LITERATURE

പഞ്ചമുറിവുകൾ (കഥ )

Blog Image
“ആരാധനാ സമയം, അത്യന്തം ഭക്തിമയം ആരിലും വർണ്യനാം ക്രിസ്തുവെയോർക്കുകിൽ  തീരുമെന്നാമയം” തിരുവത്താഴ ശുശ്രൂഷയുടെ ആരംഭം കുറിച്ചുകൊണ്ട് ഗായകസംഘം പാടിത്തുടങ്ങി.  കർത്താവിന്റെ പഞ്ചമുറിവുകളെ ധ്യാനിച്ച് ഞാനും പള്ളിയുടെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി.

1
“സർ, ഈ ടിക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞതാണ്. ഇതുകൊണ്ട് ഇനി നിങ്ങൾക്ക് യാത്ര ചെയ്യുവാൻ പറ്റുകയില്ല. നിങ്ങളുടെ കൈയിൽ വേറെ ടിക്കറ്റ് ഉണ്ടോയെന്ന് നോക്കുക.”
ഡാർട്ട് ബസ്സിന്റെ ഡ്രൈവർ പറഞ്ഞു. ഡാർട്ട് (DART) എന്നത് Dallas Area Rapid Transport എന്നാണ്. സർക്കാർ പൊതുജനങ്ങൾക്കു വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ട്രാൻസ്പോർട്ട് ബസ്സുകളാണ് ഡാർട്ട് ബസ്സുകൾ. കേരളത്തിലെ സർക്കാർ ബസ്സുകൾക്ക് സമാനമായ ഒരു സംവിധാനമാണത്. ഒരു വ്യത്യാസമുണ്ട്. കേരളത്തിലെ സർക്കാർ ബസ്സുകൾ എപ്പോഴും തിരക്കുള്ളതാണെങ്കിൽ ഡാർട്ട് മിക്കവാറും ശൂന്യമായിരിക്കും. ഡാലസിൽ ആരും ബസ്സിൽ യാത്ര ചെയ്യുകയില്ല, എന്നെപ്പോലെയുള്ള ദരിദ്രനാരായണന്മാരൊഴികെ. ഇൻഡ്യാക്കാർ ആരും ഡാർട്ട് ബസ്സിൽ യാത്ര ചെയ്യുകയില്ല. അതിൽ അല്പം അഭിമാനത്തിന്റെ പ്രശ്നമുണ്ട്. കാശില്ലാത്തവൻ പരമദരിദ്രനാണ് ഡാളസ്സിൽ. മലയാളി ദരിദ്രനാണെന്ന് സമ്മതിക്കുമോ? ഒരിക്കലുമില്ല.
“സർ, അത് മാത്രമേ എന്റെ കൈയിലുള്ളു. ഇപ്പോൾ ഞാൻ ഗാർലൻഡിൽ നിന്നും ഡാർട്ട് ബസ്സിൽ വന്നിറങ്ങിയതാണ്. അതിലെ ഡ്രൈവർ തന്ന ട്രാൻസ്ഫർ ടിക്കറ്റാണത്. അത് ശരിയായ ടിക്കറ്റ്  ആയിരിക്കണം.” ഞാൻ വിശദീകരിച്ചു.
“സർ, ഞാൻ പറഞ്ഞുകഴിഞ്ഞു. നിങ്ങൾ തന്ന ടിക്കറ്റ് ഉപയോഗിച്ചുകഴിഞ്ഞതാണ്. ഇതുകൊണ്ട് ഇനി യാത്ര ചെയ്യുവാൻ പറ്റുകയില്ല. നിങ്ങളുടെ കൈയിൽ വേറെ ടിക്കറ്റ് ഉണ്ടോയെന്ന് നോക്കുക.”
ഡാർട്ട് ഡ്രൈവർ ചോദ്യം ആവർത്തിച്ചു. ഞാൻ ഉത്തരവും ആവർത്തിച്ചു.
“സർ, നിങ്ങൾക്ക് പുതിയ ടിക്കറ്റ് എടുക്കേണ്ടിവരും. ഈ ടിക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞതാണ്.”
