PRAVASI

രാജ്യ ദൈവസ്നേഹം, പവിത്രതയുടെ തൂണുകൾ

Blog Image

ആകാശമേ കേൾക്ക,  ഭൂമിയെ ചെവി ചായിക്കുക,  യഹോവ അരുളി ചെയ്യുന്നു.   ഞാൻ മക്കളെ പോറ്റിവളർത്തി അവർ എന്നോട് മത്സരിക്കുന്നു.   കാളയും,  കഴുതയും ഉടമസ്ഥനെ തിരിച്ചറിയുമ്പോൾ,  തീറ്റി പോറ്റുന്ന കരങ്ങളെ നോക്കി കാത്തിരിക്കുമ്പോൾ,  മനുഷ്യ വർഗ്ഗം ദൈവത്തിന് പുറം തിരിയുകയാണ്.  മഹാമനസ്കർ ആകണ്ടവർ,  മത്സരിക്കുന്നവരുടെ കൂട്ടം ആകുകയാണ്.  അനുതപിക്കേണ്ടവർ അഹങ്കാരികളുടെ പ്രതിഭാസമായി മാറുകയാണ്.  സർവ്വേശ്വരന്റെ മുന്നിൽ മുട്ടുമടക്കണ്ടവർ,  മുതലക്കണ്ണീരൊഴുക്കി ജനലക്ഷങ്ങളെ വഞ്ചിക്കുകയാണ്.   നിർമ്മിത കഥകളും, പൊള്ളത്തരങ്ങളും കൊട്ടിഘോഷിച്ചു കൊണ്ട് കലാലയങ്ങൾ തുടങ്ങി തെരുവുകൾ വരെ നെട്ടോട്ടമോടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങൾ, പാപത്തിന്റെ കറകളും,   ചെവിയടഞ്ഞ  പൊട്ടഅണലികളത്രെ.  ഭീകരവാദവും,  അരാജകത്വവും,  അസ്സന്മാർഗികതയും രാജ്യത്തെ വിഴുങ്ങുന്നത്,  കണ്ടിട്ടും തിരിച്ചറിയാതെ  മുന്നോട്ടു പായുന്ന  ജീവിതങ്ങൾ  രാജ്യത്തിന് ലജ്ജയാണ്.  

