കേന്ദ്ര മന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതോടെ ചങ്കിടിക്കുന്നത് ഇപ്പോൾ ബി.ജെ.പിക്ക് മാത്രമല്ല, കോൺഗ്രസ്സിനു കൂടിയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയിയ കോൺഗ്രസ്സ് തുടങ്ങി വച്ച് വിജയം കാണേണ്ടിയിരുന്ന ഒരു സമരത്തെയാണ് കോക്രോച്ച് ജനതാ പാർട്ടിയിലൂടെ ജെൻസികൾ ഹൈജാക്ക് ചെയ്തിരിക്കുന്നത്. ഈ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ നൽകി കോൺഗ്രസ്സ് ശക്തമായി ഒടുവിൽ രംഗത്തിറങ്ങിയെങ്കിലും സർക്കാർ ഭയന്നത് പാറ്റകളെയാണ് എന്നതാണ് യാഥാർഥ്യം. ഒറ്റപ്പെട്ടു പോകും എന്ന ഘട്ടത്തിലാണ് കോൺഗ്രസ്സ് ഈ സമരരംഗത്ത് സജീവമായിരുന്നത്.
എങ്കിലും, കോക്രോച്ച് ജനതാ പാർട്ടിക്ക് പൂർണ്ണ പിന്തുണ നൽകി തുടക്കം മുതൽ ഒപ്പം നിന്നത് ഇടതുപക്ഷ സംഘടനകൾ ആയിരുന്നു എന്നതും എടുത്ത് പറയാതിരിക്കാൻ കഴിയുകയില്ല. സമരം നയിച്ച് പരിചയമില്ലാത്ത സിജെപി നേതൃത്വത്തിന് ആവശ്യമായ നിർദ്ദേശം നൽകിയത് തന്നെ ഇടതുപക്ഷ നേതാക്കളാണ്. സി.പി.എം ജനറൽ സെക്രട്ടറിയും എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളും മറ്റ് ഇടതു സംഘടനകളും സമരവേദിയായ ജന്തർ മന്ദറിൽ തമ്പടിച്ചതാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ കണ്ണ് തുറപ്പിച്ചിരുന്നത്. ഇനിയും സമരത്തിന് ഇറങ്ങിയില്ലങ്കിൽ, പ്രധാന പ്രതിപക്ഷ പാർട്ടി എന്ന നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും കോൺഗ്രസ്സ് ഭയന്നിരുന്നു. പാറ്റകൾ തെരുവിൽ അടി വാങ്ങുമ്പോൾ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ പ്രധാനന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ നിർബന്ധിക്കപ്പെട്ടതും അതു കൊണ്ടാണ്.
സമര നായകനായ സോനം വാങ് ചുകിനെ അനുനയിപ്പിച്ച് നിരാഹാരം അവസാനിപ്പിച്ചതോടെ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തുടങ്ങിയ സമരം അവസാനിപ്പിച്ച് സമരക്കാർ മടങ്ങുമെന്നാണ് സർക്കാർ കരുതിയിരുന്നത്. എന്നാൽ അവിടെയാണ് മോദി സർക്കാറിന് തെറ്റ് പറ്റിയത്. സോനം വാങ് ചുക് നിരാഹാരം നിർത്തിയിട്ടും, പ്രധാനമന്ത്രി രണ്ട് വീഡിയോ പുറത്തിറക്കിയിട്ടും, പ്രക്ഷോഭകർ പിൻമാറാൻ തയ്യാറായിരുന്നില്ല. കൂടുതൽ ശക്തമായി സമരം തുടരുമെന്നാണ് അവർ പ്രഖാപിച്ചത്. സമരത്തിൽ അണി ചേരാൻ, കേരളം, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, ത്രിപുര, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ട്രെയിനുകൾ ബുക്ക് ചെയ്ത് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും ഇതിനിടെ ഡൽഹിയിലേക്ക് തിരിച്ചിരുന്നു. മറ്റ് പല സംഘടനകളും സമാനമായി പ്രവർത്തകരെ ഡൽഹിയിൽ എത്തിക്കാൻ വലിയ ഇടപെടലാണ് നടത്തി വന്നിരുന്നത്.
ഇതോടെ രാജ്യ തലസ്ഥാനം മാത്രമല്ല, രാജ്യം തന്നെ പ്രക്ഷോഭ കൊടുംകാറ്റിൽ അടി ഉലയും എന്ന മുന്നറിയിപ്പ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര സർക്കാരിന് നൽകുകയുണ്ടായി. പ്രക്ഷോഭകാരികളുടെ ഇടയിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറി കുഴപ്പം സൃഷ്ടിക്കുന്നു എന്ന റിപ്പോർട്ട് കൂടി ലഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പോക്ക് അപകടത്തിലേക്കാണ് എന്ന് മനസ്സിലായി.
യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എത്രയും പെട്ടന്ന് പ്രക്ഷോഭം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവ് ആഭ്യന്തര മന്ത്രി അമിത് ഷയ്ക്കും ഉണ്ടായി. ഡൽഹിയിലെ പ്രക്ഷോഭം നിയന്ത്രിക്കുന്നതിൽ പൊലീസ് വലിയ പരാജയമായത്, ആഭ്യന്തര മന്ത്രി എന്ന നിലയിൽ അമിത് ഷായ്ക്ക് ഏറ്റ പ്രഹരം കൂടിയാണ്. എന്തിൻ്റെ പേരിൽ തുടങ്ങിയ സമരമായാലും, അത് അവസാനിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി അല്ലാതെ മറ്റൊരു ഓപ്ഷൻ സർക്കാറിന് മുന്നിൽ ഇല്ലായിരുന്നു. അതല്ലായിരുന്നു എങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ മോദിയുടെയും രാജി പോലും പ്രക്ഷോഭകർ ആവശ്യപ്പെടുമായിരുന്നു എന്നതും ഒരു വസ്തുതയാണ്.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജീവയ്ക്കണം എന്ന ആവശ്യത്തിൽ, ഒരു വിട്ടുവീഴ്ചക്കും ക്രോക്രോച്ച് ജനതപാർട്ടി എന്ന സിജെപി തയ്യാറായാകാതെ വന്നതോടെ, ആർഎസ്എസ് നേതൃത്വം കൂടി ഇടപെട്ടാണ് ഇപ്പോൾ മന്ത്രിയെ രാജിവയ്പ്പിച്ചിരിക്കുന്നത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിൻ്റെ പ്രതികരണവും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി തീരുമാനത്തിൻ്റെ വേഗത കൂട്ടാൻ കാരണമായിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരമടക്കം, ഇതിനേക്കാൾ തീവ്രമായ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാത്ത ഭരണകൂടത്തെയാണ് പാറ്റകൾ കൂട്ടമായി വന്ന് മുട്ടുകുത്തിച്ചിരിക്കുന്നത്.
ഡൽഹിയിൽ ആരംഭിച്ച സമരം വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്ന് പിടിച്ചതും, അക്രമാസക്തമാകുന്നത് തടയാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതും കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയ മറ്റൊരു കാരണമാണ്. സംഘപരിവാറിനെ പിന്തുണച്ച ജനവിഭാഗങ്ങളുടെ പിന്തുണ കൂടി ആർജിക്കാൻ സിജെപിക്ക് കഴിഞ്ഞതും, ബി.ജെ.പി – ആർഎസ്എസ് നേതൃത്വങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.
ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുള്ള വിയോജിപ്പ് എന്നിവയ്ക്കെതിരെ ഉയർന്നുവന്ന കൂട്ടായ്മയായി കോക്രോച്ച് ജനതാ പാർട്ടി ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന അഭിജീത് ദിപ്കെയാണ് ഈ പാർട്ടിയുടെ സ്ഥാപകൻ. 2026 മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ പാറ്റ പരാമർശത്തിൻ പ്രകോപിതനായാണ് അഭിജീത് ദിപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആശയവുമായി രംഗത്തെത്തിയിരുന്നത്
അതിപ്പോൾ രാജ്യത്തെ ഒരു കാബിനറ്റ് മന്ത്രിയെ രാജിവയ്പ്പിക്കാൻ ശേഷിയുള്ള കരുത്തായി മാറിക്കഴിഞ്ഞു. ഇനി ഇതൊരു രാഷ്ട്രീയ സംവിധാനമായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്. ക്രോക്രോച്ച് ജനതപാർട്ടിയെ ഒരു പ്രതിപക്ഷ രാഷ്ട്രീയ സംവിധാനത്തിൻ കീഴിൽ കൊണ്ടു വരണമെന്നാണ് ഇടതുപാർട്ടികൾ ആഗ്രഹിക്കുന്നത്. ഇന്ത്യാമുന്നണിയിലെ കോൺഗ്രസ്സ് ഒഴികെയുള്ള പാർട്ടികൾക്കും സമാന നിലപാടാണ് ഉള്ളത്. കോൺഗ്രസ്സിന് ബിജെപിക്ക് ബദൽ ആകാൻ കഴിയില്ലന്ന് വാദിക്കുന്ന ഈ വിഭാഗത്തിൻ്റെ പുതിയ കരുനീക്കങ്ങൾ, സിജെപിയെ മുൻ നിർത്തിയാകുമ്പോൾ, പുതിയ ഒരു രാഷ്ടീയ മുന്നണി പിറക്കാനുള്ള സാധ്യതയും കൂടുതലാണ്.അതാകട്ടെ, ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നതും ഉറപ്പാണ്.