ഡാർട്ടി ന് ട്രാൻസ്ഫർ ടിക്കറ്റ് (Transfer ticket) എന്നൊരു സംവിധാനമുണ്ട്. എനിക്ക് ഇർവിംഗ് എന്ന പട്ടണത്തിൽ നിന്നും ഗാർലൻഡ് എന്ന പട്ടണത്തിലേയ്ക്കും തിരിച്ചുമാണ് യാത്ര ചെയ്യേണ്ടത്. പക്ഷേ ഇർവിംഗിൽ നിന്നും ഗാർലൻഡിലേയ്ക്ക് നേരിട്ട് ബസ്സില്ല. ഡാളസ് പട്ടണത്തിൽ ഇറങ്ങി വണ്ടി മാറിക്കയറണം. ഡാളസിൽ ഇറങ്ങുമ്പോൾ ഗാർലൻഡിലേയ്ക്ക് ഒരു ട്രാൻസ്ഫർ ടിക്കറ്റ് ഡ്രൈവറോട് ചോദിച്ചുവാങ്ങണം. ട്രാൻസ്ഫർ ടിക്കറ്റിന് കൂടുതൽ കാശ് കൊടുക്കേണ്ട. 
ട്രാൻസ്ഫർ ടിക്കറ്റിന്റെ ബലത്തിലാണ് ഞാൻ ഗാർലൻഡിലേയ്ക്ക് പോയത്. തിരികെ വരുമ്പോഴും ഈ പ്രക്രിയ ആവർത്തിക്കണം. ഡാളസിൽ ഇറങ്ങിയ ഉടനെ ഡ്രൈവറോട് ഇർവിംഗിലേയ്ക്ക് ട്രാൻസ്ഫർ ടിക്കറ്റ് ചോദിച്ചു. അയാൾ ഒരെണ്ണം നല്കി. ടിക്കറ്റ് റാക്കിൽ നിന്നും ഒരു പുതിയ ടിക്കറ്റെടുത്ത് വാലിഡേറ്റ് (validate) ചെയ്ത് നല്കേണ്ടതിന് പകരം അയാൾ തന്റെ കൈയിലിരുന്ന ഒരു ടിക്കറ്റാണ് എനിക്ക് നല്കിയത്. എന്റെ മലയാളമനസ്സിൽ സംശയങ്ങൾ ഉദിച്ചു. പക്ഷേ ഇത് അമേരിക്കയാണ്. 
“ഈ ഡാർട്ട് ബസ്സിന്റെ ഡ്രൈവർക്ക് എന്നെ കബളിപ്പിച്ചിട്ട് എന്ത് നേടാനാണ്?” ഞാൻ സ്വയം ചോദിച്ചു.

“സർ, നിങ്ങൾ തന്ന ടിക്കറ്റിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റുകയില്ല. നിങ്ങളുടെ കൈയിൽ ട്രാൻസ്ഫർ ടിക്കറ്റില്ലെങ്കിൽ നിങ്ങൾ പുതിയ ടിക്കറ്റെടുക്കണം. അല്ലെങ്കിൽ നിങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിത്തരണം. എന്റെ സമയം വിലപ്പെട്ടതാണ്.” 
ഡ്രൈവർ പറഞ്ഞു. അയാളുടെ ശബ്ദം പരുക്കനായിരുന്നു.
ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ എന്നെ വല്ലാതെ നോക്കിക്കൊണ്ടിരുന്നു.
“ഇങ്ങനെയുള്ളവരാണ് ഈ നാടിനെ നശിപ്പിക്കുന്നത്.”
ഒരാൾ ഈർഷ്യയോടെ പറയുന്നത് കേട്ടു.
“സർക്കാർ കുടിയേറ്റക്കാരെ കൊണ്ടുവരുമ്പോൾ അവരുടെ മുൻകാല ചരിത്രം കൂടി പരിശോധിക്കണം.” 
ബസ്സിലുണ്ടായിരുന്ന ഒരു വൃദ്ധസ്ത്രീ പറഞ്ഞു.
നീതിയും നിയമവും വാഴുന്ന ഈ രാജ്യത്ത് കടന്നുകൂടിയ ഒരു കുറ്റവാളിയാണ് ഞാൻ എന്ന മട്ടിലായിരുന്നു അവരുടെ സംഭാഷണം.
“സർ, ഇർവിംഗിലേയ്ക്ക് പുതിയ ടിക്കറ്റിന് എത്ര ഡോളറാകും?” ഞാൻ ചോദിച്ചു.
