വി എസ് ഓർമായാകുമ്പോൾ അദ്ദേഹം അവശേഷിപ്പിച്ച ഒരിടം എന്നും ശൂന്യമായിത്തന്നെ കിടക്കും .ആരാലും പകരംവെയ്ക്കാനില്ലാത്ത ഒരു നേതാവ് .അദ്ദേഹത്തെക്കുറിച്ച് ഓർമിക്കുമ്പോൾ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരനുഭവം മാധ്യമ പ്രവർത്തകനെന്ന നിലയിൽ വലിയ അഭിമാനം ഉണ്ടാക്കിയിട്ടുണ്ട് .
15 വര്‍ഷങ്ങള്‍ക്കു മുന്‍പ്, അതായത് 2010 ഏപ്രില്‍ മാസത്തില്‍ കോട്ടയത്തു ദര്‍ശന ഓഡിറ്റോറിയത്തില്‍ വെച്ച് കേരളാ എക്സ്പ്രസ് ഒരു സെമിനാര്‍ സംഘടിപ്പിച്ചു. 'കേരള ടൂറിസം വികസനത്തിന് പ്രവാസി മാര്‍ഗ്ഗരേഖ' എന്നതായിരുന്നു വിഷയം. കേരളത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രഗത്ഭര്‍ അതില്‍ പങ്കെടുത്തു. വനംവകുപ്പു മന്ത്രി ബിനോയി വിശ്വം, കെ.എം. മാണിസാര്‍, തോമസ് ചാഴികാടന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെ.സി. ജോസഫ് എംഎല്‍എ, തോമസ് ജേക്കബ് സാര്‍ (മലയാള മനോരമ), സി.എല്‍. തോമസ് (ഏഷ്യാനെറ്റ്), ശാലു മാത്യു (മംഗളം), ഉഴവൂര്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ബാബു പൂഴിക്കുന്നേല്‍ എന്നിങ്ങനെ അതിഥികളുടെ ഒരു നീണ്ടനിര ആ ചര്‍ച്ചാ സമ്മേളനത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
അവിടെ പങ്കുവെക്കപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചുകൊണ്ട് 'ടൂറിസം വികസനത്തിന് ഒരു പ്രവാസി മാര്‍ഗ്ഗരേഖ' കേരള സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. വി.എസ്. അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. ക്ലിഫ് ഹൗസില്‍ അദ്ദേഹത്തെ നേരിട്ട് കാണുവാനും സംസാരിക്കുവാനും അവസരം ലഭിച്ചു. അന്നത്തെ ഏറ്റുമാനൂര്‍ എംഎല്‍എ തോമസ് ചാഴികാടന്‍, കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് എന്നിവരും കൂടെ ഉണ്ടായിരുന്നു. യാതൊരു ജാഡകളുമില്ലാതെ, നാടന്‍ ഭാഷയില്‍ സംസാരിക്കുന്ന വി.എസിന്‍റെ സംസാരശൈലി വളരെ കൗതുകകരമായി അനുഭവപ്പെട്ടു. കേരളാ എക്സ്പ്രസ്സിന്‍റെ താളുകള്‍ മറിക്കുകയും അതിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആരായുകയും ചെയ്തു. 20 മിനിട്ടു സമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. വി.എസിന്‍റെ ജനകീയ ശൈലിയും പാവപ്പെട്ടവരോടുള്ള സമീപനങ്ങളും പ്രസിദ്ധമാണല്ലോ. അത് അദ്ദേഹത്തിന്‍റെ സംസാരഭാഷയിലും പ്രകടമായിരുന്നു. ടൂറിസം സെമിനാറിനെക്കുറിച്ചും മാര്‍ഗ്ഗരേഖയെക്കുറിച്ചും വി.എസ്. താല്പര്യത്തോടുകൂടി അന്വേഷിച്ചു. അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിച്ച അവസരം ജീവിതത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരു അനുഭവമായിരുന്നു.
അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സാറിനും പുതുപ്പള്ളി ഹൗസില്‍ വെച്ച് ടൂറിസം മാര്‍ഗ്ഗരേഖ സമര്‍പ്പിക്കുവാന്‍ സാധിച്ചു. അദ്ദേഹവും അമേരിക്കന്‍ മലയാളികളെക്കുറിച്ച് വളരെ താല്പര്യപൂര്‍വ്വം അന്വേഷിച്ചു.
സെക്രട്ടേറിയറ്റില്‍ വെച്ച് ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കാണുവാന്‍ സാധിച്ചു. അദ്ദേഹത്തോടൊപ്പം മന്ത്രിമാരായ ബിനോയി വിശ്വം, എം. വിജയകുമാര്‍, പ്രേമചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു. ലാളിത്യം, എളിമ, നാടന്‍ സംസാരശൈലി എന്നിവയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ സഖാവ് വി.എസ്. അച്യുതാനന്ദന്‍ ജനമനസ്സുകളില്‍ ഒരിക്കലും മരിക്കുന്നില്ല. ലാല്‍സലാം!