 പിറന്ന നാടും, പിറന്ന സംസ്കാരവും,  പൈതൃകവും വിട്ട് ലോകത്തിൻറെ എല്ലാ കോണിൽ നിന്നും ഒരു നദി ഒഴുകുന്നത് പോലെ പതിറ്റാണ്ടുകളായി ജനകോടികൾ,   അമേരിക്കയെന്ന സ്വപ്നഭൂമിയിലേക്ക് ഒഴുകിയെത്തി.    ഒരു നല്ല ജീവിതം  കെട്ടിയുയർത്തുവാൻ,  തലമുറകൾക്ക് ഒരു ഭാവി ഉണ്ടാകുവാൻ,  കുടുംബം ഉദ്ധരിക്കപ്പെടണം ഇതായിരുന്നു ആഗ്രഹം.   എന്നാൽ ദുഃഖത്തോടെ പറയട്ടെ എല്ലാവരുടെയും ആഗ്രഹം ഇതായിരുന്നില്ല.   ലോകത്തിൻറെ പല രാജ്യങ്ങളിലും ലഭിക്കാത്ത വ്യക്തിസ്വാതന്ത്ര്യങ്ങളും,  നന്മകളും, പദവികളും,  ഈ രാജ്യത്ത് ലഭിച്ചു കഴിഞ്ഞപ്പോൾ അതിനെ ദുർവിനിയോഗം ചെയ്തു,  അമേരിക്ക എന്ന അമ്മയെ, ലോകരാഷ്ട്രങ്ങൾക്ക് തിലകക്കുറിയും, പ്രകാശഗോപുരവും, മുങ്ങിത്താണു കൊണ്ടിരുന്ന പലർക്കും ഒരു കൊച്ചു നൗകയായ് രാജ്യത്തെ ചിന്നഭിന്നമാക്കുവാൻ, തല്ലി ഉടയ്ക്കുവാൻ  ഇറങ്ങിത്തിരിച്ചവർ വളരെയധികം.   ഇവരുടെ കുൽസിത ചിന്തകളും,  ഇരുട്ടിൻറെ പ്രവർത്തികളും,  തിരിച്ചറിയുവാൻ കഴിയാതെ മഹാസമുദ്രം നദികളെ ഏറ്റുവാങ്ങുന്നതുപോലെ ഈ രാജ്യം ഇവരെ ഏറ്റുവാങ്ങി.   ഇവരുടെ ഉള്ളിന്റെ ഉള്ളിൽ കുത്തി നിറച്ചിരുന്ന  സർപ്പ വിഷം  തരം കിട്ടുന്ന ഇടത്തെല്ലാം കുത്തിവെച്ചു.  ഇവർ നട്ടത് നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തൈകൾ അല്ലായിരുന്നു,   വിഷതൈകൾ ആയിരുന്നു.  തിരിച്ചറിയാതെ ജനം ഇവർക്ക് ഓശാന പാടി.    രക്തച്ചൊരിച്ചിലും, മരണവും ദേശത്ത് സംഭവിക്കുന്നത് കാണുവാൻ ഇവർ കൊതിച്ചു.   എന്തു സംഭവിച്ചു?   ഇവരുടെ കാടത്വവും,  ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളുടെ പ്രവർത്തിയും നിമിത്തം മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾ നഷ്ടമായി,  ഭാര്യമാർക്ക് ഭർത്താക്കന്മാർ  ഇല്ലാതായി,  വിശ്വസ്തതയോടെ കൃത്യനിർവഹണം നടത്തിയ പലരും പുറന്തള്ളപ്പെട്ടു,  ദൈവം ഇല്ലാത്തവരുടെ എണ്ണം ദേശത്ത് വർദ്ധിച്ചു.   സോദമ്യ പാപം ക്ലാസ് റൂമുകളിൽ സ്ഥാനം പിടിച്ചു.   സത്യം ത്യജിക്കപ്പെട്ടു,  യുവ മനസ്സുകളിൽ അക്രമവാസനകളും,  ലൈംഗിക  അരാജകത്വവും, പിടിപെട്ടു.  നിഷ്കരുണം സഹജീവിയെ കൊന്നൊടുക്കുവാൻ മടികാണിക്കാത്ത ഒരു തലമുറ തലപൊക്കി.    അധികം ദോഷത്തിനും,  പുതിയ പാപത്തിനും ഒപ്പു വയ്ക്കുകയും,  പാപത്തെ വെള്ളം പോലെ ഊറ്റി കുടിക്കുകയും അതിൽ രസിക്കുകയും ചെയ്യുന്ന കിങ്കരന്മാർ ദേശത്ത് വർദ്ധിക്കുകയാണ്.   അനുസരണം ഇല്ലാത്ത,  അനുകമ്പയില്ലാത്ത, ദയ  ഒട്ടും ഇല്ലാത്ത  മനുഷ്യ ജീവിതങ്ങൾ സമൂഹത്തിൽ   ഇത്തൾകണ്ണികൾ പോലെ  നിലയുറപ്പിച്ചു.  

സൃഷ്ടാവാകുന്ന ദൈവത്തെ പുറകിൽ എറിഞ്ഞു കളഞ്ഞു മനുഷ്യൻ ദൈവനിഷേധികളായി, ഭയം ഇല്ലാത്തവരായി മാറുമ്പോൾ, നരകം സന്തോഷിക്കുന്നു, സ്വർഗ്ഗം ദുഃഖിക്കുന്നു.   കലാലയങ്ങൾ വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പാഠ പദ്ധതികൾക്ക് രൂപം കൊടുക്കുകയും,  അശ്ലീല പ്രവർത്തികൾക്ക് പ്രോത്സാഹനം നൽകുകയും, ചെയ്തുകൊണ്ട് ഒരു തലമുറയെ വാർത്തെടുക്കുകയാണ്.  സത്താന്റെ പ്രവണതകളും, പ്രവർത്തികളും ദേശത്ത് നടമാടുമ്പോൾ ഓർത്തു കൊള്ളണം ഇത് അധപതനത്തിലേക്കുള്ള കേളികൊട്ടാണ് .  