“അഞ്ച് ഡോളർ.” ഡ്രൈവർ പറഞ്ഞു.
എന്റെ അന്തരംഗത്തിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു.
ഭയത്തിൽ പൊതിഞ്ഞ നെടുവീർപ്പ്.
നിസ്സഹായതയിൽ പൊതിഞ്ഞ നെടുവീർപ്പ്.
ഞാൻ പോക്കറ്റിൽ പരതി. മൂന്ന് ഡോളർ മാത്രമേയുള്ളു. 
“എന്റെ കൈയിൽ മൂന്ന് ഡോളർ മാത്രമേയുള്ളു. അത് തരാം. മൂന്ന് ഡോളറിന്റെ ദൂരം യാത്രചെയ്തു കഴിയുമ്പോൾ ഞാൻ ഇറങ്ങിക്കൊള്ളാം.”
ഞാൻ എന്റെ നിസ്സഹായത വെളിപ്പെടുത്തി.
“സർ, അഞ്ച് ഡോളറാണ് മിനിമം ടിക്കറ്റ്. പണമില്ലെങ്കിൽ ഇറങ്ങിത്തരൂ.”
ഡ്രൈവറുടെ കനത്ത മറുപടി. 
ഞാൻ ദയനീയമായി സഹയാത്രക്കാരുടെ മുഖത്തേയ്ക്ക് നോക്കി. അവർ മുഖം തിരിച്ചുകളഞ്ഞു.
ഞാൻ ബസ്സിൽ നിന്നുമിറങ്ങി. നേരം സന്ധ്യയായി. ഡാളസ് പട്ടണത്തിന്റെ ഏതോ ഒരു തെരുവിൽ എന്നെ എറിഞ്ഞിട്ട് ഡാർട്ട് ബസ്സ് പോയി.
“എന്നെ എടുക്കാത്ത ടിക്കറ്റ് തന്ന് പറ്റിച്ച ഡാർട്ട് ബസ്സിന്റെ ഡ്രൈവറും അവന്റെ കുലവും മുടിഞ്ഞുപോണേ.” ഞാൻ പ്രാർത്ഥിച്ചു.
“ഡാർട്ട് എന്ന സംവിധാനം തന്നെ മുടിഞ്ഞുപോണേ.”
ഞാൻ മനസ്സ് നൊന്ത് പ്രാർത്ഥിച്ചു.
2
ഞാൻ ചുറ്റും നോക്കി. ഇരുട്ട് വ്യാപിച്ചു കഴിഞ്ഞു. ഭയാനകമായി ചീറിപ്പായുന്ന കാറുകളാണ് നിരത്തിൽ. എന്റെ സ്ഥിതി ഭാര്യയെ  അറിയിക്കാൻ മാർഗ്ഗമൊന്നുമില്ല. സെല്ലുലർ ഫോൺ ഇറങ്ങുന്നതിന് മുമ്പാണ് സംഭവം. കോമൺ ഈറാ 1968 ൽ. കാൽനടക്കാർ ഇല്ലെന്നുതന്നെ പറയാം. ഡാളസ് പട്ടണത്തിൽ നിന്ന് ഇർവിംഗിലേയ്ക്ക് പത്ത് മൈൽ ദൂരം കാണും. കൊട്ടാരക്കരയിൽ നിന്ന് അടൂർ വരെയുള്ള ദൂരം മാത്രം. നടന്നാൽ അർദ്ധരാത്രിയോടെ ഭവനത്തിലെത്താം. എന്റെ മലയാളി മനസ്സ് അസംഭാവ്യതകൾ കണക്കുകൂട്ടി.
പക്ഷേ എങ്ങോട്ട് നടക്കാനാണ്? ആരോട് വഴി ചോദിക്കാനാണ്. അമേരിക്കയിൽ ആരും അങ്ങനെ നടന്ന് യാത്ര ചെയ്യുകയില്ല. 
അറിയാതെ മരുഭൂമിയിൽ അകപ്പെട്ടുപോയ ഒരു മനുഷ്യജീവിയുടെ കഥ വായിച്ചിട്ടുണ്ട്. ഞാനുമിപ്പോൾ ഒരു മണലാരണ്യത്തിൽ  അകപ്പെട്ടിരിരിക്കുകയാണ്. ഞാൻ ചെയ്ത പാപഭാരമെല്ലാം ചുമന്നുകൊണ്ടുള്ള യാത്രയാണിത്.
