കുറേ വിശേഷപ്പെട്ട ദിവസങ്ങൾ നമുക്ക് ഉണ്ടെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട വിശേഷ ദിവസം വിഷു തന്നെയാണ്.
അതിന് കാരണങ്ങളും കുറേയുണ്ട്.
വേനൽക്കാല അവധി സമയം. അവധിക്കാലങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട അവധിക്കാലം.
ഓണ അവധിയും ക്രിസ്മസ് അവധിയും കഴിഞ്ഞാൽ സ്ക്കൂളിൽ ചെല്ലുമ്പോൾ കിട്ടുന്ന പരീക്ഷയുടെ ഫലവും താരതമ്യ പ്പെടുത്തലും ഒന്നുമില്ലാത്ത വേനൽ അവധി.
വേനൽ അവധിയ്ക്ക് ആ താരതമ്യങ്ങൾ ഒന്നും തന്നെയില്ല
" fail or Pass "
എന്ന ഒരു എഴുത്തിൽ തീരും.
അപ്പോൾ വേനൽ അവധിക്കാലം പരീക്ഷ ഫലത്തിന്റെ താരതമ്യചോദ്യങ്ങളുടെ ടെൻഷനുകൾ ഇല്ലാതെ അർമാദിച്ചു നടക്കും. പ്രത്യേകിച്ച് ഏപ്രിൽ മാസം.
" ദി വെയ്സ്റ്റ ലാൻഡ് " എന്ന കവിതയിൽ കവി എലിയോട്ട്
“April is the cruellest month.” എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.
പലപ്പോഴം ആലോചിച്ച ഒരു ചോദ്യമാണ്.
എന്തിന് ഏപ്രിൽ മാസത്തിന് അങ്ങനെ ഒരു തലക്കെട്ട് .
പക്ഷെ നമ്മൾക്ക് ഏപ്രിൽ ഉത്സവങ്ങളുടെ മാസമാണ്.
ഈ ഏപ്രിൽ മാസത്തിലുമാണ് നമ്മുടെ വിഷുവും.
പിന്നെ വിഷു കൈ നീട്ടം;
വിഷുക്കണി, വിഷു സദ്യ, വിഷുക്കളി, പുതിയ ഉടുപ്പ്... ഇവയൊക്കെ ഉണ്ടങ്കിലും വിഷു കൈ നീട്ടത്തിനോട് വല്ലാത്തൊരിഷ്ടം എനിക്കുണ്ട്.
വിഷു എന്റെ അമ്മ വീട്ടിൽ ആഘോഷിക്കാനാണിഷ്ടം.എനിക്ക് കുറേ അമ്മാവൻമാരും കുറേ അമ്മായിമാരും ഉണ്ട്. അവരുടെ ഏക പെങ്ങളുടെ മൂത്ത മകൾ എന്ന ഒരു സ്വകാര്യ അഹങ്കാരം നന്നായ് ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട് ആ അഹങ്കാരം.
അപ്പോൾ ഏപ്രിൽ തുടങ്ങുമ്പോഴേ കൈ നീട്ടത്തിന്റെ കണക്കും തുടങ്ങും.
എത്ര കിട്ടും എത്ര കൊടുക്കണം
എന്ന വരവ് ചിലവുകളെ പറ്റിയുള്ള കണക്കുകളുടെ പട്ടിക.
അങ്ങനെയുള്ള കൈനീട്ടമാണ് ഇന്നിവിടെ ഇതിവൃത്തമാകുന്നത്.
ആ കൈനീട്ടത്തിൽ ഒരു അന്ധവിശ്വാസത്തിന്റെ ഒരു കൈപത്തിയടയാളം മറഞ്ഞിരിപ്പുണ്ട്.
അച്ഛൻ ഒരു ദിവസം ക്ലാസ്സിൽ " സൂപ്പർ സ്റ്റീഷ്യസ് അല്ലെങ്കിൽ അന്ധവിശ്വസം" എന്ന വിഷയത്തെപ്പറ്റി പറയുകയുണ്ടായ് .
ഉദാഹരണമായ അച്ഛൻ എടുത്ത വ്യക്തി വേറെ ആരുമായിരുന്നില്ല ,അച്ഛന്റെ പ്രിയതമ അതായത് എന്റെ അമ്മ .
അച്ഛൻ വളരെ നർമ്മത്തോടെയും പ്രിയതമയോടുള്ള സ്നേഹത്തിന്റെ പരിലാളനയോടെയും അമ്മയുടെ അന്ധവിശ്വാസത്തെ ക്ലാസ്സിൽ അവതരിപ്പിച്ചു. ക്ലാസിൽ ചിരികൾ ഉയർന്നു.
പക്ഷെ എന്റെ ക്ലാസ്സിൽ അടുത്തിരുന്ന കുട്ടി,
"തന്റെ അമ്മക്ക് ഇത്രയ്ക്കും അന്ധവിശ്വാസമോ ?"
എന്ന ചോദ്യത്തിൽ ഞാൻ ചൂളിപ്പോയ്.
അന്നെന്റെ തലയിൽ അമ്മയും അമ്മയുടെ കുറേ അന്ധവിശ്വസങ്ങളും എന്ന ചിന്ത കയറി പറ്റി. പിന്നെ ഞാൻ അമ്മയെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു.
ശരിയാണ് അന്ധവിശ്വാസങ്ങളുടെ നിറഞ്ഞ കുടം.