വ്യാജ വർത്തമാനങ്ങളും, വ്യാജ കേസുകളും,  സമൂഹത്തിൽ പരത്തുന്ന വ്യാജന്മാർ ദേശത്ത്  വിള്ളൽ സൃഷ്ടിക്കുകയാണ്.  ഇങ്ങനെയുള്ള രാഷ്ട്രീയ നേതാക്കന്മാരെയും, അനുയായികളെയും, മാധ്യമങ്ങളെയും തിരിച്ചറിയണം.  നിയമം പാലിക്കുകയും,  വിയർപ്പോടെ ജോലി ചെയ്യുകയും, കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്ന മനുഷ്യ ജീവിതങ്ങൾക്ക് വില കൊടുക്കാതെ,  കൊള്ളയും,  കൊള്ളത്തരങ്ങളും,  അക്രമവും,  അനീതിയും പിടിച്ചുപറിയും,  തൊഴിലാക്കിയ സമൂഹത്തെ കരങ്ങൾ നീട്ടി ആശ്ലേഷിക്കുകയും,  അവർക്ക് വേണ്ടി ചെണ്ട അടിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും അതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരങ്ങളും ദേശത്തിനും ശാപമാണ്.

 ലോകത്തിലുള്ള സകല രാജ്യങ്ങളിലും വെച്ച് ഏറ്റവും അനുഗ്രഹീതമായ ഒരു നല്ല രാജ്യമാണ് അമേരിക്ക.  കറുത്തവനും, വെളുത്തവനും,  മതമുള്ളവനും,  ഇല്ലാത്തവനും അങ്ങനെ പതിനായിരങ്ങൾ,  ലോകത്തിൻറെ എല്ലാ കോണിൽ നിന്നും ഈ മണ്ണിൽ  ഒഴുകിയെത്തി.  അങ്ങനെയുള്ളവരെ രണ്ട് കൈയും നീട്ടി ഈ രാജ്യം സ്വീകരിച്ചു.  കൂടു  വെക്കുവാൻ ഇടം ഒരുക്കി കൊടുത്തു.   ഇതൊരു സ്വപ്നഭൂമിയായി മാറുവാൻ കാരണമെന്ത്?   കാരണം  മറ്റൊന്നുമല്ല?  സുവിശേഷത്തിന്റെ ഒരു നാളം ഈ ദേശത്ത് കത്തിയിരുന്നു.   ദൈവത്തിൻറെ ജനമായ ഇസ്രയേലിനെ അമേരിക്ക എന്നും ചേർത്തുപിടിച്ചു.   ഇത് കണ്ട് സാത്താന്റെ ലോകം ഇളകി മറിഞ്ഞു.   ഈ രാജ്യത്തെ ഒരു നരകലോകമായി മാറ്റുവാനും,  ഭിന്നതയും,  വർഗീയതയും വളർത്തുവാനും  അധോലോക മാഫിയമാർ കറുത്ത  പണംകൊണ്ട് കിണഞ്ഞ് പരിശ്രമിക്കുകയാണ്.   കണ്ടില്ലെന്നു നമുക്ക് നടിക്കുവാൻ കഴിയില്ല! 

മഹാസമുദ്രം തിര തള്ളുന്നത് പോലെ മാലിന്യങ്ങളുടെ കൂമ്പാരം രാജ്യത്ത് ഇവരുടെ പ്രവർത്തികളിലൂടെ കുമിഞ്ഞു കൂടുകയാണ്.   ഇരുട്ടിൻറെ പ്രവർത്തികളും,  ദൈവനിഷേധികളും ദേശത്ത് നടമാടുകയും, രാജ്യത്തിൻറെ സംസ്കാരത്തിനും,  മൂല്യതയ്ക്കുമെതിരെ നശീകരണത്തിന്റെ  വക്താക്കളായി  വെമ്പൽ കൊള്ളുകയും ചെയ്യുന്ന കറുത്ത മനസ്സുകളെ   തിരിച്ചറിയണം.  

