നിനക്ക് വേണ്ടിയാണ് ഞാനീ പാതിരാത്രിയിൽ ഈ പള്ളിക്കാട്ടിൽ നിൽക്കുന്നത്. അന്ന് ഇഷ്ടായിരുന്നില്ല, ഈ മൈലാഞ്ചിക്കാട്. കൈ നിറയെ മൈലാഞ്ചിയിട്ട് വരുമ്പോൾ ഈ ഗന്ധം നാഡീ വ്യൂഹത്തിലേക്ക് ഇരച്ചുകയറുമ്പോൾ ശ്വാസം അടക്കിപ്പിടിക്കയായിരുന്നു
എന്റെ പ്രിയപ്പെട്ടവളേ,
നിനക്ക് വേണ്ടിയാണ് ഞാനീ പാതിരാത്രിയിൽ ഈ പള്ളിക്കാട്ടിൽ നിൽക്കുന്നത്. അന്ന് ഇഷ്ടായിരുന്നില്ല, ഈ മൈലാഞ്ചിക്കാട്. കൈ നിറയെ മൈലാഞ്ചിയിട്ട് വരുമ്പോൾ ഈ ഗന്ധം നാഡീ വ്യൂഹത്തിലേക്ക് ഇരച്ചുകയറുമ്പോൾ ശ്വാസം അടക്കിപ്പിടിക്കയായിരുന്നു.
ഇഷ്ടാമാണെന്ന് പറഞ്ഞു. നിന്നോടായിരുന്നില്ല, നിന്റെ കൈയിൽ കിടന്ന സ്വർണത്തിന്റെ കടക വളയോടായിരുന്നു എന്റെ പ്രണയം. പെങ്ങളുടെ സ്ത്രീധനം കൊടുത്തു വീട്ടാൻ ആരോ പറഞ്ഞ ഉപായം.
അന്ന് കൈ നിറയെ മൈലാഞ്ചിയും കുപ്പിവളയും ഇടാനുള്ള ആഗ്രഹം പറഞ്ഞപ്പോഴാണ് നീ എന്റെ മനസ്സിൽ ഇടം പിടിച്ചത്. നിന്റെ ആഭരണങ്ങളും എന്റെ കറുത്ത കരങ്ങൾ ആഗ്രഹിച്ചു പോയി. എന്നും ഭർത്താവിന്റെ ഇരയായ പെങ്ങളെ രക്ഷിക്കാൻ നോക്കിയ എന്നെ അവൾ കാര്യം സാധിച്ചപ്പോൾ കറിവേപ്പില പോലെ പിഴുതെറിഞ്ഞപ്പോൾ തിരിച്ചറിഞ്ഞതാണ് ഞാൻ. പലപ്പോഴായി സ്നേഹിക്കാനായ് അരികിൽ വരുമ്പോഴും ആ കുപ്പിവളയുടെ ശബ്ദവും മൈലാഞ്ചിയുടെ ഗന്ധവും അസഹനീയമായിത്തീർന്നു.
അന്ന് നിന്റെയാ വിയർപ്പിന് പോലും മൈലാഞ്ചിയുടെ രൂക്ഷ ഗന്ധമായിരുന്നു. ആ ചതിയുടെ ഛായം മറക്കാനായ് പിരിയാമെന്ന് പറഞ്ഞപ്പോൾ നീ ഈ ലോകത്തിൽ നിന്ന് തന്നെ അകലുമെന്ന് കരുതിയില്ല. നിന്നെ അന്നുവരെ പിഴുതെടുത്ത എന്നെയായിരുന്നു നീ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നതെന്ന് അറിഞ്ഞിരുന്നില്ല.
