ചുവപ്പുകോട്ടയിൽ കോൺഗ്രസ് പിന്തുണയോടെ ആദ്യ അട്ടിമറി
കേരളം ഉറ്റുനോക്കിയ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് വി. കുഞ്ഞികൃഷ്ണന് മിന്നും വിജയം. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുൻ സിപിഎം ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ 7,487 വോട്ടിന്റെ നിർണ്ണായക ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കണ്ണൂരിലെ ഏറ്റവും സുരക്ഷിതമായ ഇടതുപക്ഷ കോട്ടകളിലൊന്നിലാണ് ഇതോടെ വിള്ളൽ വീണിരിക്കുന്നത്. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ടി.ഐ മധുസൂദനൻ പയ്യന്നൂരിൽ നിന്ന് വിജയിച്ചത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം നഷ്ടപ്പെട്ടത് മാത്രമല്ല, സിറ്റിംഗ് എംഎൽഎ പരാജയപ്പെടുകയും ചെയ്തു. സിപിഎം പാർട്ടി ഫണ്ട് വിവാദത്തെത്തുടർന്ന് പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണൻ, വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധുസൂദനനെ പിന്നിലാക്കി മുന്നേറുകയായിരുന്നു.
വർഷങ്ങളായി എൽഡിഎഫ് മാത്രം വിജയിച്ചുപോന്ന മണ്ഡലത്തിൽ ഉണ്ടായ ഈ മാറ്റം സിപിഎം സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. പയ്യന്നൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും വി. കുഞ്ഞികൃഷ്ണൻ മികച്ച വോട്ടുകൾ സമാഹരിച്ചു.

