PRAVASI

പന്ത്രണ്ടിതളുകൾ,പന്ത്രണ്ടു പൂക്കൾ

Blog Image

എത്ര പേരുകേട്ട പൂവാണ് താൻ എന്നാൽ ഇന്ന് തന്റെ എല്ലാ ഇദളുകളും കൊഴിഞ്ഞുപോയിരിക്കുന്നു. എന്തൊരാവസ്ഥയാണിത് . ഇങ്ങനെ ഒരവസ്ഥ ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഇത് സ്വപ്നമാണോ അതോ യാഥാർഥ്യമോ. ഇദളുകൾ എല്ലാം കൊഴിഞ്ഞു നിലക്കുന്ന പല പൂക്കളെയും പറ്റി കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അതൊക്കെ അവരുടെ കയ്യിലിരിപ്പുകൊണ്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ഇത്ര കൃത്യനിഷ്ടയോടെ ജീവിച്ച തനിക്കിങ്ങനെ വരുമെന്ന് ഒരിക്കലും കരുതിയില്ല. 
അതൊരു കാലമായിരുന്നു എന്തൊരു നില്പായിരുന്നു. എന്തൊരു സൗന്ദര്യമായിരുന്നു. ഒന്ന് നോക്കുന്നവർ ഒന്നുകൂടെനോക്കാതെ പോകുമായിരുന്നില്ല. ആരെയും ആകർഷിക്കുന്നനിറം ആരെയും പിടിച്ചുനിർത്തുന്ന സുഗന്ധം . 

