PRAVASI

തെന്നിന്ത്യയുടെ വാനമ്പാടിക്ക് നവതിയുടെ നിറവ്

Blog Image

മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക പി സുശീലക്ക് 90 ആം പിറന്നാൾ. പി ലീലയും ശാന്താ പി നായരും ജാനമ്മ ഡേവിഡും KPAC സുലോചനയും എല്ലാം മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്ത് വിരാജിക്കുന്ന കാലത്ത്, തമിഴ്/ തെലുങ്ക് ചലച്ചിത്ര ലോകത്ത് നിന്നും ഇവിടെ എത്തി, വെന്നിക്കൊടി പാറിച്ച ഗായികയാണ് പി സുശീല.1960 - ൽ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത 'സീത' യിലെ കന്നി ഗാനം ഇന്നും കാല ദേശ വ്യത്യാസമില്ലാതെ മലയാളികൾ ഏറ്റുപാടുന്നു. "പാട്ട് പാടി ഉറക്കം ഞാൻ താമരപൂം പൈതലേ" എന്ന എക്കാലത്തെയും മികച്ച താരാട്ട് പാട്ട് പാടിയാണ് പി സുശീല മലയാളക്കരയിലേക്ക് ആദ്യമായി കുടിയേറിയത്.

പിന്നീട് , ഉദയായുടെ തന്നെ ബാനറിൽ നിർമ്മിക്കപ്പെട്ട 'ഭാര്യ' എന്ന സിനിമയിലൂടെ വയലാർ- ദേവരാജൻ ടീം ഒരുക്കിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലും പി സുശീലയുടെ നിറ സാന്നിധ്യമുണ്ടായിരുന്നു. പെരിയാറേ പെരിയാറേ... ഓമനക്കയ്യിൽ ഒലിവിലക്കൊമ്പുമായി... ഈ മുൾകിരീടമിതെന്തിനു തന്നു... എന്നിവ ഉദാഹരണം. വയലാർ- ദേവരാജൻ കോമ്പിനേഷൻ ഒരു യുഗപ്രഭാവത്തോടെ മുന്നേറിയപ്പോൾ, ഒപ്പം തേൻ മധുരമുള്ള ശബ്ദത്തിനുടമയായ പി സുശീല എന്ന തെന്നിന്ത്യയിലെ ഏറ്റവും മികച്ച ഗായികയും കൂടെയുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, കന്നട, തുടങ്ങിയ ഭാഷാ ചലച്ചിത്രങ്ങളിലും അക്കാലത്തെ ഏറ്റവും തിരക്കുള്ള ഗായിക സുശീലാമ്മ ആയിരുന്നു. അതുകൊണ്ടു തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യത്തെ ഗായിക എന്ന ബഹുമതിയും അവർക്കു സ്വന്തം. പിന്നാലെ, അഞ്ച് ദേശീയ പുരസ്കാരം നേടിയ ആദ്യത്തെ ഗായിക എന്ന ഖ്യാതിയും പി സുശീലയെ തേടിവന്നു എന്നതും ചരിത്രം.

അറുപതുകളിലും എഴുപതുകളിലും വയലാർ-ദേവരാജൻ ജോഡിയുടെ മാസ്മരിക പ്രഭാവത്തിൽ പിറവികൊണ്ട നിത്യഹരിത ചലച്ചിത്ര ഗാനങ്ങളുടെ പട്ടിക എടുക്കുമ്പോൾ യേശുദാസ് എന്ന ഗാനഗന്ധർവ്വനോപ്പം കൂട്ടി വായിക്കപ്പെടുന്ന പേരാണ് പി സുശീലയുടേതും. എത്രയെത്ര ഹൃദയഹാരിയായ പാട്ടുകൾ.... എത്രയെത്ര കാലാതിവർത്തിയായ കാവ്യ കല്പനകൾ.....

