കാണുവാൻ ചെന്നവർ കണ്ടില്ല
കുലദൈവത്തെ.
കണ്ടവർ, കരിങ്കൽപ്പാറയിൽ
മറ്റൊരു കല്ലായിരിക്കും ശിലാദൈവത്തെ.
കാഴ്ചയില്ലാത്ത കൽവിളക്കുകൾ,
ഉദരശൂന്യമായ കാണിക്കഭണ്ഡാരങ്ങൾ.
മഴ ധാരയർപ്പിക്കും ഓങ്കാരമൂർത്തി,
ദാഹിച്ചുവലയുന്ന ഓട്ടുകിണ്ടികൾ.
ഓവിനുള്ളിൽ മുറജപവുമായ് തവളകൾ,
കീറിപ്പാറുന്ന കൊടിക്കൂറയിൽ
നിറമറ്റൊരു ചിത്രപതംഗം.
വരണ്ടുണങ്ങിയ തുളസിക്കതിരുകൾ,
സ്മൃതികൾ പൊഴിച്ചുനിൽക്കും
കിഴവൻ ആൽമരം.
അന്നദാനപ്രഭുവിൻ മുന്നിൽ
അന്നമില്ലാത്ത ഉരുളികൾ.
കൊടിയ വിഷപ്പുകയിലാരതി,
കൊലനടത്തിയവന്റെ കൂട്ടനമസ്കാരങ്ങൾ.
വാക്ക് മുളയ്ക്കാത്ത പൈതലിൻ
ബാലശാപങ്ങൾ ശംഖൊലിയായി.
അധർമ്മങ്ങൾ മണിമുഴക്കവേ,
പടിയിറങ്ങിപ്പോയ ദേവചൈതന്യം.

കെ.എസ് ജയലക്ഷ്മി ഏറ്റുമാനൂർ

