ഓർമ്മകൾ കൂട്ടിടിയിടിച്ച മാരക വിസ്‌ഫോടനത്തിൽ മറവിയുടെ കണ്ണാടിച്ചീളുകളായ് നാം വേറെവേറെ സ്വപ്നങ്ങളിലേക്ക് ചിതറിത്തെറിക്കും
ഒരേ
പാളത്തിലൂടെ
വിരുദ്ധദിശകളിൽ നിന്ന്
ചീറിപ്പാഞ്ഞു വരുന്നു
എന്റെയും നിന്റെയും
ഓർമ്മകൾ കയറ്റിയ
ചരക്കു തീവണ്ടികൾ
നിദ്രയുടെ
ഏതെങ്കിലുമൊരു
ഇരുണ്ട തുരങ്കത്തിൽ വെച്ച്
അവ കൂട്ടിയിടിച്ചു തകരാതിരിക്കില്ല
മറവിയുടെ
കൂറ്റൻ ഇരുമ്പ് പാലത്തിൽ നിന്ന്
മറവിയുടെ
കാലവർഷക്കടലിലേക്ക്
പതിക്കാതിരിക്കില്ല
മറവിയുടെ മീനുകൾ
കൊത്തിപ്പറിക്കാതിരിക്കില്ല
മറവിയുടെ
ശംഖുകൾക്കുള്ളിൽ
അടയ്ക്കപ്പെടാതിരിക്കില്ല
അതുവരെ
നമുക്കീ ജാലകക്കാഴ്ചകൾ
ഉള്ളുണങ്ങാത്ത മുറിവുകളായി
ഉടലിലങ്ങിങ്ങായി
പച്ചകുത്തിവെക്കാം
പായുന്ന മരങ്ങൾക്കിടയിലെ
പക്ഷിക്കൂട്ടങ്ങളുടെ
ചാരനിറമുള്ള ഒരോർമ്മ
ഞാൻ നിനക്ക് തരും
കാറ്റ് തൂത്തുവാരിയ
ഇലകളുടെ
മഞ്ഞയും കാപ്പിയും കലർന്ന
ഓരോർമ്മ
നീ എനിക്ക് തരണം
ജാലകക്കമ്പിയുടെ
തുരുമ്പിച്ച പ്രതലത്തിലൂടെ
ഉറുമ്പുകൾ കൊത്തിവലിക്കുന്ന
നിറമില്ലാത്ത
ശലഭച്ചിറകിന്റെ ഓരോർമ്മ
ഞാൻ നിന്നോട് പറയും
മഴനനഞ്ഞൊരു
പക്ഷിക്കുഞ്ഞിന്റെ
മരവിച്ച മൗനത്തിന്റെ
നിലവിളിയെക്കുറിച്ചുള്ള ഒരോർമ്മ
നീ എന്നോട് പറയണം
ഒടുവിൽ
ഓർമ്മകൾ കൂട്ടിടിയിടിച്ച
മാരക വിസ്‌ഫോടനത്തിൽ
മറവിയുടെ കണ്ണാടിച്ചീളുകളായ്
നാം വേറെവേറെ സ്വപ്നങ്ങളിലേക്ക്
ചിതറിത്തെറിക്കും
ഒടുവിൽ
ഓർമ്മകളുടെ വിഷലഹരി
കുടിച്ച് കുടിച്ച്
നാം
ആത്മഹത്യ ചെയ്യും...