പി സുശീലയോടൊപ്പം അതേ കാലഘട്ടത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന അവരുടെ തന്നെ നാട്ടുകാരിയായ എസ് ജാനകി എഴുപതുകളുടെ അവസാനത്തോടെ മലയാള സിനിമയിൽ മേൽക്കൈ നേടിയപ്പോൾ, മെല്ലെ മെല്ലെ പിൻവലിയുന്ന പി സുശീലയെയും നമ്മൾ കണ്ടു. എങ്കിലും 1988 -ൽ ഇന്ത്യൻ സിനിമയിലെ സംഗീത കുലപതി നൗഷാദ് അലി ആദ്യമായി ഒരു മലയാള സിനിമക്ക് സംഗീതം ചെയ്യാനെത്തിയപ്പോൾ, ഗായകായി പി സുശീല വേണമെന്ന് അദ്ദേഹത്തിന് നിര്ബന്ധമുണ്ടായിരുന്നു. നൗഷാദ് സംഗീതം നൽകിയ ധ്വനിയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായപ്പോൾ പി സുശീല എന്ന ഗായികയുടെ ശക്തമായ തിരിച്ചു വരവ് കൂടിയായിരുന്നു.

പി സുശീലയുടെ ഏറ്റവും മികച്ച ഗാനങ്ങൾ ഏതെന്ന് കണ്ടെത്തുക പ്രയാസമാണ്. അറുപതുകളിൽ പുറത്തിറങ്ങിയ അതിമനോഹരങ്ങളായ മലയാള ചലച്ചിത്രഗാനങ്ങളിൽ അധികവും പി സുശീലയുടെ ശബ്ദത്തിൽ പാടി കേട്ടവയാണ്. ശകുന്തളയിലെ 'പ്രിയതമാ പ്രിയതമാ, ഓടയിൽ നിന്നും എന്ന സിനിമയിലെ 'കാറ്റിൽ ഇളം കാറ്റിൽ', അഗ്നിപത്രിയിലെ 'കണ്ണ്‌ തുറക്കാത്ത ദൈവങ്ങളെ', ഒരു പെണ്ണിന്റെ കഥയിലെ 'ഹിമവാഹിനി ഹൃദയഹാരിനി', അശ്വമേധത്തിലെ 'ഏഴ് സുന്ദര രാത്രികൾ', 'കറുത്ത ചക്രവാള മതിലുകൾ ചൂഴും', കാർത്തികയിലെ 'ഇക്കരെയാണെന്റെ താമസം', നദിയിലെ 'പഞ്ചതന്ത്രം കഥയിലെ' തുടങ്ങി അറുപതുകളിൽ ജന്മമെടുത്ത നിത്യ ഹരിത ഗാനങ്ങൾ അനവധിയാണ്.

എഴുപതുകളുടെ തുടക്കത്തിൽ, റേഡിയോയുടെ മുന്നിൽ ചലച്ചിത്ര ഗാനങ്ങൾക്കായി അക്ഷമയോടെ കാതോർത്തിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു. അക്കാലത്ത് ആകാശവാണി സംപ്രേക്ഷണം ചെയ്ത മനസ്സിന് കുളിരാകുന്ന കുറെ പാട്ടുകൾ ഇന്നും ഓർമ്മയിലുണ്ട് . ആ പാട്ടുകൾ തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുശീലാമ്മയുട ഗാനങ്ങൾ. ചുക്ക് എന്ന സിനിമയിലെ 'കാദംബരി പുഷ്പ സദസ്സിൽ, ഒരു പെണ്ണിന്റെ കഥയിലെ 'പൂന്തേനരുവി', കരാകാണാക്കടലിലെ 'കാറ്റു വന്നു കള്ളനെപ്പോലെ' , ആരോമലുണ്ണിയിലെ 'കണ്ണാ ആരോമലുണ്ണി കണ്ണാ' ഒരു സുന്ദരിയുടെ കഥയിലെ 'സീതപ്പക്ഷി സീതപ്പക്ഷി', പൊന്നാപുരം കോട്ടയിലെ 'നളചരിതത്തിലെ നായകനോ', ഭൂമിദേവി പുഷ്പിണിയായി ലെ 'പാതിരാ തണുപ്പ് വീണു', ചുവന്ന സന്ധ്യകളിലെ 'പൂവുകൾക്ക് പുണ്യകാലം' , രാഗത്തിലെ 'ഓമന തിങ്കൾ പക്ഷി', വിഷുക്കണിയിലെ 'രാപ്പാടി പാടുന്ന രാഗങ്ങളിൽ' അങ്ങനെ നീളുന്നു ആ അനശ്വര ഗാനങ്ങളുടെ പട്ടിക.

മലയാള സിനിമയിലെ അഭിജാത്യ ശബ്‍ദസൗകുമാര്യത്തിന്റെ ഉടമയായ സുശീലാമ്മക്ക് ജന്മദിനാശംസകൾ....

ചാണ്ടി കറുകപ്പറമ്പിൽ


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.