ഏതാണ് ദിശ?
വടക്ക് എവിടെയാണ്?
തെക്ക് എവിടെയാണ്?
കിഴക്ക് എവിടെയാണ്?
പടിഞ്ഞാറ് എവിടെയാണ്?
“സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. സൂര്യനെ നോക്കിയാണ് ദിശകൾ നിർണ്ണയിക്കുന്നത്.”
പ്രൈമറിസ്ക്കൂളിൽ പഠിച്ച ഭൂമിശാസ്ത്രമാണ്. അത് കേരളത്തിലാണ്. ഇവിടെ സൂര്യൻ എവിടെ ഉദിക്കുന്നു?
ഇവിടെ സൂര്യൻ എവിടെ അസ്തമിക്കുന്നു?
ആർക്കറിയാം?
എന്റെ ധിഷണാശക്തി ചുരുങ്ങിച്ചുരുങ്ങി പൂജ്യമായി മാറി. 
ഞാൻ രണ്ട് കൈകളും തലയിൽ വച്ച് ഒരു ശിശുവിനെപ്പോലെ നിലവിളിച്ചു. ഞാൻ നടക്കുകയോ ഓടുകയോ ആണ്. ഇർവിംഗിൽ ചെല്ലണം. 
ഇർവിംഗ് എവിടെയാണ്?  എനിക്കറിഞ്ഞുകൂടാ.
എങ്ങോട്ടാണ് ഓടുന്നത്? എനിക്കറിഞ്ഞുകൂടാ.
ആരോട് ചോദിക്കാനാണ്? എനിക്കറിഞ്ഞുകൂടാ.
പെട്ടെന്ന് ഒരു പോലീസ്കാർ വന്നു. ഭയത്തോടെയാണെങ്കിലും പോലീസിന്റെ ശ്രദ്ധയാകർഷിക്കാൻ രണ്ട് കൈകളും പൊക്കിപ്പിടിച്ച് നിന്നു. പോലീസ് വാഹനം ബീക്കൺ ലൈറ്റ് കത്തിച്ചിട്ട് അരികിൽ വന്നുനിന്നു. അതിൽ നിന്നും ഒരു പോലീസുകാരൻ ചാടിയിറങ്ങി.
“ആരാണ് നിങ്ങൾ? നിങ്ങൾക്ക് എന്തുവേണം?”
ഞാൻ എന്റെ കഥ പറയുവാൻ തുടങ്ങി. പക്ഷേ പോലീസുകാരന്റെ ടെക്സൻ ഇംഗ്ലീഷും എന്റെ മലയാളി ഇംഗ്ലീഷും പൊരുത്തപ്പെട്ടില്ല. അയാൾ പത്ത് തവണയെങ്കിലും “എക്സ്ക്യൂസി മി” പറഞ്ഞു.
ഞാൻ സ്റ്റോറി റോഡെന്നും പ്ലിമത്ത്പാർക്ക് മാൾ എന്നും ഒക്കോണർ റോഡെന്നും 183 ഹൈവേ എന്നുമൊക്കെ പറഞ്ഞിട്ട് പോലീസുകാരന് പിടി കിട്ടിയില്ല. അയാൾ ചോദിച്ചു.
“നിങ്ങൾക്ക് എന്തെങ്കിലും ഐഡി (ID) കാണിക്കാനുണ്ടോ?”
ഞാൻ പോക്കറ്റിൽ പരതി. ഭാഗ്യത്തിന് ഡ്രൈവേഴ്സ് ലൈസൻസ് എടുത്തിട്ടുണ്ട്. ദൈവം എന്നെ പൂർണ്ണമായി കൈവിട്ടിട്ടില്ല. വണ്ടി ഡ്രൈവ് ചെയ്യാനുള്ള നിപുണത ആയിട്ടില്ലെങ്കിലും ഈ രാജ്യത്ത് വന്നയുടനെ നേടിയെടുത്ത ഒരു നിധിയായിരുന്നു ഡ്രൈവേഴ്സ് ലൈസൻസ്. ആ വകയിൽ ഇരുനൂറ് ഡോളർ കടം ഇനിയും ബാക്കി കിടക്കുന്നു.
