PRAVASI

ശക്തനായ ജനനേതാവ്

Blog Image

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ കരുത്തുറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും വ്യക്തതയോടെ നിലപാടുകളിൽ ഉറച്ച് നിന്ന് പ്രവർത്തിക്കുകയും ചെയ്ത ശക്തനായ ജനനേതാവായിരുന്നു അദ്ദേഹം . അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ അടിയുറച്ചു നിന്നിരുന്ന രാഷ്ട്രീയ നേതാവായിരുന്നു സഖാവ് വി എസ് .
ഭരണകാലഘട്ടത്തിൽ അഴിമതി രഹിതമായി എപ്പോഴും മുന്നോട്ട് പോകാൻ കഴിഞ്ഞത് ഏറ്റവും അഭിമാനകരമായി കാണാൻ കഴിയുന്ന വസ്തുതയാണ് .
2008-2009 കാലഘട്ടത്തിൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേതൃത്വം നൽകിയ സംസ്ഥാന മന്ത്രിസഭയിൽ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളത് പൊതുജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു കാലഘട്ടമായി ഞാനെപ്പോഴും കരുതുന്നു. പൊതുമരാമത്ത് വകുപ്പിനെ അഴിമതിരഹിതമായി മുന്നോട്ട് കൊണ്ടു പോകാൻ ആ കാലഘട്ടത്തിൽ കഴിയുകയുണ്ടായി . കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും മുടങ്ങിപ്പോയ എല്ലാ റോഡ് നിർമ്മാണ പദ്ധതികളും പുനരാരംഭിക്കാൻ കഴിഞ്ഞതും മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ്റെ ആത്മാർത്ഥമായ സഹായ സഹകരണം കൊണ്ടാണെന്ന് അനുസ്മരിക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം തകർന്നു തരിപ്പണമായി കിടന്നിരുന്ന പൊതുമരാമത്ത് റോഡുകൾ സഞ്ചാര യോഗ്യമായ സ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരാൻ കഴിഞ്ഞത് പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി നൽകിയ വലിയ പിന്തുണയോട് കൂടിയാണ്.
തലസ്ഥാന നഗരിക്ക് അപമാനമായി വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന തിരുവനന്തപുരം സിറ്റി ഡെവലപ്മെൻ്റ് പ്രോജക്ട് പുനരാരംഭിക്കുന്നതിനുള്ള സുപ്രധാന നടപടികൾ ഈ കാലഘട്ടത്തിൽ കൈകൊണ്ടു. ബേക്കറി ജംഗ്ഷൻ മേൽപ്പാലവും തലസ്ഥാന നഗരിയുടെ പ്രധാനപ്പെട്ട എല്ലാ റോഡുകളും നിർമ്മാണം പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു.
കേരളത്തിൻ്റെ റോഡ് വികസന രംഗത്ത് കേന്ദ്ര സർക്കാർ സഹായം നൽകാതെ തർക്കവിഷയമായി തീർന്ന സ്റ്റേറ്റ് സപ്പോർട്ട് അഗ്രീമൻ്റ് വിഷയത്തിൽ പരിഹാരമുണ്ടാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ എടുത്ത പ്രായോഗിക നടപടികൾ സർക്കാരിൻ്റെ പിന്തുണ നൽകാൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ തയ്യാറായത് പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു.
അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിൻ്റെ കൂടി സഹകരണം കൂടി ലഭ്യമായത് കേന്ദ്രസർക്കാരുമായി റോഡ് കാര്യത്തിൽ നിന്നിരുന്ന തർക്ക വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞു. ഇതേ തുടർന്ന് അന്നത്തെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ടി ആര്‍ ബാലുവിന്റെയും കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി യുടെയും സാന്നിധ്യത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെ പ്രധാനപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ വച്ച് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെൻ്റിൽ കേരള സർക്കാർ ഒപ്പുവയ്ക്കുന്ന സാഹചര്യമുണ്ടായി ഇതേ തുടർന്നാണ് കേരളത്തിൻറെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള മെഗാ പദ്ധതികൾക്ക് വർദ്ധിച്ച തോതിൽ കേന്ദ്ര ഫണ്ട് ലഭിക്കാൻ സാഹചര്യം ഉണ്ടായതെന്നും അനുസ്മരിക്കുന്നു കേരളത്തിൻറെ പൊതുമരാമത്ത് നിർമ്മാണ രംഗത്ത് മുടങ്ങിപ്പോയതും വിവിധ കമ്പനികൾ ഉപേക്ഷിച്ചു പോയതുമായ പ്രധാനപ്പെട്ട എല്ലാ പ്രോജക്ടുകളും പുനരാരംഭിക്കുവാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി തലത്തിൽ നടത്തിയ എല്ലാ പരിശ്രമങ്ങളും വിജയത്തിൽ എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ വലിയ സഹായമാണ് ലഭ്യമായത് ഇതിൻറെ ഭാഗമായിട്ടാണ് തിരുവനന്തപുരം-ചെങ്ങന്നൂർ എം സി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും തൃശ്ശൂർ-അങ്കമാലി ആറുവരിപ്പാതയുടെ നിർമ്മാണവും വൈറ്റില-അടൂർ ദേശീയപാതയുടെ മുടങ്ങിപ്പോയ നിർമ്മാണ പ്രവർത്തനങ്ങളും പുനരാരംഭിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് അനുസ്മരിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും പുതിയ റോഡ് വികസന പദ്ധതികളും റെയിൽവേ മേൽപ്പാലങ്ങൾ മുടങ്ങിപ്പോയ പാലം നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം നടപ്പാക്കുന്നതിനും മുഖ്യമന്ത്രിയുടെ എല്ലാവിധ പിന്തുണയും ലഭിച്ചത് വികസന പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ സഹായിച്ച മുഖ്യ ഘടകമാണ് .സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജ് വിജയകരമായി നടപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആവിഷ്കരിച്ച വിഷൻ 2010 പദ്ധതി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്ത് ഒരു വേറിട്ട അനുഭവമായിരുന്നു. എൽഡിഎഫ് - യുഡിഎഫ് വ്യത്യാസമില്ലാതെ എല്ലാ ജില്ലകളിലും 140 അസംബ്ലി മണ്ഡലങ്ങളിലും വികസന പദ്ധതികളുടെ പ്രയോജനം നേരിട്ട് എത്തിക്കാൻ കഴിഞ്ഞതിൽ മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകൾ വളരെ വലുതായിരുന്നു. 2008-2009 കാലഘട്ടം കേരളത്തിൻറെ ചരിത്രത്തിൽ വികസനോന്മുഖമാക്കി മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ തലത്തിലും വ്യക്തിപരമായും വിഎസ് അച്യുതാനന്ദൻ നൽകിയ സഹായസഹകരണങ്ങൾ കേരള ജനതയ്ക്ക് ഉപകാരപ്രദമായി എന്ന യാഥാർത്ഥ്യം അഭിമാനപൂർവ്വം അനുസ്മരിക്കുന്നു.അഭിവന്ദ്യനായ മുൻമുഖ്യമന്ത്രി ശ്രീ.വിഎസ് അച്യുതാനന്ദൻറെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികളർപ്പിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.