പാലക്കാട് ജില്ലയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് വിദ്യാർത്ഥി പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന്, ഇത് വാർത്തയാകുകയും ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ, പ്രിൻസിപ്പൽ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
സംഭവത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് തേടി. വീഡിയോ പുറത്തുവന്നതിൽ ഉൾപ്പടെയാണ് വിശദീകരണം തേടിയത്. വീഡിയോ പുറത്ത് വന്നത് എങ്ങനെയെന്ന് ബാലാവകാശ കമ്മീഷനും പരിശോധിക്കും.
വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തെറ്റാണെന്ന രീതിയിൽ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് റിപ്പോർട്ട് തേടിയത്. എന്തിനാണ് വീഡിയോ ചിത്രീകരിച്ചത്, ആരാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് എന്ന ചോദ്യങ്ങൾക്ക് സ്കൂൾ അധ്യാപകർ മറുപടി നൽകേണ്ടിവരും. ഫ്രെബുവരി ആറിന് സ്കൂളിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തും.
മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് അധ്യാപകർക്കുനേരെ പ്ലസ് വൺ വിദ്യാർത്ഥി കൊലവിളി നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രധാന അധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അധ്യാപകർ ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു.
ഫോൺ വാങ്ങിയതിൽ വിദ്യാർത്ഥി അധ്യാപകനുമായി പ്രശ്നമുണ്ടാക്കി. തുടർന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേക്കു വിളിപ്പിച്ചത്. അവിടെ വച്ചാണ് വിദ്യാർത്ഥി അധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണിയുയർത്തിയത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥി പ്രധാനാധ്യാപകനോട് പറഞ്ഞത്. അധ്യാപകൻ മൊബൈൽ ഫോൺ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നായി ഭീഷണി. പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുകയെന്ന് അധ്യാപകൻ ചോദിച്ചതോടെയാണ് കൊന്നുകളയുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. തുടർന്ന് അധ്യാപകരും പിടിഎയും തൃത്താല പൊലീസിൽ പരാതി നൽകി.
അതേസമയം, അധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥി പറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോൺ വാങ്ങിവച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ തയാറാണെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.