കണ്ട വൃത്തികെട്ട കുപ്പയിൽ കിളിർത്തവളൊന്നുമായിരുന്നില്ല ഞാൻ. നന്നായി ഒരുക്കിയ തോട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ആർക്കും കാണാവുന്ന പോലെ വളരെകരുതലോടെ പാകിയ വിത്തിൽനിന്നും നല്ലചൊടിപ്പോടെ മുളപൊട്ടിവന്നവൾ . പുറത്തുവന്നകാലം മുതൽ അവിടുത്തെ തോട്ടക്കാരന്റെ പ്രത്യേക പരിചരണത്തിൽ വളർന്നവൾ . പ്രത്യേകതരം ചെടിയായിരുന്നതിനാലല്ലേ മറ്റുചെടികളെക്കാൾ പരിചരണം കിട്ടിയത്. ഒരുചെറിയ കീടംപോലും ഉള്ളിൽ കടക്കാത്തതരത്തിൽ അയ്യാൾ എന്നെ സംരക്ഷിച്ചിരുന്നു. ജീവിതത്തിൽ ഒരു ചെറിയ കീടത്തിന്റെ ആക്രമണംപോലും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. അതിനാൽ തന്റെ ആരോഗ്യത്തെപ്പറ്റി ഒട്ടുംതന്നെ ശങ്കയില്ലായിരുന്നു. പിന്നെ യഥാസമയം വെള്ളവും വളവും.
അങ്ങനെ അതിവേഗത്തിൽ വളർന്നു. തോട്ടത്തിന്റെ ഉടമ ഏതാണ്ട് എന്നുംതന്നെ തന്റെ അടുക്കൽ വരുകയും നോക്കുകയും താലോലിക്കുകയും തലോടുകയും ചെയ്തിരുന്നു. അതൊക്കെ തനിക്കഭിമാനകരവും മറ്റു ചെടികൾക്ക് അസ്സൂയ ഉളവാക്കുന്നതുമായിരുന്നു. 
താൻ മൊട്ടിട്ട ദിവസ്സം അത് വിസ്മരിക്കാവുന്നതായിരുന്നില്ല . അന്ന് തന്റെ പടമുൾപ്പെടെ വാർത്തയായി തീർന്നതാണ്. തനിക്കു വിലപറഞ്ഞ എത്ര എത്ര ആൾക്കാർ, എന്നെ കണ്ടു കൊതിയൂറിനടന്ന എത്രയെത്ര വർണ്ണശലഭങ്ങൾ , ഏറ്റവും നല്ല വർണ്ണ ശലഭങ്ങളെ മാത്രമേ തോട്ടക്കാരൻ തന്റെ അടുക്കൽ വരാൻ അനുവദിച്ചിരുന്നുള്ളൂ . 
സന്തോഷത്തോടെ ആദ്യദിവസ്സങ്ങൾകടന്നുപോയി. ഒന്ന് .. രണ്ട്.. മൂന്ന്... നാല് അങ്ങനെ കൃത്യം ആറാം ദിവസം എന്റെ ഒരിദൾ കൊഴിഞ്ഞുപോയി. ഞാനൊന്നു ഞെട്ടിയെങ്കിലും ബാക്കിവന്ന മറ്റുപതിനൊന്ന് ഇദളുകളെവച്ച് ഞാനാ വിടവ് നികത്തി. എന്നാൽ രണ്ടുദിവസത്തിനകം എന്റെഅടുത്ത ഒരിദൾകൂടെ കൊഴിഞ്ഞുപോയി. എന്റെസങ്കടത്തിനതിരില്ലായിരുന്നു. ശരിക്കും പറഞ്ഞാൽ കൃത്യം പന്ത്രണ്ടാം ദിവസ്സം എനിക്കുണ്ടായിരുന്ന മനോഹരങ്ങളായ പന്ത്രണ്ടിദളുകളും കൊഴിഞ്ഞുപോയി. 
ഇപ്പോഴത്തെ എന്റെ അവസ്ഥ കണ്ടാൽ ആരും കരഞ്ഞുപോകും. പണ്ടത്തെപ്പോലെ ആരും എന്നെ ഗൗനിക്കാതെയായി. കണ്ട വൃത്തികെട്ട ഉറുമ്പുകളല്ലാതെ ഒരു നല്ല ശലഭത്തെ കണ്ടിട്ട് ദിവസങ്ങളായി. 
ചുറ്റുമൊന്നു കണ്ണോടിച്ചുനോക്കി. താൻ മുന്പുനിന്നിരുന്നതുപോലെ അഹങ്കാരത്തോടെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പൂവുകളെകണ്ടപ്പോൾ പുച്ഛവും സങ്കടവും തോന്നി. അവരുടെ നില്പുകണ്ടാൽ തോന്നും, കാലാകാലം അവർക്കിങ്ങനെ റാണിമാരായിനില്ക്കാൻ കഴിയുമെന്ന്. എന്നാൽ അവരറിയുന്നില്ലല്ലോ കൂടിവന്നാൽ പന്ത്രണ്ടുദിവസ്സം അതിനപ്പുറമില്ലന്ന്. 
അങ്ങനെ ചിന്തിച്ചുനിൽക്കവേ ആരോ ഒരാൾ വന്ന് ഇദളുകളില്ലാത്ത തന്നെ പറിച്ചെടുത്ത് കരുതലോടെ അയ്യാളുടെ ബാഗിനുള്ളിലാക്കി. അടുത്ത വർഷത്തെ പൂകൃഷിക്കായിട്ടായിരുന്നുഅത് .ഞെരിച്ചൊടിച്ചപ്പോൾ വേദനയെടുത്തെങ്കിലും ഒരു തരത്തിൽ പറഞ്ഞാൽ അത് തന്നിൽ പ്രത്യാശഉളവാക്കി. 
കൊഴിഞ്ഞ പന്ത്രണ്ടിദളുകക്കുപകരം പന്ത്രണ്ടു വിത്തുകൾ അത് മുളക്കുമ്പോൾ തന്നെപോലെ സൗന്ദര്യമുള്ള പന്ത്രണ്ടുപൂവുകൾ അവയങ്ങനെ വിരിഞ്ഞുനിൽക്കുന്നത് ഞാനാ ബാഗിലിരുന്ന് സന്തോഷത്തോടെ സ്വപനം കണ്ടു. എന്നാൽ അവരുടെയും ഭാവി ഇതുതന്നെ എന്നോർത്തപ്പോൾ സങ്കടവും. 


MATHEW KURIAN CHERUSSERIL

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.