ഞാൻ ഡ്രൈവേഴ്സ് ലൈസൻസ് എടുത്ത് പോലീസുകാരന്റെ കൈയിൽ കൊടുത്തു. അയാൾ അതിൽ നോക്കിയതിനുശേഷം പറഞ്ഞു.
“12345 ഇർവിംഗ് ബുളവാഡിലാണ് നിങ്ങൾക്ക് പോകേണ്ടത്. അവിടെയാണ് നിങ്ങളുടെ അപ്പാർട്ട്മെന്റ്. ഇവിടെ നിന്നും പത്ത് മൈൽ ദൂരമുണ്ട്. നിങ്ങൾ ‘ഫ്രീ ട്രാൻസ്പൊർട്ടേഷൻ’ ആണ് ആവശ്യപ്പെടുന്നത്. പക്ഷേ അത് തരാൻ നിയമം അനുവദിക്കുന്നില്ല. സോറി.”
“സർ, അല്ല യജമാനനേ, സഹായിക്കേണമേ. കരുണ തോന്നണമേ. ഈ രാത്രിയിൽ വഴിയറിയാത്ത എനിക്ക് അത്ര ദൂരം നടക്കുവാൻ കഴികയില്ല.” ഒരു നിമിഷത്തേയ്ക്ക് ഞാൻ പേടിച്ചരണ്ട ഒരു നായ്ക്കുട്ടിയായി മാറി. നായ മോങ്ങുവാനും വാലാട്ടുവാനും തുടങ്ങി. പോലീസുകാരൻ അത്ഭുതം വിടർന്ന മിഴികളോടെ നായ്ക്കുട്ടിയെ നോക്കി.
പോലീസുകാരൻ കാറിലേയ്ക്ക് പോയി. അയാൾ ആരോടൊക്കെയോ ഫോൺ ചെയ്യുന്നത് കണ്ടു. നായ്ക്കുട്ടി പോലീസ്കാറിലേയ്ക്ക് നോക്കിനിന്നു.
3
പോലീസ്കാറിൽ ഇർവിംഗിലെ അപ്പാർട്ട്മെന്റിൽ വന്നിറങ്ങുമ്പോൾ അവിടെ ഒരുകൂട്ടം ജനമുണ്ട്. ചാർച്ചക്കാരും സമുദായക്കാരുമാണ്. ഇടവകയിലെ പാതിരിയുണ്ട്. അദ്ദേഹത്തിന്റെ സഹായിയായ കപ്യാര് മത്തായിച്ചനുണ്ട്. എന്നെ കാണാതെ വിഷമിച്ച് ഭാര്യ വിളിച്ചുവരുത്തിയതാണ് ഈ ജനസഞ്ചയത്തെ.
പോലീസ്കാർ ബീക്കൺ ലൈറ്റ് കത്തിച്ചുകൊണ്ടാണ് എന്റെ അപ്പാട്ട്മെന്റിന് സമീപം വന്നുനിന്നത്. ഞാനും രണ്ട് പോലീസുകാരുമായി ഭവനത്തിലേയ്ക്ക് ചെന്നു. വീട്ടിലെ ജനബാഹുല്യം പോലീസുകാരെ അമ്പരിപ്പിച്ചുവെന്ന് തോന്നി.
“അടി വല്ലതും കിട്ടിയോ?”
ഒരു കിളിനാദം വീട്ടിൽ നിന്നുമുയർന്നു. എല്ലാവരും ചിരിച്ചു, ഞാനൊഴികെ. കിളിനാദത്തിന്റെ ഉറവിടം ഞാൻ തിരിച്ചറിഞ്ഞു. ചാർച്ചയിൽ പെട്ട ഒരു യുവതിയാണ്. അപരന്റെ ദു:ഖം അവൾക്ക് വിനോദമാണ്.
പോലീസുകാർ ഒരു നൂറ് ചോദ്യം ഭാര്യയോടും ബന്ധുക്കളോടും ചോദിച്ചു. ഞാനൊരു ക്രിമിനല്ല എന്നും നിയമപരമായി രാജ്യത്ത് കുടിയേറിയ മനുഷ്യനാണെന്നും ഉറപ്പ് വരുത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണല്ലോ.
“ഇത്രയും ബന്ധുക്കളുള്ള ഇയാൾക്ക് എന്തുകൊണ്ട് നിങ്ങളുടെ ആരുടെയും സഹായം ലഭിച്ചില്ല?”
