന്നതിൽ സംശയം വേണ്ട, ഇവിടെയും കനകക്കുന്നിലുമായി ഒരുക്കിയിരിക്കുന്ന വിവിധ റൈഡുകളിൽ കയറി പേടിച്ചും ആഹ്ലാദിച്ചും ആ കണ്ഠനാളങ്ങളിൽ നിന്നുമുയരുന്ന കൂയ് യ് .... ശബ്ദങ്ങൾ മനസ്സിനെ കൊണ്ടുപോകുന്നത് ഓണത്തിൻ്റെ ആഹ്ലാദ കൊടുമുടിയിലേക്കാണ്, കേരളത്തിൻ്റെ അഭിമാനമായ കുടുംബശ്രീ സംരഭകർ ഒരുക്കുന്ന രുചികരമായ ഫുഡ് കോർട്ടുകളും കനകക്കുന്നിൽ സജീവമാണ്, ഓണനാളുകൾ നഗരത്തിൻ്റെ തെരുവോരങ്ങൾ വഴിയോര കച്ചവടക്കാർക്കുള്ളതാണ്, സാധനങ്ങൾ വില്ക്കുവാൻ കച്ചവടക്കാരുടെ ആർപ്പുവിളികളും കാഴ്ച്ചയ്ക്ക് രസഭംഗി കൂട്ടുന്നു. തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഓണനാളുകളിലൊരുങ്ങുന്ന ജയൻ്റ് വീലുകൾ, പുഷ്പമേള, അലങ്കാര മത്സ്യങ്ങളുടെ പ്രദർശനം, മാജിക് ഷോ, വ്യാപാര പ്രദർശന ശാലകൾ എല്ലാം തന്നെ ഈ സമയങ്ങളിൽ ജനനിബിഡമാണ്, ഓണാഘോഷ സമാപന ദിവസത്തെ ഓണഘോഷയാത്ര കാണാതിരിക്കുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. അന്നേ ദിവസം കിഴക്കേകോട്ട മുതൽ കവടിയാർ വരെ റോഡിനിരു വശവുമായി ഘോഷയാത്ര കാണാൻ ജനലക്ഷങ്ങളാണ് വിവിധ പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്നത്, വെൺചാമരം വീശിയെത്തുന്ന ഗജവീരന്മാരും പോലീസിൻ്റെ അശ്വാരൂഢസേനയുടെ പ്രകടനവും വിവിധ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ മത്സര ബുദ്ധിയോടെ ഒരുക്കുന്ന ഘോഷയാത്ര വേഷങ്ങളും കലാപരിപാടകളും ഇലത്താളം, ചെണ്ടമേളം, പുലികളി, ദഫ് മുട്ട്, കളരിപയറ്റ് ,കരാട്ടെ, സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങളും പ്രൈവറ്റ് സ്ഥാപനങ്ങളുമൊരുക്കുന്ന 100 കണക്കിന് പ്ലോട്ടുകൾ ഇതെല്ലാം ജനഹൃദയങ്ങളിൽ ഓണത്തിൻ്റെ അലയൊടുങ്ങാത്ത അനുഭൂതി നിറയ്ക്കുന്ന അനന്തപുരി ഓണത്തിൻ്റെ മായാക്കാഴ്ച്ചകളാണ്, കപ്പലണ്ടിയും കൊറിച്ച് ഈ കാഴ്ച്ചകൾ കണ്ട് നഗരവീഥിയിലൂടെ ഇങ്ങനെ നടക്കുമ്പോൾ ഏതൊരാളും അറിയാതെ പറഞ്ഞു പോകും, മൊത്തത്തിൽ "തിരുവനന്തപുരത്തെ ഓണം, കളറാണ് മക്കളേ" എന്ന്.
അനന്തപുരിയിലെ ചാലക്കമ്പോളവും പച്ചക്കറി മാർക്കറ്റുമെല്ലാം ഓണസദ്യയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെക്കൊണ്ട് നിറഞ്ഞൊഴുകുകയാകും, എല്ലാത്തിനുമുപരി ഓണനാളുകളിൽ ബാറുകളിൽ ഏറ്റവും കൂടുതൽ മദ്യം തകൃതിയായി കച്ചവടം നടക്കുന്നതും തിരുവനന്തപുരത്താണ്. എങ്കിലും എല്ലാവരുടെയും മുഖത്ത് സന്തോഷത്തിൻ്റെ പൂത്തിരി കത്തുന്നത് അനന്തപുരിയുടെ ഓണക്കാഴ്ച്ചകളിലെങ്ങും കാണാം, കാണം വിറ്റും ഓണമാഘോഷിക്കണമെന്ന പഴംഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാന്ന് നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളായ പോത്തി സിലും കല്യാൺ സിൽക്സിലും ജയലക്ഷ്മിയിലും രാമചന്ദ്രനിലും പിന്നെ ആഭരണകടകളായ ഭീമയിലും ജോസ് കോയിലും ആലപ്പാട് ജൂവലേഴ്സിലുമൊക്കെ ജനം ഇടിച്ചു കയറുന്നത്. ഇതും ഒരു ഓണവൈബ് തന്നെ, എൻ്റെ മനസ്സും അനന്തപുരിയുടെ ഓണാഘോഷ കാഴ്ച്ചകൾ കണ്ട് മനം നിറഞ്ഞിരിക്കുകയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ പറഞ്ഞതിലുമേറെയാണ്. അതൊക്കെ ഇനി മറ്റൊരവസരത്തിൽ പറയുവാനായി ഞാൻ വീണ്ടും വരും...

ഷിബു മണല

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.