ഇന്ത്യയുടെ മണ്ണിൽ,  സാക്ഷരത തുളുമ്പി നിൽക്കുന്ന കേരളത്തിൽ  മനുഷ്യ ജീവിതങ്ങൾക്ക് അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളുടെ വിലപോലും കൽപ്പിക്കാത്ത ഇടമായി മാറിക്കൊണ്ടിരിക്കുന്നത് നമുക്കൊരു ദൃഷ്ടാന്തം അല്ലയോ?  അപകടത്തിൽപ്പെട്ട ദാരുണമായി മുറിവേറ്റ് വഴിയിൽ കിടക്കുന്നവരുടെ അരികിൽ നിന്ന് സെൽഫിയെടുത്ത് ലൈവ് പോസ്റ്റ് ചെയ്തു സന്തോഷിക്കുന്ന മനുഷ്യത്വം മരവിച്ച അധർമ്മികൾ കയ്യടക്കിയ കേരളം.  ആതുരാലയങ്ങൾ ബ്ലേഡ് ബാങ്കുകൾക്ക് തുല്യമായി മനുഷ്യ സമ്പാദ്യങ്ങൾ ഊറ്റി കുടിച്ച് ചണ്ടി പോലെ  മനുഷ്യ ജീവിതത്തെ പുറത്തെറിയുന്നു.  ഇതെല്ലാം ഒരു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.  എന്നാൽ അമേരിക്കയുടെ മണ്ണിൽ ഒരു ചില്ലി കാശുപോലും മുടക്കാതെ,  ഒരു രൂപ പോലും നികുതിയും കൊടുക്കാതെ ഉന്നതമായ ചികിത്സകളും, ആനുകൂല്യങ്ങളും ഊറ്റി കുടിച്ചുകൊണ്ട് അമേരിക്കയെ വെറുക്കുന്ന, അപമാനിക്കുന്ന ജീവിതങ്ങൾ  ദേശത്തിന് ശാപമാണ്.  അമേരിക്കയെ പള്ളും, പരാതിയും  പറഞ്ഞുകൊണ്ട്  വാരിക്കെട്ടി നാട്ടിൽ പോയി, ആറുമാസം കഴിഞ്ഞ് അവിടുത്തെ ചൂടും, ഗതാഗതക്കുരുക്കും,  കുടിവെള്ളമില്ലാത്ത അവസ്ഥയും, ആശുപത്രി ചിലവും ഭയന്ന്, വിറളി പിടിച്ച് മടങ്ങിവരുന്ന ജീവിതങ്ങൾ എത്രയധികം.  