ഒരു പോലീസുകാരൻ ആരോടെന്നില്ലാതെ ചോദിച്ചു.
“അതയാളുടെ കുറ്റമാണ് സാറേ. അയാൾ ചോദിച്ചില്ല. അയാളുടെ അഹന്ത.” ഒരു ബന്ധു പറഞ്ഞു.
“നിങ്ങൾക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു ബിൽ കിട്ടും. നിങ്ങൾക്ക് നല്കിയ ഈ സേവനത്തിന്, അതായത് പത്ത് മൈൽ ദൂരം യാത്ര നല്കിയതിന് ഡാളസ് പോലീസ് ഡിപ്പാർട്ട്മെന്റിന് നിങ്ങൾ നല്കേണ്ട തുകയാണത്. ഇത്രയും ബന്ധുബലമുള്ള നിങ്ങൾക്ക് സൌജന്യസേവനം നല്കേണ്ട കാര്യമുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല.” ഇത്രയും പറഞ്ഞിട്ട് പോലീസ് സ്ഥലം വിട്ടു.
“അഞ്ച് ഡോളറിന് പകരം അഞ്ഞൂറ് ഡോളറാകും. അത് കൊടുക്കാൻ ഇങ്ങേരുടെ കൈയിൽ എന്ത് പൂക്കാച്ചുള ഇരിക്കുന്നു?” ഭാര്യ പറഞ്ഞു. അവൾ അങ്ങനെയാണ്. മനസ്സ് വേദനിക്കുമ്പോൾ പറയുന്ന വാക്കുകൾക്ക് പിശ്ശാങ്കത്തിയെക്കാൾ മൂർച്ച കൂടും. മാത്രമല്ല, അവൾ LPN ആണ്. അവളാണ് വീട്ടിലെ അന്നദാതാവ്.
“ധനനഷ്ടവും മാനഹാനിയുമാണ് അളിയന്റെ വാരഫലം.” ഒരു ബന്ധു പറഞ്ഞു.
“അത്ര അത്യാവശ്യമായിരുന്നെങ്കിൽ, എന്നോട് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ റൈഡ് കൊടുക്കുമായിരുന്നല്ലോ. മനുഷ്യരെ നാണം കെടുത്താൻ കച്ചകെട്ടി ഇറങ്ങിയുരിക്കുന്നു.”  അഭിമാനക്ഷതം സംഭവിച്ച മറ്റൊരു ബന്ധു പറഞ്ഞു.

4
അന്നുരാത്രി ഗോലിയാത്ത് മറിയാമ്മയുടെ വീട്ടിലെ ടെലിഫോൺ ശബ്ദിച്ചു. മുണ്ടിത്താറയാണ് വിളിച്ചത്. കപ്യാര് മത്തായിയുടെ ഭാര്യയാണ് മുണ്ടിത്താറ.
“മറിയാമ്മേ, നീയറിഞ്ഞോ ഒരുകാര്യം?”
“എന്താ സാറാമ്മേ?”
“നമ്മടെ ചാക്കോരുമാസ്റ്ററെ പോലീസ് പിടിച്ചു.”
“എന്താ കാര്യം?”
“കള്ളവണ്ടി കേറിയതിന്.”
“കള്ളവണ്ടിയോ?”
“അതായത്, ഡാർട്ട് ബസ്സില്യോ, അതില്.”
“അതിലെങ്ങനാ കള്ളവണ്ടി കേറുന്നത്?”
“എന്റെ പൊന്നേ, നമ്മളൊക്കെ നേരുകാരാ. എന്നാൽ നാട്ടിൽ നിന്നും ഓരോ കൂട്ടര് എറങ്ങിയിട്ടൊണ്ട്. അവർ എന്തൊക്കെയാ കാണിക്കുന്നത് എന്നൊക്കെ ആർക്കറിയാം? അയാള് ഒരു പഴയ ടിക്കറ്റുമായി ബസ്സിൽ കയറി. ഉപയോഗിച്ച് കഴിഞ്ഞ ടിക്കറ്റ്. കണ്ടക്ടർ അത് പിടിച്ചു, കേസ്സാക്കി, പോലീസിലേല്പിച്ചു.”
“അയാള് ഏതാണ്ടൊക്കെ ഒത്തിരി പഠിച്ച ആളല്ലേ?”
“അതിനെന്താ? ജാത്യാലുള്ളത് തൂത്താൽ പോകുമോ?”