ഇപ്പോഴുo യാതൊരു വ്യത്യാസവുമില്ല.
" ഇറങ്ങുമ്പോൾ പുറകിൽ നിന്ന് വിളിക്കരുത്,
പുറത്തോട്ട് ഇറങ്ങിയാൽ അകത്തോട്ട് കയറരുത്,
അത്താഴം കഴിഞ്ഞാൽ നല്ല കാര്യം പറയരുത്,
കാലാട്ടരുത്, തലയിൽ കൈവയ്ക്കരുത്, സന്ധ്യയ്ക്കു നഖം വെട്ടരുത്....".
അങ്ങനെ നീണ്ട ഒരു പട്ടിക തന്നെയുണ്ട്.
എഴുതി തുടങ്ങിയാൽ ഇപ്പോഴെങ്ങും തീരില്ല.
അമ്മയെ ഇനിയും മാറ്റാൻ പറ്റില്ലല്ലോ!: അതു കൊണ്ട് ഞങ്ങളങ്ങു മാറി.
ഇനി കാര്യത്തിലേക്ക്.
അങ്ങനെ അച്ഛന്റെ ക്ലാസ്സുകൾ കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞു. പക്ഷെ നിരീക്ഷണം തുടർന്നു കൊണ്ടേയിരുന്നു.
അങ്ങനെ ഒരു വിഷു ദിവസം.വിഷു വിന്റെ ഒരുക്കളും തുടങ്ങി.
അടുക്കളയിൽ പാചക പരീക്ഷണങ്ങളിൽ എല്ലാവരും .
പപ്പടം കഴിക്കാനായ് അടുക്കളയിൽ കയറാറുള്ള ഞാൻ പതിവുപോലെ പപ്പടം കഴിക്കാനായ് അടുക്കളയിൽ എത്തി.
അപ്പേഴാണ് കടുക് എന്റെ കണ്ണിൽ പെട്ടത്.
കറുത്ത വളരെ ചെറിയ ഗോളങ്ങൾ പാത്രത്തിൽ ഉരുണ്ടു കളിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകത്തോടെ കൈ കൊണ്ട് അറിയാതെ ഒന്ന് തടവി.
പാത്രം താഴെ വീണു.
കടുകും താഴെ വീണു.
അമ്മ ദേഷ്യത്തോടെ രംഗ പ്രവേശനവും ചെയ്തു.
"കടുക് താഴെ വീണാൽ വീട്ടിൽ അടി ഉണ്ടാകുമെന്ന് അറിയില്ലേ " എന്ന വാചകവുമായ്.
എന്നും കേട്ടുകൊണ്ടിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ് ഒരു വാചകം.
അമ്മയുടെ ഭാഷയിൽ വിശ്വാസം.
"കടുക് താഴെ വീണാൽ അടിയോ
അതെങ്ങനെ" എന്ന മറുപടിയുമായ് ഞാൻ ഓടി മാറി.
കൂടെ " സൂപ്പർ സ്റ്റീഷ്യസ് വുമൺ " എന്ന് സംബോധനയും ഞാൻ ചെയ്തു.
ആ സംബോധന തന്നെയാണ് ഒരു വികട സരസ്വതിയായ് നാവിൽ വിളയാടിയതും. കൈനീട്ടം കൈപത്തിയടയാളമായതും.
ഇപ്പോൾ തോന്നാറുണ്ട് ആ സംബോധന തെറ്റായിരുന്നു എന്ന്.
അതും ഞാനൊരമ്മയായപ്പോൾ !
കടുക് താഴെ വീണാൽ അടിയുണ്ടാകും എന്ന ആപ്ത വാചകത്തെ ദൃഢീകരിക്കുന്ന പ്രക്ഷോഭങ്ങളുമായ് ആ വിഷുവും കൈ നീട്ടവും തീർന്നു.
ഇപ്പോഴും കടുക് കാണുമ്പോഴും എടുക്കുമ്പോഴും ആ വിഷു ഓർമ്മ വരും കൂടെ എന്റെ അമ്മയുടെ കുറേ അന്ധവിശ്വാസങ്ങളും.
ഞങ്ങൾക്കത് അന്ധവിശ്വാസമാണെങ്കിലും
അമ്മ ആ വിശ്വാസങ്ങളിൽ മുറുകെ പിടിച്ചാണ് ജീവിക്കുന്നത്.
ആർക്കും ആരേയും മാറ്റാൻ അവകാശമില്ല.
മാറ്റാൻ അവകാശം നമ്മൾക്ക് നമ്മളെ മാത്രം.
ആ വിശ്വാസങ്ങളിൽ അടിയുറച്ച് വിശ്വസിച്ചും , ആ വിശ്വാസങ്ങളെ വീണ്ടും നർമ്മത്തിൽ കളിയാക്കിയും ആ വാർദ്ധ്ക്യ മിഥുനങ്ങൾ കോഴഞ്ചേരിയിൽ "പാർവ്വണം" എന്ന വീട്ടിൽ സന്തോഷത്തോടെ ഇപ്പോഴും ഇരിക്കുന്നു.
അപ്പോൾ ശരി...
മേടമാസ പുലരിയെ ശോഭയാക്കുന്ന കൊന്നപ്പൂവിന്റെ സൗന്ദര്യം പോലെ എല്ലാവരുടെയും ജീവിതം സമ്പൽ സമൃദ്ധി കൊണ്ട് നിറയട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് !
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
പാർവതി പ്രവീൺ ,മെരിലാൻഡ്