രാജ്യം നൽകുന്ന നന്മയും,  സ്വാതന്ത്ര്യവും തിരിച്ചറിയാതെ വണ്ണം,  നിരന്തരം രാജ്യത്തെ അപമാനിക്കുന്ന പ്രവർത്തികൾ ചെയ്യുന്ന വ്യക്തിത്വങ്ങൾ നിശ്ചയമായും മടങ്ങി പോകണം.  സമാധാനത്തെയും,  സുരക്ഷയെയും തല്ലിക്കൊടുത്തുവാൻ അരമുറുക്കി ഇറങ്ങിയ കിങ്കര വർഗ്ഗത്തെ  രാജ്യം മറക്കരുത്.   അവരെ പുറത്താക്കുക തന്നെ വേണം.    വന്നു പാർക്കുന്ന രാജ്യത്തെ ശപിക്കുകയും, രാജ്യത്തിനെതിരെ  കുട പിടിക്കുകയും ചെയ്യുന്നവർ ഓർക്കണം നിങ്ങളും,  നിങ്ങളുടെ പിതാക്കന്മാരും ജീവിച്ച  രാജ്യം എങ്ങനെയായിരുന്നു എന്നുള്ളത്?   എത്രയോ ആയിരങ്ങളെ പതിനായിരങ്ങളെ പടുകുഴിയിൽ നിന്ന് ഉയർത്തിയ ഒരു നല്ല രാജ്യമല്ലയോ അമേരിക്ക.  കേരളത്തിൻറെ മണ്ണിലും,  ലോകത്തിന്റെ എല്ലാ മുക്കിലും,  മൂലയിലും അമേരിക്കൻ ഡോളർ ഒഴുകിയെത്തി അതിൻറെ നന്മകൾ അനുഭവിച്ചവർക്ക് എങ്ങനെ ഈ രാജ്യത്തെ മറക്കുവാൻ കഴിയും.   അന്നും,  ഇന്നും  ഏതു ശത്രു രാജ്യത്തും  ഒരു ദുരന്തം സംഭവിച്ചാൽ മറ്റൊന്നും  ഓർക്കാതെ ആദ്യം സഹായത്തിന്റെ ഹസ്തവുമായി ഓടിയെത്തുന്നത് അമേരിക്കയാണ്.  ഈ രാജ്യത്തെ ചിന്നഭിന്നമാക്കുവാൻ വർഗീയശക്തികളും,  രാഷ്ട്രീയ പ്രവർത്തകരും   അരയും,  തലയും മുറുക്കി ഒരു യുവതലമുറയെ വാർത്തെടുക്കുകയാണ്  നാം  ഇത് തിരിച്ചറിയണം.  സൃഷ്ടാവാകുന്ന ദൈവത്തിങ്കലേക്ക് ജനം തിരിച്ചു വരണം .   ഇരുട്ടിൽ ഒരു വെളിച്ചമായി നാം പ്രകാശിക്കണം.   അക്രമങ്ങളും,   അറപ്പുളവാക്കുന്ന പാപങ്ങളും ദേശം കയ്യടക്കുമ്പോൾ കണ്ടില്ലെന്ന് നടിച്ച് ഇതെനിക്ക് ബാധകമല്ലെന്ന് പറഞ്ഞു ഇരിക്കുന്നവർ നട്ടുച്ചയ്ക്ക് കണ്ണടച്ചിരുന്നു പാലു കുടിക്കുന്ന പൂച്ചയ്ക്ക് തുല്യമാണ്.   ചുറ്റും അസ്സന്മാർഗികതയുടെ കാട്ടുതീ കത്തി പടരുകയാണ്.   തല്ലി കെടുത്തേണ്ടവർ മാളത്തിൽ ഒളിച്ചാൽ,  ഒടുവിൽ രക്ഷപ്പെടുവാൻ മാർഗ്ഗമില്ലാതെ വെന്തുപോകും.  മനുഷ്യമനസ്സുകളെ മരവിപ്പിക്കുന്ന പ്രവർത്തികൾ ആര് സമൂഹത്തിൽ ചെയ്താലും അതിനെ പുച്ഛിച്ചു പുറന്തള്ളണം.  മാന്യതയ്ക്കും,  സാമൂഹികതയ്ക്കും വില കൽപ്പിക്കാതെ സമ്പത്തിനുവേണ്ടി നെട്ടോട്ടമോടുന്നു  സമൂഹം ചിന്തിക്കണം നാം പടുത്തുയർത്തുന്ന കൊട്ടാരങ്ങൾ ചിട്ടു കൊട്ടാരമാണ്.   അടിസ്ഥാനം ഇളകിക്കൊണ്ടിരിക്കുന്നു. സ്വവർഗരതിയും,  ആൺ പെൺ ജെൻഡർ മാറ്റവും ദൈവം വെറുക്കുന്ന പാപമാണ്.    ഒരു തലമുറ ഇത് നിമിത്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഈ  അവബോധം തിരിച്ചറിഞ്ഞ് എഴുന്നേൽക്കേണ്ടത് ആവശ്യമത്രെ.   ദേശം മടങ്ങി വരട്ടെ!  സത്യം തിരിച്ചറിയട്ടെ!  കാലത്തിൻറെ കുത്തൊഴുക്കിൽ മൂല്യതയും യാഥാർത്ഥ്യങ്ങളും ചേർത്തു പിടിക്കാം.   തലമുറകൾക്ക് അത് കൈമാറാം.  സൃഷ്ടാവാം ദൈവത്തിങ്കലേക്ക് നമുക്ക് മടങ്ങിച്ചെല്ലാം.  രാജ്യസ്നേഹികൾ പുറത്തു വരട്ടെ.  

പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.