“അത് കഷ്ടമായിപ്പോയി.” 
“പോലീസുകാര് കൈയാമം വച്ച് അയാളെ വീട്ടിൽ കൊണ്ടുവന്നു. പിന്നെ ഞങ്ങടച്ചായനും നമ്മടെ പാസ്റ്ററും ഇടപെട്ടാ ജയിലിൽ പോകാതെ കഴിച്ചത്.”
“ഛേ, നാണക്കേടായി. ഇനി ആ അന്നാമ്മ സഹോദരി എങ്ങനെ നാലുപേരുടെ മുഖത്ത് നോക്കും?”
“എല്ലാം കള്ളക്കൂട്ടങ്ങളാ. വളരെ മാനമായി ജീവിക്കുന്ന നമ്മക്ക് പോലും മാനക്കേടായി.”
“അല്ല, മാനമുണ്ടെങ്കിൽ നമ്മടെയാളുകൾ ഈ ഡാർട്ട് ബസ്സിലൊക്കെ കയറി യാത്ര ചെയ്യുമോ? കുറച്ചിലല്ലേ?”
“അതേയതേ, അതീന്ന് തന്നെ അവരുടെ സ്റ്റാന്റേർഡ് ഊഹിക്കാമല്ലോ.”
“എന്റെ സാറാമ്മേ, നീയിതൊക്കെ എങ്ങനെയറിഞ്ഞു?”
“എന്റെ പൊന്നേ, അയാളെ പോലീസുകാര് പിടിച്ചുകൊണ്ടുവരുമ്പം ഞങ്ങടെ അച്ചായനും നമ്മടെ പാസ്റ്ററും അവരുടെ വീട്ടിലൊണ്ടാരുന്നു. അവര് പോലീസിന്റെ കാല് പിടിച്ചാ ജയിലിൽ പോകാതെ രക്ഷപ്പെട്ടത്. പക്ഷേ നല്ലൊരു തുക ഫൈൻ കൊടുക്കേണ്ടി വരും.”

വാർത്ത ഗോലിയാത്ത് മറിയയുടെയും മുണ്ടിത്താറായുടെയും ഭവനങ്ങളിൽ മാത്രം ഒതുങ്ങി നിന്നില്ല. അത് ഇടവകയിലെ നൂറ്റിയിരുപത് ഭവനങ്ങളിലേയ്ക്കും ദ്രുതഗതിയിൽ കടന്നുചെന്നു. 
ഡാലസിൽ നിന്നും വാർത്ത ന്യൂയോർക്കിലേയ്ക്കും ചിക്കാഗോയിലേയ്ക്കും ഹൂസ്റ്റണിലേയ്ക്കും പറന്നുചെന്നു.


5
ഞായറാഴ്ച പള്ളിയിൽ വച്ച് ഇരപ്പൻ സ്കറിയാ ചോദിച്ചു.
“സാറ് കഴിഞ്ഞയാഴ്ച പോലീസ് സ്റ്റേഷനിലൊക്കെ ഒന്ന് കയറിയിറങ്ങിയെന്നൊക്ക കേട്ടല്ലോ.”
“ങാ, വേണ്ടിവന്നാൽ കയറിയിറങ്ങണ്ടേ?” ഞാൻ പറഞ്ഞു.
ജീവനില്ലാത്ത ഉത്തരം കേട്ട് ഇരപ്പൻ സ്കറിയാ പറഞ്ഞു.
“ഈ രാജ്യം സാറിനെപ്പോലെയുള്ള ഉറക്കം തൂങ്ങികൾക്ക് പറ്റിയതല്ല. നിങ്ങൾക്കൊക്കെ കേരളമാണ് നല്ലത്.”

“ആരാധനാ സമയം, അത്യന്തം ഭക്തിമയം
ആരിലും വർണ്യനാം ക്രിസ്തുവെയോർക്കുകിൽ 
തീരുമെന്നാമയം”
തിരുവത്താഴ ശുശ്രൂഷയുടെ ആരംഭം കുറിച്ചുകൊണ്ട് ഗായകസംഘം പാടിത്തുടങ്ങി. 
കർത്താവിന്റെ പഞ്ചമുറിവുകളെ ധ്യാനിച്ച് ഞാനും പള്ളിയുടെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി.

സാംജീവ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.