ഇന്ന് ഞാൻ മൈലാഞ്ചി ഗന്ധം തേടി അലയുകയാണ്, ഒരു ഭ്രാന്തനെ പോലെ. ആരൊക്കെയോ പിടിച്ചു വീണ്ടും കെട്ടിച്ചു. ഇന്ന് വീണ്ടും ഞാൻ ഒരു ഭർത്താവായി, ആരുടെയോ കുഞ്ഞുങ്ങളുടെ പിതാവായി. അവിടെയൊന്നും കിട്ടാത്ത ഒരു സുഖവും സന്തോഷവും കുളിരുമൊക്കെ ഇവിടെ കിട്ടുന്നുണ്ട്. ഈ മൈലാഞ്ചിക്കാട്ടിൽ!
ചിലപ്പോഴൊക്കെ ആരൊക്കെയോ അടക്കം പറയുന്നതു കേൾക്കാം, നീയൊരു പൊട്ടിപ്പെണ്ണായിരുന്നെന്ന്. കൈ നിറയെ മൈലാഞ്ചിയും കുപ്പിവളയും ഇട്ട് നടന്നിരുന്നുവെന്നതാണ് കാരണം.
ചില സ്വപ്നങ്ങളെ സമൂഹം വിളിക്കുന്നത് ഭ്രാന്ത് എന്നാണ്. നിഷ്കളങ്കതക്ക് അവർ ചാർത്തുന്ന പേര്, മണ്ടൻ, പൊട്ടൻ.......
ഇന്ന് ഞാനും ഒരു ഭ്രാന്തനാണ്. കാലം തട്ടിയെടുത്ത, ഞാൻ സ്വയം വേണ്ടെന്ന് വെച്ച എന്റെ പ്രണയം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഈ മൈലാഞ്ചിക്കാട്ടിൽ വന്നത്......
ഒരിക്കലും ക്ഷമ ചോദിക്കാൻ അർഹതയില്ലെന്നറിയാം. എന്നാലും പറയാണ്, എനിക്ക് മരണശേഷം ഈ മൈലാഞ്ചിയിട്ട് കുപ്പിവളയും കിലുക്കി നടക്കുന്ന ഈ നിഷ്കളങ്കമായ പെൺകുട്ടിയെ മതി, എന്റെ ഹൂറിയായിട്ട്!
ഞാൻ എന്നും കൊണ്ടുപോകാറുണ്ട്, ഞാൻ നിനക്കായ് നട്ട ഈ മൈലാഞ്ചിക്കാട്ടിൽ നിന്നും മൈലാഞ്ചിയിലകൾ. എന്റെ രണ്ടാം ഭാര്യക്ക് വേണ്ടി. സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിലും ഞാൻ അവളെ ഉപേക്ഷിക്കുന്നില്ല. ഞാൻ കാരണം ആ കുഞ്ഞുങ്ങൾ വീണ്ടും അനാഥരാകും. അവരാണ് ആ മൈലാഞ്ചിയിടാറ്. കുപ്പിവളയൊക്കെ ഔട്ടോഫ് ഫാഷൻ ആയെന്നാ പറയാറ്. അവരുടെ ഉമ്മക്ക് മൈലാഞ്ചി അറപ്പാ. സമയം മെനക്കെടുത്തും, വൃത്തികേടാണ്, അതിന്റെ ഗന്ധം അസഹനീയമാണ്, എന്ന് തുടങ്ങി അവൾക്ക് ഒരു നൂറോളം കാരണങ്ങൾ പറയാനുണ്ട്.
മക്കൾ പറയും ആ മൈലാഞ്ചിക്ക് നല്ല ചുവപ്പ് നിറമാണെന്ന്. ചിലപ്പോൾ തോന്നും നിന്റെ രക്തത്തിന്റെ നിറമാണെന്ന്. നിന്റെ സ്നേഹത്തിന്റെ നിറമാണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു.
നാളെ കാലം എന്നെയും പറിച്ചുമാറ്റും. അന്ന് ഇതുപോലെ മൈലാഞ്ചിത്തൈ ആരെങ്കിലും നട്ടുപിടിപ്പിച്ചാൽ അത്രയും സന്തോഷം എനിക്ക് മറ്റൊന്നുമില്ല.
രഹ്ന ഷെറിൻ